fbwpx
2024 ROUNDUP; ഇന്ത്യന്‍ സിനിമയെ ആഗോളതലത്തില്‍ ഉയര്‍ത്തിയ പെണ്‍കഥകള്‍

സ്വതന്ത്ര സ്ത്രീ സംവിധായകര്‍ക്ക് മികച്ച വര്‍ഷമായിരുന്നു 2024 എന്നും ഇതില്‍ നിന്ന് വ്യക്തമാണ്

2024 ROUNDUP


ആഗോള തലത്തില്‍ ഇന്ത്യന്‍ സിനിമ തലയെടുപ്പോടെ നിന്ന വര്‍ഷമായിരുന്നു 2024. അതിന് കാരണമായത് ഈ വര്‍ഷം പുറത്തിറങ്ങിയ വ്യത്യസ്ത പ്രമേയങ്ങള്‍ സംസാരിക്കുന്ന സിനിമകളാണ്. അതില്‍ മൂന്ന് സിനിമകള്‍ ആഗോള തലത്തില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ലാപത്താ ലേഡീസ്, ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, ഗേള്‍സ് വില്‍ ബി ഗേള്‍സ് എന്നിവയാണ് ആ സിനിമകള്‍. ഈ മൂന്ന് സിനിമകളും തമ്മില്‍ ചില സാമ്യങ്ങളുണ്ട്. സ്ത്രീകള്‍ സംവിധാനം ചെയ്ത് സ്ത്രീകള്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രങ്ങളാണ് ഇവ മൂന്നും. ഇത്തവണ ആഗോള പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തതും ഈ സിനിമകളെ കുറിച്ചാണ്. സ്വതന്ത്ര സ്ത്രീ സംവിധായകര്‍ക്ക് മികച്ച വര്‍ഷമായിരുന്നു 2024 എന്നും ഇതില്‍ നിന്ന് വ്യക്തമാണ്.

കിരണ്‍ റാവു, പായല്‍ കപാഡിയ, സുചി തലാട്ടി എന്നീ മൂന്ന് സംവിധായകര്‍ ഇന്ത്യയെ ആഗോള തലത്തില്‍ ഉയര്‍ത്തി കാട്ടിയിരിക്കുകയാണ്. അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും ചര്‍ച്ചയാവുകയും പുരസ്‌കാരം ലഭിക്കുകയും ചെയ്ത ചിത്രങ്ങളാണിവ. 'ലാപത്താ ലേഡീസ്' 48-ാമത് ടൊറണ്ടോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലാണ് ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത്. 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുകയും ഗ്രാന്റ് പ്രീ പുരസ്‌കാരം നേടുകയും ചെയ്തു. 'ഗേള്‍സ് വില്‍ ബി ഗേള്‍സ്' ആദ്യമായി പ്രദര്‍ശിപ്പിച്ചത് സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ ആയിരുന്നു. അവിടെ മത്സര വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പ്രീതി പനിഗ്രാഹിക്ക് അഭിനയത്തിനുള്ള ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചിരുന്നു.

ഈ മൂന്ന് സിനിമകളെയും അവ സംസാരിച്ച പ്രമേയത്തെയും കണക്കിലെടുത്താല്‍ ഈ വര്‍ഷം സ്ത്രീകളുടെ വര്‍ഷമായിരുന്നു എന്ന് തന്നെ പറയേണ്ടി വരും. അതിനാല്‍ തന്നെ ഇന്ത്യയ്ക്ക് എന്തുകൊണ്ടും അഭിമാനിക്കാവുന്ന വര്‍ഷമായി മാറിയിരിക്കുകയാണ് 2024. വിവിധ തരത്തിലുള്ള ജീവിത സാഹചര്യങ്ങളിലൂടെ കടന്ന് പോകുന്ന സ്ത്രീകളെ കുറിച്ചാണ് ഈ മൂന്ന് സിനിമകളും സംസാരിച്ചത്. ഇന്ത്യയില്‍ ഇതാദ്യമായല്ല സ്ത്രീ സംവിധായകര്‍ സിനിമ ചെയ്യുന്നത്. എന്നാല്‍ 2024ലേക്ക് വരുമ്പോള്‍ ഉള്ള വ്യത്യാസമെന്താണെന്നാല്‍, ഈ വര്‍ഷം സ്ത്രീകള്‍ക്ക് കൂടുതല്‍ ഇടവും ശ്രദ്ധയും ലഭിച്ചിട്ടുണ്ട് എന്നതാണ്.

സ്ത്രീകളുടെ കഥ പറഞ്ഞ് സ്വതന്ത്ര സംവിധായകര്‍ ആഗോള തലത്തില്‍ ചലനം സൃഷ്ടിച്ചിരിക്കുകയാണ്. ഇന്ത്യയിലെ സ്ത്രീകളുടെ ജീവിതവും അവരുടെ സ്വപ്‌നങ്ങളും അവകാശങ്ങളും എല്ലാം സംസാരിച്ച സിനിമകളായിരുന്നു ഇവ മൂന്നും.




ലാപത്താ ലേഡീസ്


കിരണ്‍ റാവു സംവിധാനം ചെയ്ത 'ലാപത്താ ലേഡീസ്' 2024 മാര്‍ച്ച് ഒന്നിനാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്. ഈ വര്‍ഷത്തെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടതും 'ലാപത്താ ലേഡീസ്' ആയിരുന്നു. ഫൈനല്‍ റണ്ണില്‍ ചിത്രം ഓസ്‌കാറില്‍ നിന്നും പുറത്തായിയെങ്കിലും ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ എന്നും 'ലാപത്താ ലേഡീസ്' ഈ പേരില്‍ രേഖപ്പെടുത്തപ്പെടും എന്നതില്‍ സംശയമില്ല.

2001 കാലഘട്ടത്തിലെ ഇന്ത്യന്‍ ഗ്രാമീണ ജീവിതത്തെ കുറിച്ചാണ് ചിത്രം പറഞ്ഞുവെക്കുന്നത്. ഇന്ത്യയിലെ ഗ്രാമങ്ങളിലെ സ്ത്രീകളുടെ ജീവിതം വരച്ചുകാട്ടിയ ചിത്രമാണിത്. ദീപക് എന്ന കര്‍ഷകന്‍ വിവാഹ ശേഷം തന്റെ ഭാര്യ ഫൂലുമായി ഗ്രാമത്തിലേക്ക് ട്രെയിനില്‍ മടങ്ങി പോവുകയായിരുന്നു. ട്രെയിനില്‍ വെച്ച് അറിയാതെ ദീപക്ക് മറ്റൊരു നവ വധുവിനെ തന്റെ ഭാര്യയാണെന്ന് കരുതി വീട്ടിലേക്ക് കൂട്ടികൊണ്ടു പോരുകയാണ് ചെയ്യുന്നത്. ഫൂലിന്റെയും ജയയുടെയും മുഖം വിവാഹം കഴിഞ്ഞതിനാല്‍ ഷോളുകൊണ്ട് മൂടിയിരിക്കുകയാണ്. അങ്ങനെയാണ് ദീപക്കിന് തന്റെ ഭാര്യയെ മാറി പോകുന്നത്. ഇവിടെ നിന്നാണ് സിനിമ തുടങ്ങുന്നത്.

സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചും സ്വപ്‌നങ്ങളെ കുറിച്ചുമെല്ലാം തുറന്ന് സംസാരിച്ച സിനിമയാണ് 'ലാപത്താ ലേഡീസ്'. സിനിമയില്‍ വിവിധ തരത്തിലുള്ള സ്ത്രീകളെ നമുക്ക് കാണാന്‍ സാധിക്കും. ഫൂല്‍ മുതല്‍ മഞ്ജു മായി വരെ നീണ്ടു നില്‍ക്കുന്നു ലാപത്താ ലേഡീസിലെ സ്ത്രീ കഥാപാത്രങ്ങള്‍. ഓരോരുത്തര്‍ക്കും അവരുടെതായ ജീവിത യാത്രയും പ്രശ്‌നങ്ങളും കഥയും ഉണ്ട്. സ്ത്രീ എന്നാല്‍ എല്ലാം ത്യജിച്ചും സഹിച്ചും ജീവിക്കേണ്ടവളാണെന്ന സമൂഹത്തിന്റെ പൊതുവായ ധാരണയെ കിരണ്‍ റാവു ലാപത്താ ലേഡീസിലൂടെ പൊളിച്ചെഴുതുകയാണ്. അവള്‍ക്കും സ്വപ്‌നങ്ങളും ആഗ്രഹങ്ങളും ഉണ്ടെന്നും അത് നടപ്പിലാക്കാന്‍ ഏതറ്റം വരെയും പോകാന്‍ അവര്‍ തയ്യാറാണെന്നും ലാപത്താ ലേഡീസ് പറഞ്ഞു വെക്കുന്നു.




ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്


പായല്‍ കപാഡിയ സംവിധാനം ചെയ്ത് കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രമാണ് 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്'. 2024 മെയ് 23ന് ചിത്രം ആദ്യമായി കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചു. പിന്നീട് ഉണ്ടായതെല്ലാം ചരിത്രമാണ്. ചിത്രം കാനില്‍ നിന്നും ഗ്രാന്‍ പ്രീ പുരസ്‌കാരം നേടി. അതിന് ശേഷം ചിത്രം ഇന്ത്യയില്‍ സെപ്റ്റംബറില്‍ ആണ് റിലീസ് ചെയ്തത്. രണ്ട് മലയാളി നഴ്‌സുമാരുടെ കഥ പറഞ്ഞ ചിത്രം മലയാളം, ഹിന്ദി, മറാഠി എന്നീ ഭാഷകളിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

മുംബൈ നഗരവും സ്വപ്‌നങ്ങളും സൗഹൃദങ്ങളുമാണ് സിനിമയുടെ പ്രധാന പ്രമേയം. ഒരിക്കലും ഉറങ്ങാത്ത നഗരം എന്ന് അറിയപ്പെടുന്ന മുംബൈയില്‍ ഒരു പിടി സ്വപ്‌നങ്ങളുമായി വന്നെത്തിയ മൂന്ന് സ്ത്രീകളുടെ കഥയാണ് ചിത്രം പറയുന്നത്. പ്രഭ, അനു എന്നിവരുടെ സൗഹൃദവും അവരുടെ ജീവിതവുമെല്ലാം 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' നമുക്ക് മുന്നിലേക്ക് എത്തിക്കുന്നുണ്ട്. മുംബൈ നഗരത്തിനുള്ള ഒരു കവിത പോലെയാണ് പായല്‍ ഈ സിനിമ ചെയ്തിരിക്കുന്നത്.

മുംബൈയിലെത്തിയതിന് ശേഷം ഉണ്ടാകുന്ന സംഘര്‍ഷങ്ങളും സ്വാതന്ത്ര്യം കണ്ടെത്തുന്നതും എല്ലാം 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി'ല്‍ പറഞ്ഞുവെച്ചിട്ടുണ്ട്. എങ്ങനെയാണ് സിനിമയിലെ മൂന്ന് സ്ത്രീ കഥാപാത്രങ്ങള്‍ അവരുടെ പ്രതീക്ഷകളിലൂടെയും സ്വപ്‌നങ്ങളിലൂടെയും പ്രശ്‌നങ്ങളിലൂടെയും വിശ്വാസങ്ങളലൂടെയും സഞ്ചരിക്കുന്നത് എന്നതാണ് 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്'.

പ്രണയത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തെ തിരിച്ചറിയാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് കനിയുടെ പ്രഭയെന്ന കഥാപാത്രം. എന്നാല്‍ അനു മുംബൈ നഗരം അവള്‍ക്ക് നല്‍കിയ സ്വാതന്ത്ര്യം ആഘോഷിച്ച് നടക്കുകയാണ്. പാര്‍വതി മുംബൈയിലെ അവളുടെ വീട് സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ്. മൂന്ന് സ്ത്രീകള്‍ക്കും അവരുടേതായ ജീവിതവും യാത്രയും ഉണ്ട്. അത് കൃത്യമായി തന്നെ പായല്‍ സിനിമയിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നുമുണ്ട്.





ഗേള്‍സ് വില്‍ ബി ഗേള്‍സ്


സുചി തലാട്ടി സംവിധാനം ചെയ്ത് 'ഗേള്‍സ് വില്‍ ബി ഗേള്‍സ്' സംസാരിക്കുന്നത് ഒരു കൗമാരക്കാരിയായ പെണ്‍കുട്ടിയെ കുറിച്ചാണ്. സുചി തലാട്ടി തന്റെ തന്നെ കൗമാരക്കാലത്തെ അനുഭവങ്ങള്‍ വെച്ചാണ് ഈ കഥ രചിച്ചിട്ടുള്ളത്. ഒരു കമിംഗ് ഓഫ് എയ്ജ് ഡ്രാമയായ ഈ ചിത്രം സുചി തലാട്ടിയുടെ ആദ്യത്തെ ഫീച്ചര്‍ സിനിമയാണ്. 2024 ജനുവരിയിലാണ് ചിത്രം ആദ്യമായി സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നത്. അതിന് ശേഷം ഡിസംബര്‍ 18ന് ചിത്രം ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിച്ചു. ഈ സിനിമയുടെ നിര്‍മാതാക്കളും അണിയറ പ്രവര്‍ത്തകരുമെല്ലാം സ്ത്രീകളാണെന്ന പ്രത്യേകതയും ഉണ്ട്. 45 ദിവസം കൊണ്ടാണ് 'ഗേള്‍സ് വില്‍ ബി ഗേള്‍സ്' ചിത്രീകരിച്ചത്. ചിത്രം ഡെഹ്‌റാഡൂണിലായിരുന്നു ഷൂട്ട് ചെയ്തത്. കനി കുസൃതി, പ്രീതി പനിഗ്രാഹി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.

16 വയസുകാരിയായ മീരയുടെ കഥയാണ് ചിത്രം പറയുന്നത്. കൗമാരക്കാരിയായ അവളുടെ പ്രണയവും ലൈംഗിക ഉണര്‍വിനെയമാണ് സിനിമയിലൂടെ സുചി പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. മീരയ്ക്ക് എല്ലാത്തിലും മികച്ചതായിരിക്കണം എന്നാണ് ആഗ്രഹം. അത് ലൈംഗിക ബന്ധത്തിലും അങ്ങനെ തന്നെയാണ്. മീരയുടെ ആദ്യ പ്രണയം മുതല്‍ സ്വയം കണ്ടെത്തുന്ന യാത്ര വരെയാണ് ചിത്രം പറഞ്ഞുവെക്കുന്നത്. മീരയെ പോലെ തന്നെ അവളുടെ അമ്മയും സിനിമയില്‍ പ്രധാനപ്പെട്ടതാണ്. അമ്മയും മകളും തമ്മിലുള്ള ബന്ധത്തെ കുറിച്ചും ചിത്രം സംസാരിക്കുന്നുണ്ട്.

KERALA
വെള്ളാപ്പള്ളിക്ക് അഭിപ്രായം പറയാം; പക്ഷെ സതീശനെതിരെ അങ്ങനൊരു പ്രസ്താവന പ്രതീക്ഷിച്ചില്ല: കെ. സുധാകരന്‍
Also Read
user
Share This

Popular

KERALA
KERALA
വെള്ളാപ്പള്ളിക്ക് അഭിപ്രായം പറയാം; പക്ഷെ സതീശനെതിരെ അങ്ങനൊരു പ്രസ്താവന പ്രതീക്ഷിച്ചില്ല: കെ. സുധാകരന്‍