ഗർഭഛിദ്രം നടത്തിയതായി പൊലീസിൽ നിന്ന് അറിഞ്ഞു. 2024 ജൂലൈ മാസം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഗർഭചിദ്രം
ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ സുഹൃത്ത് സുകാന്തിന്റെ മുൻകൂർ ജാമ്യ അപേക്ഷയിലെ വാദങ്ങൾ തള്ളി മേഘയുടെ കുടുംബം. സുകാന്തിൻ്റെ മാതാപിതാക്കൾ വിവാഹ ആലോചനയുമായി വീട്ടിൽ വന്നിട്ടില്ല. വിവാഹ ആലോചനയിൽ നിന്ന് ഒഴിഞ്ഞു മാറാനാണ് സുകാന്തും കുടുംബവും ശ്രമിച്ചതെന്നും കുടംബം ആരോപിച്ചു. ഗർഭഛിദ്രം നടത്തിയതായി പൊലീസിൽ നിന്ന് അറിഞ്ഞു. 2024 ജൂലൈ മാസം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഗർഭചിദ്രം. പൊലീസ് അന്വേഷണം നല്ല രീതിയിലാണ് നടക്കുന്നതെന്നും കുടുംബം പറഞ്ഞു.
മേഘയെ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നതായാണ് സുകാന്തിന്റെ മുൻകൂർ ജാമ്യ അപേക്ഷയിൽ പറയുന്നത്. ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹാലോചനയും നടത്തിയിരുന്നു. തന്റെ മാതാപിതാക്കൾ യുവതിയുടെ വീട്ടിൽ പോയി സംസാരിക്കുകയും ചെയ്തിരുന്നു. യുവതിയുടെ മരണത്തോടെ താൻ മാനസികമായി തകർന്ന നിലയിൽ ആണെന്നുമാണ് സുകാന്ത് ജാമ്യാപേക്ഷയിൽ പറയുന്നത്. യുവതിയുടെ മാതാപിതാക്കൾ തനിക്കെതിരെ പരാതി നൽകിയതായി അറിഞ്ഞു. ഈ സാഹചര്യത്തിൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് സുകാന്തിൻ്റെ വാദം.
ALSO READ: ഐബി ഉദ്യോഗസ്ഥയുടെ മരണം: സുഹൃത്തിനായി പൊലീസ് തിരച്ചില്‍, ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി
മേഘയുടെ മരണത്തിൽ കൂടുതൽ തെളിവുകൾ പൊലീസിന് നൽകിയതായി പിതാവ് മധുസൂദനൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മേഘ ലൈംഗിക ചൂഷണം നേരിട്ടിരുന്നുവെന്നും അതിന്റെ തെളിവുകൾ പൊലീസിന് നൽകിയതായും മധുസൂദനൻ പറഞ്ഞു. സുകാന്തിനെതിരെ തെളിവുകൾ ഹാജരാക്കിയതായും പിതാവ് അറിയിച്ചു. സുകാന്ത് മേഘയിൽ നിന്നും പണം തട്ടിയതിന്റെ ബാങ്ക് രേഖകൾ ഹാജരാക്കിയതായും ഇതു പ്രകാരം പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും മധുസൂദനൻ പറഞ്ഞിരുന്നു.
മാർച്ച് 24നായിരുന്നു പത്തനംതിട്ട കൂടൽ കാരയ്ക്കാക്കുഴി പൂഴിക്കാട്ടുവീട്ടിൽ മേഘ മധുവിനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 24 കാരിയായ മേഘയുടെ മൃതദേഹം ചാക്ക റെയിൽവേ മേൽപ്പാലത്തിനു സമീപത്തെ ട്രാക്കിലാണ് കണ്ടെത്തിയത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ മേഘ യൂണിഫോമിൽ ഇവിടേക്ക് എത്തുകയായിരുന്നുവെന്നാണ് നിഗമനം. യുവതി ട്രെയിനിന് മുന്നിലേക്ക് ചാടുന്നതായി കണ്ടതായി ലോക്കോ പൈലറ്റ് പേട്ട സ്റ്റേഷൻ മാസ്റ്ററെ അറിയിച്ചിരുന്നു. പൂനെ-കന്യാകുമാരി എക്സ്പ്രസ് ട്രെയിൻ അരമണിക്കൂറോളം പിടിച്ചിട്ട ശേഷമാണ് മൃതദേഹം മാറ്റിയത്. സംഭവത്തിന് പിന്നാലെ ഇൻ്റലിജൻസ് ബ്യൂറോ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഉദ്യോഗസ്ഥയാണ് മേഘ.