ഇരുപക്ഷവും 25 തടവുകാരെ വീതം കൈമാറിയതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയവും സ്ഥിരീകരിച്ചു
25 തടവുകാരെ പരസ്പരം കൈമാറി റഷ്യയും യുക്രെയ്നും. യുഎഇയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചകളിലാണ് തീരുമാനം. യുക്രെയ്ന്റെ യുദ്ധത്തടവുകാരിൽ പലർക്കും ഗുരുതരമായ പരുക്കുകളും രോഗങ്ങളുമുണ്ടെന്നും അവർക്ക് ഉടൻ തന്നെ വൈദ്യസഹായം ലഭ്യമാക്കുമെന്നും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്കി അറിയിച്ചു.
"ഇവർ ഞങ്ങളുടെ സൈനികരും സിവിലിയൻസുമാണ്," സെലൻസ്കി എക്‌സിൽ കുറിച്ചു.
ഇരുപക്ഷവും 25 തടവുകാരെ വീതം കൈമാറിയതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയവും സ്ഥിരീകരിച്ചു. റഷ്യൻ യുദ്ധത്തടവുകാർ നിലവിൽ ബെലാറസിൽ ആരോഗ്യ ശുശ്രൂഷ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇവർക്ക് മാനസികമായ പരിരക്ഷയും നൽകി വരുന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
തടവുകാരുടെ കൈമാറ്റം സാധ്യമാക്കുന്നതിൽ ഇടനിലക്കാരായി പ്രവർത്തിച്ച യുഎഇയോട് സെലൻസ്കി നന്ദി അറിയിച്ചു. മോചിതരായവരിൽ ഏറ്റവും പ്രായം കുറഞ്ഞ തടവുകാരന് 24 വയസ്സും ഏറ്റവും പ്രായം കൂടിയയാൾക്ക് 60 വയസ്സുമാണെന്ന് യുക്രെയ്‌നിന്റെ യുദ്ധത്തടവുകാരുടെ കാര്യങ്ങൾ ഏകോപിപ്പിക്കുന്ന കേന്ദ്രം അറിയിച്ചു.
അതേസമയം, യുക്രെയ്ൻ-റഷ്യ യുദ്ധം പരിഹരിക്കാൻ മാസങ്ങളോ അതിലധികമോ എടുക്കുമെന്നാണ് യുഎസിന്റെ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഉപദേഷ്ടാക്കളില്‍ നിന്നും ലഭിച്ചിരിക്കുന്ന വിവരം. പ്രസിഡന്റായി ചുമതലയേറ്റെടുക്കുന്ന അന്ന് തന്നെ യുക്രെയ്ൻ -റഷ്യ യുദ്ധം അവസാനിപ്പിക്കുമെന്ന ട്രംപിന്റെ വിദേശനയ പ്രഖ്യാപനത്തിനു വിരുദ്ധമാണിത്.