വെടിയൊച്ച കേട്ട് വീട്ടുകാരും ആളുകളും ഓടിക്കൂടിയതോടെ പ്രതി ഓടി രക്ഷപ്പെട്ടിരുന്നു
സിഗരറ്റ് വാങ്ങാൻ പോകാൻ കഴിയില്ലെന്ന് പറഞ്ഞതിന് എട്ട് വയസുകാരന് നേരെ വെടിയുതിർത്തു. ബിഹാറിലെ മുങ്കർ ജില്ലയിലെ ഗോവിന്ദ്പൂർ ഗ്രാമത്തിൽ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവമുണ്ടായത്.
കടുത്ത തണുപ്പിൽ വീടിന് സമീപം ചൂട് കായുകയായിരുന്ന കുട്ടിയോട് സിഗരറ്റ് വാങ്ങിക്കൊണ്ട് വരാൻ പ്രതി നിതീഷ് കുമാർ ആവശ്യപ്പെട്ടു. എന്നാൽ തണുപ്പായതിനാൽ സിഗരറ്റ് വാങ്ങാൻ പോകാൻ കഴിയില്ലെന്ന് കുട്ടി പറഞ്ഞു. ഇതിൽ പ്രകോപിതനായ പ്രതി നിതീഷ് കുമാർ പിസ്റ്റൾ ഉപയോഗിച്ച് കുട്ടിയുടെ നെറ്റിയിൽ വെടിയുതിർക്കുകയായിരുന്നു.
വെടിയൊച്ച കേട്ട് വീട്ടുകാരും ആളുകളും ഓടിക്കൂടിയതോടെ പ്രതി ഓടി രക്ഷപ്പെട്ടിരുന്നു. രക്തത്തിൽ കുളിച്ച് കിടക്കുന്ന കുട്ടിയെ ആദ്യം ധർഹര സാമൂഹികാരോഗ്യ കേന്ദ്രത്തിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മുൻഗർ സദർ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
നെറ്റിയിൽ മൂക്കിന് സമീപമാണ് വെടിയേറ്റത്. കുട്ടിയുടെ നില ഗുരുതരമാണ്. അടിയന്തരമായി വിദഗ്ധ ചികിത്സ ആവശ്യമാണെന്നും മുൻഗർ സദർ ആശുപത്രിയിലെ ഫിസിഷ്യൻ ഡോ.അനുരാഗ് പറഞ്ഞു. കുട്ടി അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണെന്നും ഡോക്ടർ വ്യക്തമാക്കി.
പ്രതി നിതീഷ് കുമാർ ക്രിമിനൽ പശ്ചാത്തലമുള്ള ആളാണെന്നും, മറ്റൊരു കേസിൽ ഇയാൾക്കായുള്ള തിരച്ചിൽ നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. പ്രതിക്കായി ഊർജിതമായ തിരച്ചിലാണ് നടക്കുന്നതെന്നും പൊലീസ് അറിയിച്ചു.