ഏപ്രിൽ 11 മുതൽ 13 വരെ മണിക്കൂറിൽ 150 കി.മീ വേഗത്തിൽ വീശിയേക്കാവുന്ന കാറ്റിനാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്
വടക്കൻ ചൈനയിൽ ശക്തമായ കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇതേ തുടർന്ന് രാജ്യത്ത് പല ഭാഗങ്ങളിലും ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 50 കിലോയിലധികം ഭാരമില്ലാത്തവർ പറന്നുപോയേക്കും. അതിനാൽ തന്നെ ജനങ്ങൾ പുറത്തിറങ്ങരുത് എന്നാണ് ജാഗ്രതാനിർദേശം. ജീവനക്കാരോട് വേഗം വീട്ടിലെത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലാസുകൾ ഒഴിവായിരിക്കുമെന്നും പൊതു പരിപാടികൾ റദ്ദാക്കിയതായും സർക്കാർ അറിയിച്ചു.
ALSO READ: പകരത്തിന് പകരം; യുഎസിന് 125 ശതമാനം തിരിച്ചടി താരിഫുമായി ചൈന
ഏപ്രിൽ 11 മുതൽ 13 വരെ മണിക്കൂറിൽ 150 കി.മീ വേഗത്തിൽ വീശിയേക്കാവുന്ന കാറ്റിനാണ് സാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ബീജിങ്ങ്, തിയാൻജിൻ, ഹീബൈ പ്രദേശത്തെ പല ഭാഗങ്ങളിലായും ശക്തമായ കാറ്റ് വീശിയേക്കും. ബീജിങ്ങിൽ കാട്ടുതീ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. പതിറ്റാണ്ടിൽ ആദ്യമായാണ് ബീജിങ്ങിൽ ഓറഞ്ച് അലേർട്ട് പുറപ്പെടുവിക്കുന്നത്. മംഗോളിയയിൽ ഈ സമയത്ത് ശക്തമായ കാറ്റ് അസാധാരണമല്ല. എന്നാൽ ഇത്തവണത്തേത് വർഷങ്ങളായി പ്രദേശം കണ്ടതിൽ ഏറ്റവും പ്രത്യാഘാതം ഉണ്ടാക്കാൻ സാധ്യതയുള്ളതാണെന്നാണ് വിലയിരുത്തൽ. ഞായറാഴ്ചയോടെ (ഏപ്രിൽ 13) കാറ്റിൻ്റെ ശക്തി കുറഞ്ഞേക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ALSO READ: താരിഫ് യുദ്ധത്തില്‍ യുഎസിനെതിരെ ചൈനയുമായി കൈകോർക്കാനില്ല; മറ്റ് കയറ്റുമതി സാധ്യതകള്‍ തേടി ഓസ്ട്രേലിയ
ഏപ്രിൽ 29ന് ആരംഭിക്കാനിരിക്കുന്ന ലോകത്തെ ആദ്യ ഹ്യൂമനോയ്ഡ് റോബോട്ട് ഹാഫ് മാരത്തോണും മുന്നറിയിപ്പിനെ തുടർന്ന് റദ്ദാക്കി. പാർക്കുകളും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു. കാറ്റ് ശക്തമായേക്കാവുന്ന മലകളിലേക്കും കാടുകളിലേക്കും യാത്ര പാടില്ലെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.