കൂത്തുപറമ്പ് രക്തസാക്ഷിത്വം സിപിഎം ആഘോഷിച്ചെന്നും സ്വാശ്രയ കോളേജിന് എതിരെ സമരം നടത്തിയിട്ട് പിണറായി വിജയൻ സ്വന്തം മകനെ സ്വാശ്രയ കോളേജിലേക്ക് അയച്ചെന്നും കുഴൽനാടൻ പറഞ്ഞു.
കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പനെ പരാമർശിച്ച് നിയമസഭയിൽ കവിത ചൊല്ലി എംഎൽഎ മാത്യു കുഴൽനാടൻ. കൂത്തുപറമ്പ് സമരം എന്തിനുവേണ്ടിയായിരുന്നെന്ന് എംഎൽഎ ചോദിച്ചു. കൂത്തുപറമ്പ് രക്തസാക്ഷിത്വം സിപിഎം ആഘോഷിച്ചെന്നും സ്വാശ്രയ കോളേജിന് എതിരെ സമരം നടത്തിയിട്ട് പിണറായി വിജയൻ സ്വന്തം മകനെ സ്വാശ്രയ കോളേജിലേക്ക് അയച്ചെന്നും കുഴൽനാടൻ പറഞ്ഞു.
കുഴൽനാടൻ്റെ ആരോപണങ്ങൾക്ക് പിന്നാലെ മന്ത്രി ആർ. ബിന്ദു മറുപടിയുമായി രംഗത്തെത്തി. യുഡിഎഫിന്റെ കാലത്താണ് കൂത്തുപറമ്പ് വെടിവയ്പ് ഉണ്ടായതെന്ന് പറഞ്ഞ ആർ. ബിന്ദു, ഇപ്പോൾ എന്തിനാണ് ഇടതുപക്ഷത്തിന് നേർക്ക് ആരോപണം ഉന്നയിക്കുന്നതെന്നും മാത്യു കുഴൽനാടനോട് ചോദിച്ചു. സഖാവ് പുഷ്പൻ മരിച്ചിട്ട് സഭയിൽ ഒരാൾ പോലും അദ്ദേഹത്തിൻ്റെ പേര് പറഞ്ഞിട്ടില്ല. താൻ അദ്ദേഹത്തിൻ്റെ പേര് പരാമർശിച്ചതാണോ തെറ്റെന്നായിരുന്നു എംഎൽഎയുടെ മറുചോദ്യം. താൻ എപ്പോൾ പ്രസംഗിച്ചാലും ഔട്ട് ഓഫ് സിലബസ് ആണെന്ന് സ്പീക്കർ പറയുന്നുവെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു.
ALSO READ: 'കരിമണൽ ഖനന വിരുദ്ധ സമരം ഇനി ഡിഎംകെ ഏറ്റെടുക്കും'; പിന്തുണ പ്രഖ്യാപിച്ച് പി.വി. അൻവർ
അതേസമയം മാത്യു കുഴല്‍നാടന്‍ ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്ന തരത്തില്‍ പ്രചാരണം നടത്തുന്നുവെന്നും രക്തസാക്ഷികളെ അവഹേളിച്ചുവെന്നും ആരോപിച്ച് സിപിഎം എംഎൽഎ സച്ചിന്‍ദേവ് രംഗത്തെത്തി. കൂത്തുപറമ്പ് രക്തസാക്ഷികള്‍ പാർട്ടിയുടെ ഹൃദയവികാരമാണ്. ഒരു പ്രകോപനവും ഇല്ലാതെയായിരുന്നു അന്ന് കൂത്തുപറമ്പ് സമരത്തിന് നേരെ വെടിവെച്ചത്. ഇത് ജുഡീഷ്യല്‍ കമ്മീഷന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും സച്ചിൻ ദേവ് പറഞ്ഞു. സമരത്തില്‍ ഉന്നയിച്ച മുദ്രാവാക്യം പിണറായി സര്‍ക്കാര്‍ നടപ്പിലാക്കി. 2016 പരിയാരം മെഡിക്കല്‍ കോളേജില്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. അത് മറച്ചു വെച്ച് മാത്യു കുഴൽനാടൻ സമരത്തെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നും സച്ചിന്‍ദേവ് ആരോപിച്ചു.