ജനുവരി 15നാണ് 26 നിലയുള്ള ചോയ്സ് പാരഡൈസിന്റെ മുകളിൽ നിന്ന് ചാടി 15 വയസുകാരന്‍ മിഹിർ അഹമ്മദ് ജീവനൊടുക്കിയത്
കൊച്ചി തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലെ റാഗിങ്ങിനെ തുടർന്ന് മിഹിർ എന്ന 14കാരൻ ജീവനൊടുക്കിയ കേസിൽ മാതാപിതാക്കളുടെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. കുട്ടിയുടെ മാതാപിതാക്കൾ അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ നേരിട്ടെത്തിയാണ് മൊഴി നൽകുക. സ്കൂളിനെതിരെ കടുത്ത ആരോപണങ്ങളാണ് മാതാപിതാക്കൾ ഉന്നയിച്ചിരുന്നത്. കൂടാതെ, മിഹിർ മുൻപ് പഠിച്ചിരുന്ന കാക്കനാട് ജെംസ് ഇന്ർനാഷണൽ പബ്ലിക് സ്കൂളിലെ വൈസ് പ്രിൻസിപ്പൽ കുട്ടിയെ മാനസികമായി പീഡിപ്പിച്ചുവെന്നുള്ള ആരോപണവും മാതാപിതാക്കൾ ഉന്നയിച്ചിരുന്നു. അവർക്കെതിരെയും മാതാപിതാക്കൾ മൊഴി നൽകും.
Also Read: മാന്നാറിൽ വൃദ്ധ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവം: പ്രതിയായ ഇളയ മകനെ ഇന്ന് കോടതിയിൽ ഹാജരാക്കും
ജനുവരി 15നാണ് 26 നിലയുള്ള ചോയ്സ് പാരഡൈസിന്റെ മുകളിൽ നിന്ന് ചാടി 15 വയസുകാരന്‍ മിഹിർ അഹമ്മദ് ജീവനൊടുക്കിയത്. സലീം-റജീന ദമ്പതികളുടെ മകനാണ് മിഹിർ. മകന്റെ മരണവുമായി ബന്ധപ്പെട്ട് പരാതിയുമായി മാതാപിതാക്കൾ രംഗത്തെത്തിയതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. സ്കൂളിലെ ഒരു കൂട്ടം വിദ്യാർഥികൾ ബസിൽ വച്ചും സ്കൂളിലെ ടോയ്‌ലറ്റിൽ വച്ചും നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് കുടുംബത്തിൻ്റെ പരാതി. ടോയ്‌ലറ്റിലെ ക്ലോസറ്റിൽ മുഖം പൂഴ്‌ത്തി ഫ്ലഷ് ചെയ്തുവെന്നും, തറയിൽ നക്കിക്കുകയും ക്രൂരമായി മർദിച്ചുവെന്നും കുടുംബം ആരോപിക്കുന്നു. സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്നും ഇടപെടലുണ്ടായില്ലെന്നും ആരോപണമുണ്ട്. മിഹിറിന്റെ മരണം പോലും വിദ്യാര്‍ഥികള്‍ ആഘോഷിച്ചുവെന്നും കുടുംബം പറയുന്നു. വിവരങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള അമ്മ റജീനയുടെ ഫേസ്ബുക്ക് പോസ്റ്റും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.
എന്നാല്‍, റാഗിങ് പരാതി കുടുംബം ഉന്നയിച്ചിട്ടില്ലെന്നാണ് ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ വാദം. സമൂഹമാധ്യമങ്ങളില്‍ സ്‌കൂളിനെതിരെ വ്യാജ പ്രചരണങ്ങള്‍ നടക്കുന്നുവെന്നും അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.സംഭവത്തില്‍ സ്‌കൂളിന് ഒന്നും മറച്ചുവെക്കാനില്ല. പൊലീസ് എത്തി സിസിടിവി ദൃശ്യങ്ങളടക്കം കൊണ്ടുപോയിട്ടുണ്ട്. റാഗിങ് നേരിട്ടതായി മിഹിര്‍ അധ്യാപകരോട് പറഞ്ഞിട്ടില്ലെന്നും സംഭവ ദിവസം മിഹിര്‍ ബാസ്‌കറ്റ് ബോള്‍ ക്യാമ്പിലടക്കം പങ്കെടുത്തിരുന്നുവെന്നും സ്‌കൂള്‍ അധികൃതര്‍ വാദിക്കുന്നു. കുടുംബത്തിന്റെ പരാതിയില്‍ ആരോപണ വിധേയരായ കുട്ടികളുടെ മൊഴി പൊലീസ് എടുത്തിട്ടുണ്ട്.