ഭാര്യയെ കണ്ടുവെന്നും ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും അബ്ദുൽ റഹീം അറിയിച്ചു
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന് സാമ്പത്തിക പ്രശ്നം അത്രയൊന്നും ഇല്ലായിരുന്നുവെന്ന് പിതാവ് അബ്ദുല്‍ റഹീം. പരിഹരിക്കാവുന്ന പ്രശ്നങ്ങളെ ഉണ്ടായിരുന്നുള്ളുവെന്നും വലിയ കടമൊന്നും ഉണ്ടായിരുന്നില്ലെന്നും പിതാവ് വ്യക്തമാക്കി. അഫാനുമായി കഴിഞ്ഞ ആഴ്ചയാണ് അവസാനമായി സംസാരിച്ചതെന്നും പിതാവ് പറഞ്ഞു.
എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് അബ്ദുല്‍ റഹീം പറഞ്ഞു. പൊലീസ് അന്വേഷിച്ച് കണ്ടെത്തട്ടെ. തൻ്റെ യാത്രാ വിലക്ക് മാറ്റാൻ കുടുംബം പണം അയച്ചിട്ടില്ലെന്നും അബ്ദുല്‍ റഹീം വ്യക്തമാക്കി. ഭാര്യയെ കണ്ടുവെന്നും ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും റഹീം അറിയിച്ചു.
Also Read: വെഞ്ഞാറമൂട് കൂട്ടക്കൊല: കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റതാണെന്ന മൊഴി ആവർത്തിച്ച് പ്രതി അഫാന്റെ മാതാവ്
ഏഴ് വർഷങ്ങൾക്ക് ശേഷമാണ് കഴിഞ്ഞ ദിവസം അബ്ദുൽ റഹീം സൗദിയിൽ നിന്ന് നാട്ടിലെത്തിയത്. ഇഖാമ കാലാവധി അവസാനിച്ചിരുന്നെങ്കിലും രണ്ടരവർഷമായി യാത്രാവിലക്കിനെ തുടർന്ന് നാട്ടിലേക്ക് എത്താൻ സാധിച്ചിരുന്നില്ല. പാങ്ങോട് പൊലീസ് ഇന്നലെ റഹീമിന്റെ പ്രാഥമിക മൊഴി രേഖപ്പെടുത്തിയിരുന്നു. ഇന്ന് വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി റഹീം വിശദമായ മൊഴി നൽകി.
അതേസമയം, കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റതാണെന്ന മൊഴി ആവർത്തിക്കുകയാണ് കൊലപാതക ശ്രമത്തിനിടെ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന അഫാന്റെ മാതാവ് ഷെമി. മജിസ്‌ട്രേറ്റിന് നൽകിയ ആദ്യ മൊഴിയിലും രണ്ടാം മൊഴിയിലും മകൻ ആക്രമിച്ചത് ഷെമി മറച്ചുവെച്ചു. മകൻ കൂട്ടക്കൊല നടത്തിയത് ഷെമി അറിഞ്ഞിട്ടില്ല. തന്നെ മാത്രം ആക്രമിച്ചു എന്നാണ് ധാരണയെന്നും ഡോക്ടർമാർ പറയുന്നു. ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതിനാൽ വൈകാതെ മൊഴിയെടുക്കാൻ സാധിക്കുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
Also Read: വെഞ്ഞാറമൂട് കൂട്ടക്കൊല: ഫർസാനയെ കൊന്നത് കൂട്ടക്കൊല നടത്തിയ കാര്യം ഏറ്റുപറഞ്ഞതിനു ശേഷമെന്ന് പ്രതി
ലക്ഷങ്ങളുടെ കടബാധ്യതയാണ് അഫാനെ കൂട്ടക്കുരുതിയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഷെമിക്കും പ്രതി അഫാനും നാട്ടിൽ 50 ലക്ഷത്തിലധികം രൂപയുടെ കടബാധ്യത ഉണ്ടായിരുന്നുവെന്നാണ് വിവരം. എന്നാൽ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നില്ല എന്ന അബ്ദുൽ റഹീമിന്റെ പ്രസ്താവന അന്വേഷണത്തെ കൊലപാതകത്തിന്‍റെ മറ്റ് കാരണങ്ങളിലേക്ക് നയിച്ചേക്കും.
Also Read: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: അഫാന്‍ രാസലഹരി ഉപയോഗിച്ചിട്ടില്ലെന്ന് പരിശോധനാ ഫലം
ഫെബ്രുവരി 25ന് അഞ്ച് മണിയോടെ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി അഫാൻ തന്നെയാണ് കൂട്ടകൊലപാതകം നടത്തിയ കാര്യം പൊലീസിനോട് ഏറ്റു പറഞ്ഞത്. ആറ് പേരെ കൊലപ്പെടുത്തിയെന്നായിരുന്നു പ്രതി പറഞ്ഞത്. ഇതേ തുടർന്ന് പൊലീസുകാർ ഇയാളെയും കൂട്ടി പോരുമലയിലെ വീട്ടിലെത്തുകയായിരുന്നു. അടുക്കളവാതിൽ തകർത്ത് പൊലീസും നാട്ടുകാരും ഉള്ളിൽ കയറിയപ്പോൾ പാചകവാതകത്തിന്റെ ഗന്ധമുണ്ടായിരുന്നു. കൂട്ടക്കൊലയ്ക്ക് ശേഷം ഗ്യാസ് കുറ്റി തുറന്നുവിട്ടിട്ടായിരുന്നു പ്രതി പൊലീസ് സ്റ്റേഷനിലേക്ക് പോയത്.അകത്ത് കയറിയപ്പോൾ വീടിന്റെ താഴത്തെ നിലയിൽ തലയിൽ നിന്ന് ചോര വാർന്ന നിലയിലായിരുന്നു അഫാന്റെ അമ്മ ഷെമി കിടന്നിരുന്നത്. അവരുടെ കണ്ണിമ മാത്രം നേരിയതായി ചിമ്മുന്നുണ്ടായിരുന്നു. ഗുരുതര പരിക്കുകളോടെ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് സഹോദരൻ അഫ്സാൻ, എസ്.എൻ പുരം ചുള്ളാളം സ്വദേശികളായ ഉപ്പയുടെ സഹോദരൻ ലത്തീഫ്, അദ്ദേഹത്തിൻ്റെ ഭാര്യ ഷാഹിദ, ഉപ്പയുടെ ഉമ്മ പാങ്ങോട് സ്വദേശി സൽമാ ബീവി, പെൺസുഹൃത്ത് ഫർസാന എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.