മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ സ്കാനിങ്ങിലാണ് വയറ്റിൽ എംഡിഎംഎ കണ്ടെത്തിയത്
എംഡിഎംഎ വിഴുങ്ങിയെന്ന് സംശയത്തിൽ താമരശേരിയിൽ നിന്നും പിടികൂടിയ യുവാവിൻ്റെ വയറ്റിൽ നിന്ന് എംഡിഎംഎ പിടികൂടി. അരയയേറ്റുംചാലിൽ സ്വദേശി ഫായിസിന്റെ വയറ്റിൽ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ സ്കാനിങ്ങിലാണ് വയറ്റിൽ എംഡിഎംഎ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ഫായിസ് പിടിയിലായത്.
കഴിഞ്ഞ ദിവസം വീട്ടിൽ ഭാര്യയെയും കുട്ടികളെയും കൊല്ലുമെന്ന് ഫായിസ് ഭീഷണിപ്പെടുത്തിയിരുന്നു. വീട്ടിലെ ബഹളത്തെ തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് കൈയിൽ ഉണ്ടായിരുന്ന എംഡിഎംഎ പാക്കറ്റ് വിഴുങ്ങുകയായിരുന്നു. എന്നാൽ, നാട്ടുകാർ ഓടിയെത്തി യുവാവിനെ കീഴ്പ്പെടുത്തി. യുവാവിനെ പൊലീസ് എത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അതേസമയം, വർധിച്ചുവരുന്ന ലഹരി കേസുകളെ തുടർന്ന് നിയമഭേദഗതി തേടാനാണ് കേരളത്തിൻ്റെ നീക്കം. കേന്ദ്രനിയമം ഭേദഗതി ചെയ്യണമെന്ന് കേരളം ആവശ്യപ്പെടും. NDPS നിയമപ്രകാരം മറ്റൊരു സംസ്ഥാനത്ത് കുറ്റകൃത്യം നടന്നാൽ ഇടപെടാൻ ആകുന്നില്ല. കേരളത്തിലേക്ക് രാസ ലഹരിയെത്തുന്ന പ്രധാന കേന്ദ്രം ബാംഗ്ലൂരാണ്. ബാംഗ്ലൂരിലെ ലഹരി നിർമ്മാണ കേന്ദ്രങ്ങൾ അറിഞ്ഞിട്ടും നടപടിയെടുക്കാൻ ആകുന്നില്ല. NDPS നിയമപ്രകാരം മറ്റൊരു സംസ്ഥാനത്ത് പോയി കേസ് അന്വേഷണം സാധ്യമല്ല. ഈ വകുപ്പ് ഭേദഗതി ചെയ്യണമെന്നാണ് കേരളത്തിൻറെ ആവശ്യം.