ഡൽഹി പൊലീസാണ് മേധ പട്‌കറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്
ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ വി.കെ. സക്സേന നൽകിയ മാനനഷ്ടക്കേസിൽ സാമൂഹിക പ്രവർത്തക മേധ പട്കർ അറസ്റ്റിൽ. കഴിഞ്ഞദിവസം ഡൽഹി സെഷൻസ് കോടതി മേധ പട്കറിനെതിരെ ജാമ്യമില്ലാ വാറൻ്റ് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെ ഡൽഹി പൊലീസാണ് മേധ പട്‌കറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മേധ പട്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
വി.കെ. സക്സേന ഗുജറാത്ത് രാഷ്ട്രീയത്തിൽ സജീവമായിരുന്ന സമയത്തുള്ളതാണ് പ്രസ്തുത കേസ്. മേധാ പട്കറിനും നർമ്മദ ബച്ചാവോ ആന്ദോളനുമെതിരെ പരസ്യങ്ങൾ പ്രസിദ്ധീകരിച്ചതിനാണ് സക്‌സേനയ്‌ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. പിന്നീട് തനിക്കെതിരെ അപകീർത്തി പരാമർശം നടത്തിയതിന് പട്കറിനെതിരെ സക്‌സേനയും മാനനഷ്ടക്കേസ് ഫയൽ ചെയ്തു.
നര്‍മദ നദിയില്‍ ഡാം നിര്‍മിക്കുന്നതിനെതിരെ ഉയര്‍ന്നുവന്ന നര്‍മദ ബച്ചാവോ ആന്ദോളന്‍ എന്ന പ്രസ്ഥാനത്തിനെതിരെ 2000ത്തില്‍ ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ കൗണ്‍സില്‍ ഓഫ് സിവില്‍ ലിബര്‍ട്ടീസ് പരസ്യം നല്‍കിയിരുന്നു. അന്ന് അതിന്റെ പ്രസിഡന്റായിരുന്നു വി.കെ. സക്‌സേന.
ഇതിന് പിന്നാലെ വി.കെ. സക്‌സേനയ്‌ക്കെതിരെ 'ട്രൂ ഫാക്ട്‌സ് ഓഫ് എ പാട്രിയറ്റ്-റെസ്‌പോണ്‍സ് ടു ആന്‍ അഡ്വടൈസ്‌മെന്റ്' എന്ന തലക്കെട്ടില്‍ മേധാ പട്കറുടേതെന്ന പേരില്‍ ഒരു പത്രക്കുറിപ്പ് പ്രസിദ്ധീകരിച്ചു. മലേഗാവ് സന്ദര്‍ശിച്ച വി.കെ. സക്‌സേന നര്‍മദ ബച്ചാവോ ആന്ദോളനെ പ്രകീര്‍ത്തിക്കുകയും 40000 രൂപ ചെക്കായി ലോക് സമിതിക്ക് സംഭാവന നല്‍കുകയും ചെയ്തു.
ലാല്‍ഭായ് ഗ്രൂപ്പില്‍ നിന്നാണ് ചെക്ക് വന്നതെന്നും പറഞ്ഞു. എന്നാല്‍ ആ ചെക്ക് മടങ്ങിയെന്നായിരുന്നു പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നത്. 'ലാല്‍ ഭായി ഗ്രൂപ്പില്‍ നിന്നുമാണ് ചെക്ക് വന്നത്. എന്താണ് ലാല്‍ഭായ് ഗ്രൂപ്പും വികെ സക്‌സേനയും തമ്മിലുള്ള ബന്ധം? അവരില്‍ ആരാണ് കൂടുതല്‍ 'ദേശസ്‌നേഹി'?,' പത്രക്കുറിപ്പില്‍ ചോദിക്കുന്നു.
ഇതിനെതിരെയാണ് വി.കെ. സക്‌സേന മേധ പട്കറിനെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യുന്നത്. 2001ല്‍ അഹമ്മദാബാദിലെ കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്. 2003ല്‍ കേസ് സുപ്രീം കോടതി ഉത്തരവ് പ്രകാരം ഡല്‍ഹിയിലേക്ക് മാറ്റി.
ദേശീയ പ്രധാന്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനമായ എന്‍ബിഎയെ താന്‍ ഒരിക്കലും പ്രകീര്‍ത്തിച്ച് സംസാരിച്ചിട്ടില്ലെന്നും മലേഗാവ് സന്ദര്‍ശിച്ചിട്ടില്ലെന്നുമായിരുന്നു വി.കെ. സക്‌സേനയുടെ വാദം. താന്‍ അങ്ങനൊരു പ്രസ് റിലീസ് അയച്ചിട്ടില്ലെന്നായിരുന്നു മേധ പട്കര്‍ പറഞ്ഞത്. തനിക്ക് നര്‍മദ. ഓര്‍ഗ് (Narmada.org) എന്ന വെബ്‌സൈറ്റുമായോ എന്‍ബിഎ അയച്ചെന്ന് പറയുന്ന പ്രസ് റിലീസുമായോ ബന്ധമില്ലെന്നും മേധ പട്കര്‍ പറഞ്ഞു.