ഭർത്താവ് ഷാഫിയുടെ വീട്ടിൽ വെച്ചാണ് രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ചയുടൻ ഇയർ ഫോൺ കേബിൾ ഉപയോഗിച്ച് കഴുത്തു ഞെരിച്ചു കൊന്നത്. ശേഷം തുണിയിൽ പൊതിഞ്ഞു കട്ടിലിനടിയിൽ ഉപേക്ഷിച്ചു
കാസർഗോഡ് നേക്രജേ സ്വദേശി 24കാരി ഷാഹിന, ചേടേക്കൽ സ്വദേശിയായ ഭർത്താവ് ഷാഫിയുടെ വീട്ടിൽ വെച്ചാണ് രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ചയുടൻ ഇയർ ഫോൺ കേബിൾ ഉപയോഗിച്ച് കഴുത്തു ഞെരിച്ചു കൊന്നത്. ശേഷം തുണിയിൽ പൊതിഞ്ഞു കട്ടിലിനടിയിൽ ഉപേക്ഷിച്ചു.
2020 ഡിസംബർ 15, കാസർഗോഡ് ബദിയടുക്ക പൊലീസ് സ്റ്റേഷൻ, ക്രൈം നമ്പർ 699/2020, വകുപ്പ് 302
പെരിനാറ്റൽ സൈക്കോസിസിന്റെ തീവ്രനിമിഷങ്ങളിൽ കാര്യങ്ങൾ അവിടം കൊണ്ട് അവസാനിച്ചില്ല. പ്ലാസൻ്റ അഥവാ മറുപിള്ള വേർപ്പെടുത്താനറിയാത്ത ഷാഹിനയെ രക്തസ്രാവം നിലയ്ക്കാത്ത നിലയിൽ കണ്ടെത്തിയപ്പോൾ ഭർതൃവീട്ടുകാർ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ ആരംഭിച്ച ഗൈനക്കോളജിസ്റ്റിൻ്റെ "കുഞ്ഞെവിടെ?" എന്ന ചോദ്യത്തോടെയാണ് കാര്യങ്ങൾ പുറംലോകമറിയുന്നത്. അല്ല, ഷാഹിന 10 മാസം ഗർഭിണിയായിരുന്നു എന്ന വിവരം പോലും ഭർത്താവ് ഷാഫിയും വീട്ടുകാരും അപ്പോഴാണ് അറിയുന്നത് എന്നായിരുന്നു വാർത്തകൾ.
ബദിയടുക്ക പൊലീസ് ഭർത്താവിൻ്റേയും ബന്ധുക്കളുടെയും വാദം അങ്ങനെ തന്നെ വിശ്വസിച്ചെഴുതിപ്പിടിപ്പിച്ചു മാധ്യമങ്ങൾക്കും പകർന്നു. എറണാകുളത്തു ജോലി ചെയ്യുന്ന, മാസം തോറും വീട്ടിൽ വരുന്ന ഭർത്താവ് ഭാര്യ ഗർഭിണിയാണെന്ന് അറിഞ്ഞില്ല എന്നത് അവിശ്വസനീയമായി തുടർന്നു. വർഷങ്ങൾക്ക് ശേഷം ഷാഹിനയിൽ നിന്ന് തന്നെ സത്യമറിയാൻ ഏറെ പരിശ്രമിച്ചാണ് ക്യാമറയ്ക്ക് മുൻപിലെത്തിച്ചത്. അതെ, സത്യമെന്തായിരുന്നുവെന്ന് ഷാഹിന പറയും.
അമ്മയുടെ സമ്പൂർണ നിയന്ത്രണത്തിലുള്ള ഒരു മകൻ ഭാര്യയുടെ ഗർഭത്തെ പാടെ അവഗണിച്ചുവത്രേ. കാരണം ആദ്യത്തെ കുഞ്ഞിന് മൂന്നു മാസം മാത്രം ആയതേയുള്ളൂ. അതുകൊണ്ട് അമ്മയോട് വിവരം പറയാൻ ഭയന്ന് ഷാഫി മുങ്ങിയെന്ന് പറയുന്നതാവും കൂടുതൽ ചേരുക. കൊവിഡ് കാലം കൂടിയായതിനാൽ മാനസികമായി തകർന്ന ഷാഹിനയെ തേടി ആരോഗ്യ പ്രവർത്തകരും എത്തിയില്ല. ഇക്കാര്യങ്ങൾ ഒന്നും അന്ന് പൊലീസിനോട് പറഞ്ഞിരുന്നില്ലേ...
ഭർത്താവും ബന്ധുക്കളും ആവർത്തിച്ചു പറഞ്ഞത് നുണയാണെന്ന് അവിശ്വസിച്ച ബദിയടുക്ക പൊലീസിന് അന്വേഷണം പിഴച്ചോ? ചോദ്യം ഇന്നും ബാക്കിയാണ്. എങ്കിലും മാനുഷിക പരിഗണന നൽകി ഷാഹിനയെ തൽക്കാലം അറസ്റ്റ് ചെയ്യേണ്ടെന്ന് തീരുമാനിച്ചു പൊലീസ് മാറിനിന്നു. പക്ഷെ അപ്പോഴാണ് ഷാഫിയുടെ സുഹൃത്തും സിപിഎം ലോക്കൽ സെക്രട്ടറി കൂടിയായ ഹനീഫ് ചെർളടുക്കയുടെ നേതൃത്വത്തിൽ ഒരു ആക്ഷൻ കമ്മിറ്റി രൂപീകരിക്കുന്നത്.
സമരത്തെ തുടർന്ന് ഷാഹിനയെ അറസ്റ്റ് ചെയ്തു പൊലീസ് കണ്ണൂർ ജയിലിൽ അടച്ചു. ജയിലിൽ കഴിഞ്ഞതോടെ നിർബന്ധിത വിവാഹമോചനത്തിനും വിധേയയായി. കാരണം ഷാഫിയുടെ സഹോദരി പറയും.. എന്ത് കൊണ്ടാണ് ഷാഹിനയെ ഒരിക്കൽ പോലും കാണാതെ കേൾക്കാതെ ഇത്ര പെട്ടെന്നു ഒരു തീരുമാനത്തിൽ എത്തിയതെന്നറിയാൻ ഷാഫിയെ നാട്ടിലെത്തി നേരിൽ കണ്ടു. രണ്ടാം ഭാര്യ ഗർഭിണിയായതിനാൽ വീട്ടിലേക്ക് പോകാൻ പറ്റില്ലെന്ന് തീർത്തു പറഞ്ഞു.
ഷാഹിനയോടൊപ്പം കഴിയുന്ന ആദ്യ കുഞ്ഞിനെ നോക്കാനാണത്രെ ധൃതിപിടിച്ചു പുനർവിവാഹം ചെയ്തത്. എന്നിട്ടോ, വാഹനാപകടത്തിൽപെട്ട് കിടക്കുന്ന നാല് വയസുകാരൻ മകന് എല്ലാ മാസവും 500 രൂപ താൻ ചെലവിന് കൊടുക്കുന്നത് തന്നെ ധാരാളമാണെന്ന വിചിത്ര വാദവും നിരത്തി.
വാർത്തയുടെ മുഴുവൻ വിശദാംശങ്ങളും അറിയാൻ ന്യൂസ് മലയാളത്തിൻ്റെ ഈ വീഡിയോ സ്റ്റോറി കാണാം...