ഇത്രയും നാളായിട്ടും കേസിൽ ഒരു തുമ്പും കണ്ടെത്തിയിട്ടില്ല. ഈ സംഭവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കടക്കം കുടുംബം പരാതി നൽകിയിരുന്നു
പി.വി. അൻവറിൻ്റെ ആരോപണത്തിന് പിന്നാലെ എഡിജിപി അജിത് കുമാറിനെതിരെ മാമിയുടെ കുടുംബം രംഗത്തെത്തി. എഡിജിപി അജിത് കുമാർ ഉൾപ്പെടെയുള്ളവർ കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്നാണ് മാമിയുടെ കുടുംബം ആരോപിക്കുന്നത്. മാമിയുടെ തിരോധാനം ഇപ്പോഴും ദുരൂഹമായി തുടരുന്ന ഒന്നാണ്.
മാമിയെ കാണാതായിട്ട് ഏകദേശം ഒരു വർഷത്തോളമായി. എന്നാൽ അന്വേഷണം എങ്ങുമെത്തിയില്ല. അന്വേഷണത്തിൻ്റെ പല ഘട്ടത്തിലും അത് താൽക്കാലിതമായി നിർത്തിവെച്ചിരുന്നു. എഡിജിപി അജിത് കുമാറിൻ്റെ നേതൃത്വത്തിലായിരുന്നു ആദ്യം കേസ് അന്വേഷിച്ചിരുന്നത്. കേസുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കുന്നതിന് ഉന്നത ഉദ്യോഗസ്ഥർ ശ്രമിച്ചിരുന്നുവെന്നാണ് മാമിയുടെ കുടുംബം ഇപ്പോൾ ന്യൂസ് മലയാളത്തോട് പ്രതികരിച്ചത്.
മാമിയെ കാണാതായ കേസിൽ അജിത് കുമാറിനെ സംശയിക്കുന്നതായും മാമിയുടെ കുടുംബം വ്യക്തമാക്കി. ഇത്രയും നാളായിട്ടും കേസിൽ ഒരു തുമ്പും കണ്ടെത്തിയിട്ടില്ല. ഈ സംഭവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കടക്കം കുടുംബം പരാതി നൽകിയിരുന്നു. ഇതിന് ശേഷം കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നിട്ടും യാതൊരു തെളിവും ലഭിക്കാത്തത് അന്വേഷണ സംഘത്തിൻ്റെ വീഴ്ചയാണ് ചൂണ്ടിക്കാട്ടുന്നത്.
ALSO READ: ആരോപണം സിബിഐ അന്വേഷിക്കണം; മുഖ്യമന്ത്രിയുടേത് ഗുണ്ടാസംഘങ്ങൾ പോലും നാണിക്കുന്ന ഓഫീസ്: വി.ഡി. സതീശൻ
"എം.ആര്‍. അജിത് കുമാര്‍ ആളുകളെ കൊല്ലിച്ചിട്ടുണ്ട്. കൊലപാതകം നടത്തിച്ചിട്ടുണ്ട്. ഉത്തരവാദിത്വത്തോടെയാണ് പറയുന്നത്. വാദിയും പ്രതിയും നിങ്ങളുടെ മുന്നില്‍ വരും. അതൊക്കെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടിട്ടാണ്. അതിനുപുറമേ, മാമിയെന്ന് പറയുന്ന കോഴിക്കോട്ടത്തെ കച്ചവടക്കാരന്‍... ഒരു വര്‍ഷമായി കാണാതായിട്ട്. കൊണ്ടുപോയി കൊന്നു, കൊന്നതായിരിക്കും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കേസ് എവിടെയുമെത്തിയിട്ടില്ല. കേസ് അനങ്ങൂല്ല. അതും ഈ സംഘവുമായി ബന്ധപ്പെട്ട വേറൊരു വിഷയമാണ്," എന്നാണ് അന്‍വറിന്റെ വിവാദ വെളിപ്പെടുത്തല്‍. ഇതേ തുടർന്നാണ് മാമിയുടെ കുടുംബം ആരോപണവുമായി മുന്നോട്ടുവന്നത്.