തൊട്ട് താഴെ നിലത്തു കിടന്നിരുന്ന അമ്മ ഗിരിജ പാതിരാത്രിയിൽ മകളുടെ നിലവിളി കേട്ട് ഉണർന്നപ്പോഴാണ് കുഞ്ഞ് നഷ്ടപ്പെട്ടതറിഞ്ഞത്
ഒരു മാസം മാത്രം പ്രായമുള്ള തൻ്റെ കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്ന അമ്മയുടെ കഥയാണിത്. 2023 ഡിസംബർ 26നാണ് തിരുവനന്തപുരം പോത്തൻകോട് കല്ലൂർ സ്വദേശി സുരിതയുടെ 38 ദിവസം പ്രായമുള്ള രണ്ടാമത്തെ കുഞ്ഞിനെ കിണറ്റിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തി . നൂല് കെട്ടിന് രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് കുഞ്ഞ് കൊല്ലപ്പെട്ടത്.
2023 ഡിസംബർ 27, തിരുവനന്തപുരം പോത്തൻകോട് പൊലീസ് സ്റ്റേഷൻ, ക്രൈം നമ്പർ 2167/23, വകുപ്പ് 302
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ചു പ്രസവിച്ച സുരിത മൂത്ത കുട്ടിയേയും ചേർത്ത് പിടിച്ചാണ് രാത്രിയിൽ കിടന്നിരുന്നത്. തൊട്ട് താഴെ നിലത്തു കിടന്നിരുന്ന അമ്മ ഗിരിജ പാതിരാത്രിയിൽ മകളുടെ നിലവിളി കേട്ട് ഉണർന്നപ്പോഴാണ് കുഞ്ഞ് നഷ്ടപ്പെട്ടതറിഞ്ഞത്.
ഓടിക്കൂടിയ നാട്ടുകാർക്കൊപ്പം സുരിതയും ചേർന്ന് തെരച്ചിൽ നടത്തി. ഒടുവിൽ വീടിന് പുറകിലെ കിണറ്റിൻകരയിൽ കുഞ്ഞിനെ പൊതിഞ്ഞ ഒരു തുണിക്കഷ്ണം കണ്ടെത്തി. അപ്പോഴും സുരിതയ്ക്ക് ഓർമ്മയില്ലായിരുന്നു കുഞ്ഞു എങ്ങനെയാണ് കിണറ്റിൽ വീണതെന്ന്... പുലർച്ചെയോടെ പൊലീസ് സുരിതയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു അറസ്റ്റ് രേഖപ്പെടുത്തി അട്ടകുളങ്ങര ജയിലിൽ അടച്ചു.
പോത്തൻകോഡ് പണിമൂല സ്വദേശിയും പ്രവാസിയുമായ ഭർത്താവ് സജിയുമായുള്ള ദാമ്പത്യ, സാമ്പത്തിക പ്രശ്നങ്ങൾ ഉൾപ്പെടെ പൊലീസ് മുഖാന്തരം മാധ്യമങ്ങളിലൂടെ സുരിതയുടെ യഥാർഥ്യമൊഴിച്ചു പല കഥകളും പുറത്തു വന്നു. ജയിലിലെത്തിയപ്പോഴും മാനസികാരോഗ്യ നില മോശമായി തുടർന്ന സുരിതയെ ജയിലധികൃതർ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ചികിത്സ ഉറപ്പാക്കി.
ഗർഭിണികൾ, അമ്മമാർ കുഞ്ഞുങ്ങൾ എന്നിവരുടെ ആരോഗ്യനില വീട്ടിലെത്തി ഉറപ്പ് വരുത്തുന്ന ആരോഗ്യ വകുപ്പിന്റെ ഏറ്റവും താഴെത്തട്ടിലുള്ള പങ്കാളികളാണ് ആശ വർക്കർമാർ. എന്നാൽ സുരിതയുടെ അയൽവാസിയും കല്ലൂർ വാർഡിലെ ആശാ വർക്കറുമായ ഷജീനയ്ക്ക് സുരിതയിലെ അസുഖത്തെക്കുറിച്ച് യാതൊരു സൂചനയും ധാരണയുമില്ല. കാരണം പെരിനാറ്റൽ സൈക്കോസിസ് എന്താണെന്ന് അവർക്ക് ആരും ഇന്നേ വരെ ബോധവൽക്കരണം നൽകിയിട്ടില്ല എന്നതാണ് വാസ്തവം.
സുരിത സംഭവത്തിന് ശേഷം പോത്തൻകോഡ് പഞ്ചായത്തിലെ ആരോഗ്യ പ്രവർത്തനങ്ങൾ ഇപ്പോൾ ഊർജിതമാക്കിയിട്ടുണ്ട്. എന്നിരുന്നാലും നാട്ടുകാരുടെ മനോനിലയിൽ മാറ്റമുണ്ടാക്കാൻ ആർക്കും സാധിക്കുമെന്ന് തോന്നുന്നില്ല. സുരിത ഇക്കഴിഞ്ഞ മാസം ജാമ്യത്തിലിറങ്ങി വീട്ടിലെത്തി. മാനസികാരോഗ്യ ചികിത്സ തുടർന്ന് പോരുന്നു. എങ്കിലും യാഥാർഥ്യം അംഗീകരിച്ചിട്ടില്ലെന്ന് അച്ഛൻ പറയുന്നു.
മാനസികാരോഗ്യം വീണ്ടെടുത്താലും ഒരു പക്ഷേ കുഞ്ഞിൻ്റെ ഓർമകളെ എപ്പോഴും അഭിമുഖീകരിക്കേണ്ടി വരും. കാരണം സുരിതയുടെ വിശ്വാസ പ്രകാരം വീടിനുള്ളിലെ ഒരു കുഞ്ഞുമുറിയിലാണ് കുഞ്ഞിനെ മറവ് ചെയ്തിരിക്കുന്നത്. ആ മുറി മറ്റൊരു കാര്യത്തിനും ഉപയോഗിക്കാതെ അങ്ങനെ തുറന്നുകിടക്കും. ഒരു ദിവസം മാത്രം കണ്ടവരെപ്പോലും ആ കുഞ്ഞുറങ്ങുന്ന പച്ചമണ്ണു വല്ലാതെ അലോസരപ്പെടുത്തും. പിന്നെങ്ങനെയാകും സുരിതയിലെ അമ്മ, 38 ദിവസം മാത്രം കൂടെയുണ്ടായിരുന്ന ആ കുഞ്ഞോർമ്മകളെ ശിഷ്ടകാലം അതിജീവിക്കുക.
വാർത്തയുടെ മുഴുവൻ വിശദാംശങ്ങളും അറിയാൻ ന്യൂസ് മലയാളത്തിൻ്റെ ഈ വീഡിയോ സ്റ്റോറി കാണാം...