മലയോര ജില്ലയിലെ യുഡിഎഫ് എംപി ഫ്രാൻസിസ് ജോർജിന് തെരഞ്ഞെടുപ്പ് ഫണ്ടിനായി ഒൻപത് ലക്ഷം രൂപ നൽകിയെന്നുമാണ് പ്രതിയുടെ മൊഴി
ഡീന്‍ കുര്യാക്കോസ്, അനന്തു കൃഷ്ണന്‍, മാത്യു കുഴല്‍നാടന്‍
കോൺഗ്രസിലെ ഉന്നതരെ കുടുക്കി പകുതി വില തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണന്റെ മൊഴി. തെരഞ്ഞെടുപ്പ് ഫണ്ടിനായി 45 ലക്ഷം രൂപ വാങ്ങിയ യുഡിഎഫ് എംപി ഡീൻ കുര്യാക്കോസ് 15 ലക്ഷം രൂപ മാത്രം തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നൽകിയതായാണ് പ്രതിയുടെ മൊഴി. എറണാകുളം ജില്ലയിലെ യുഡിഎഫ് എംഎൽഎ മാത്യു കുഴൽനാടൻ ഏഴ് ലക്ഷം രൂപ കയ്യിൽ വാങ്ങിയതായും അനന്തു പറഞ്ഞു. മൊഴിയുടെ വിശദാംശങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു.
പ്രമുഖ പാർട്ടി നേതാവിന് 25 ലക്ഷം രൂപ നൽകിയത് തങ്കമണി സർവീസ് സഹകരണ ബാങ്ക് വഴിയാണെന്നും അനന്തു കൃഷ്ണൻ പറഞ്ഞു. മൂവാറ്റുപുഴയിലെ യൂത്ത് കോൺഗ്രസ് നേതാവ് അഞ്ച് ലക്ഷം രൂപ വായ്പ വാങ്ങി. മലയോര ജില്ലയിലെ യുഡിഎഫ് എംപി ഫ്രാൻസിസ് ജോർജിന് തെരഞ്ഞെടുപ്പ് ഫണ്ടിനായി ഒൻപത് ലക്ഷം രൂപ നൽകിയെന്നുമാണ് പ്രതിയുടെ മൊഴി. പണം നൽകിയതിന്റെ തെളിവുകൾ അനന്തു കൃഷ്ണൻ പൊലീസിന് നൽകി. എല്ലാ ഉന്നതരും പെടട്ടെ എന്നാണ് അനന്തു കൃഷ്ണൻ പൊലീസിനോട് പറഞ്ഞത്.
രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയതിന്റെ കോൾ റെക്കോർഡിങ്ങുകളും ,വാട്സ്ആപ്പ് ചാറ്റുകളും സൂക്ഷിച്ചത് ക്ലൗഡ് സ്റ്റോറേജിലാണെന്നാണ് അനന്ദു കൃഷ്ണന്റെ മൊഴി. പ്രതിയുടെ കോൾ റെക്കോർഡിങ്ങുകളും, വാട്സ്ആപ്പ് ചാറ്റുകളും പൊലീസ് കണ്ടെത്തി. സീൽ ചെയ്ത സ്ഥാപനങ്ങൾ തുറന്നു പരിശോധിക്കാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകും.
അതേസമയം, പകുതി വില സ്കൂട്ടർ തട്ടിപ്പിൽ കോഴിക്കോട് ജില്ലയിൽ മാത്രം ഇരയായത് 5526 പേരാണ്. 11 സന്നദ്ധ സംഘടനകൾ ആളുകളിൽ നിന്ന് പിരിച്ചത് 20 കോടിയിലധികം രൂപയാണ്. പണം കൈമാറിയത് എൻജിഒ കോൺഫെഡറേഷൻ ചെയർമാൻ ആനന്ദകുമാറിന്റെ അക്കൗണ്ടിലേക്കാണെന്ന് കണ്ടെത്തി. 7000 ത്തിലധികം പേരിൽ നിന്നാണ് പകുതി വിലക്ക് സ്കൂട്ടർ, ലാപ്ടോപ്പ്, മൊബൈൽ ടൈലറിങ് മെഷീൻ എന്നിവ നൽകാമെന്ന് പറഞ്ഞ് വിവിധ സംഘടനകൾ പണം പിരിച്ചത്.