കുഞ്ഞ് ജനിച്ചിട്ടും അമ്മ മരിച്ചിട്ടും ഭർത്താവും കുടുംബവും വരാത്തതിലുള്ള തീവ്രനൊമ്പരം ആരോടും പങ്ക് വെക്കാനാകാതെ കിടന്നുരുകിയ ഒരു പകലിലാണ് ആ ദാരുണ സംഭവം നടന്നത്
കർണാടക ദേളിക്കട്ട സ്വദേശിയും ബിരുദധാരിയുമായ സുമംഗള കേരളത്തിലേക്ക് കല്യാണം കഴിച്ചെത്തുമ്പോൾ കർണാടക PWDയിൽ കരാർ ജീവനക്കാരിയായിരുന്നു. കാസർഗോഡ് ഉപ്പള സ്വദേശിയായ ഭർത്താവ് സത്യനാരായണ തന്റെ ഗർഭത്തിൽ സംശയം പ്രകടിപ്പിക്കാൻ തുടങ്ങിയതോടെ മൂന്നാം മാസത്തിൽ സഹികെട്ട സുമംഗള സ്വന്തം വീട്ടിലെത്തി. ഇതോടെ ഗർഭിണിയായ ഭാര്യ പിണങ്ങിപ്പോയെന്നും തിരിച്ചുവിളിച്ചു തരണമെന്നും മറ്റും ആവശ്യപ്പെട്ടു മഞ്ചേശ്വരം എസ്‌ഐയ്ക്കും കാസർഗോഡ് എസ്‌പിക്കും പരാതികൾ നൽകി. സംശയരോഗിയായിരുന്ന ഭർത്താവിന്റെ വീട്ടിൽ നിന്നും സുമംഗള പടിയിറങ്ങിയത് വലിയ ദുരന്തത്തിലേക്കാണ്.
തൻ്റെ കുഞ്ഞല്ലെന്ന് പ്രസവ ശേഷവും സംശയ രോഗം കടുപ്പിച്ച ഭർത്താവ് തിരിഞ്ഞു നോക്കിയില്ല. ഇതിനിടെ അമ്മയുടെ ആകസ്മിക മരണം. അതോടെ ആരുമില്ലാതായ സുമംഗള കേരള അതിർത്തിയിലുള്ള ചെറിയമ്മയുടെ സംരക്ഷണത്തിലായി. കുഞ്ഞിന് ഒന്നര മാസം. സുമംഗള രാത്രിയിൽ എണീറ്റ് നടക്കൽ പതിവായി. കുഞ്ഞ് ജനിച്ചിട്ടും അമ്മ മരിച്ചിട്ടും ഭർത്താവും കുടുംബവും വരാത്തതിലുള്ള തീവ്രനൊമ്പരം ആരോടും പങ്ക് വെക്കാനാകാതെ കിടന്നുരുകിയ ഒരു പകലിലാണ് ആ ദാരുണസംഭവം നടന്നത്.
2023 സെപ്റ്റംബർ 12, കാസർഗോഡ് മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ, FIR നമ്പർ - 826/23, വകുപ്പ് 302
കുറ്റം - സുമംഗള എന്ന യുവതി വീടിനകലെയുള്ള ആളൊഴിഞ്ഞ വയലിൽ കുഞ്ഞിനെ ഉപേക്ഷിച്ചു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.
കുഞ്ഞിനെ കൊന്നതിനു ശേഷമാണോ ഉപേക്ഷിച്ചത്? അല്ല, മഞ്ചേശ്വരം പൊലീസിൽ നിന്നും വ്യക്തത വരുത്തി. കുഞ്ഞ് മരണപ്പെട്ടത് പോസ്റ്റ്‌മാർട്ടം റിപ്പോർട്ട് പ്രകാരം വായിലും മൂക്കിലും ചെവിയിലും ചെളി നിറഞ്ഞത് കൊണ്ടായിരുന്നു.
പോസ്റ്റ്‌മോർട്ടത്തിനൊപ്പം ഭർത്താവിന്റെ സംശയം ദുരീകരിക്കാൻ ബന്ധുക്കളുടെ അവശ്യപ്രകാരം കുഞ്ഞിന്റെ DNA ടെസ്റ്റ് കൂടി നടത്തി. എന്നിട്ടു പോലും സത്യനാരായണ കുഞ്ഞിനെ ആദ്യത്തെയും അവസാനത്തെയും ഒരു നോക്ക് കാണാൻ എത്തിയില്ല. കാരണമറിയാൻ ഫോണിൽ വിളിച്ചു. ഗർഭിണി ആയിരുന്നപ്പോൾ വീട്ടിൽ പോയ ഭാര്യ തിരിച്ചുവരാത്തതാണ് പ്രധാന കാരണം
പെരിനാറ്റൽ സൈക്കോസിസിന്റെ ലക്ഷണങ്ങളാണ് ഓഡിറ്ററി ഹാലൂസിനേഷൻ, ഡെല്യൂഷൻ എന്നിവ. അത്തരത്തിലുള്ള ഒന്നെന്ന് അനുമാനിക്കാവുന്ന സംഭവത്തിലെ വാസ്തവമറിയാൻ സുമംഗളയെത്തേടി ഞങ്ങളെത്തിയത് കർണാടകയിലെ ഒരു മാനസികാരോഗ്യ കേന്ദ്രത്തിലായിരുന്നു. അടുത്തിടെ നടത്തിയ ആത്മഹത്യാ ശ്രമവും പരാജയപ്പെട്ടതിനെ തുടർന്നാണ് ഇവിടെ എത്തിയത്. പുറത്തിറങ്ങിയാൽ വീണ്ടും കാണാമെന്ന വാക്ക് നൽകി ഞങ്ങൾ പിരിഞ്ഞു.
ദിവസങ്ങൾക്കു ശേഷം വീണ്ടും കണ്ടുമുട്ടി. വിവരങ്ങൾ പങ്കുവെച്ചു. ദക്ഷിണ കാനറയിലെ കൊറഗജ്ജ എന്ന തെയ്യം സുമംഗളയുടെ ചെവിയിൽ വന്നു നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. അകലെ എവിടെയോ ഒരു വയലുണ്ടെന്നും അവിടെ ചെന്നു പൂർണ്ണനഗ്നയായി കുഞ്ഞിനെ ഉപേക്ഷിക്കണമെന്നും.... അതായിരുന്നു ശബ്ദനിർദേശം. അക്കാലം വരെ കണ്ടിട്ടില്ലാത്ത, ആ നാട്ടുകാരി പോലും അല്ലാത്ത സുമംഗള കേട്ട നിർദേശം അക്ഷരം പ്രതി പാലിച്ചു. റോഡിലൂടെ നടന്നു വയലിലെത്തി ഉടുത്തിരുന്ന ഉടുതുണിയൂരി കുഞ്ഞിനെ പൊതിഞ്ഞു ഉപേക്ഷിച്ചു. ഉച്ചവെയിലിൽ വയൽ വരമ്പിലൂടെ നടന്നു നടന്നു അകലെയുള്ള വീട്ടിൽ ചെന്നുകയറി.
കർണാടകയിൽ സ്ഥിര താമസക്കാരിയായ കേരളത്തിലേക്ക് കല്യാണം കഴിച്ചെത്തി മാനസികനില അവതാളത്തിലായി മടങ്ങിയ സുമംഗളയ്ക്ക് കേരള സർക്കാരിനോട് ഒരു അപേക്ഷയുണ്ട്... മുഴുവൻ അറിയാൻ ന്യൂസ് മലയാളത്തിൻ്റെ ഈ വീഡിയോ സ്റ്റോറി കാണാം...