കയ്യടിക്ക് വേണ്ടിയല്ല സർക്കാർ പ്രവർത്തിക്കുന്നത്, പത്ത് മിനിറ്റ് കൊണ്ട് പരിഹരിക്കാൻ കഴിയില്ല
മുനമ്പം വിഷയത്തിൽ പ്രതിപക്ഷ നേതാവ് മൂന്ന് വഞ്ചിയിൽ കാൽ വെക്കുന്നുവെന്ന് മന്ത്രി പി. രാജീവ്. ജനങ്ങളെ കബളിപ്പിക്കുന്ന നിലപാട് സ്വീകരിക്കരുത്. ധ്രുവീകരണത്തിന് ബിജെപി ശ്രമിക്കുന്നത്. പ്രതിപക്ഷ നേതാവും അവർക്കൊപ്പം നിൽക്കുകയാണ്. ആരെയും കുടിയിറക്കില്ല എന്നാണ് സർക്കാർ നിലപാട്. എന്ത് ചെയ്യാൻ കഴിയുമെന്ന് ആലോചിക്കാൻ ആണ് കമ്മീഷനെ നിയോഗിച്ചത്. കയ്യടിക്ക് വേണ്ടിയല്ല സർക്കാർ പ്രവർത്തിക്കുന്നത്. സങ്കീർണമായ പ്രശ്‌നം തന്നെയാണ്. പത്ത് മിനിറ്റ് കൊണ്ട് പരിഹരിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
മുനമ്പം ജനതയെ ബിജെപി വഞ്ചിക്കുകയായിരുന്നു. പ്രതിപക്ഷം അവരെ കബളിപ്പിക്കുന്നു. നിയമത്തിലൂടെ കൂടുതൽ സങ്കീർണതകളിലേക്ക് മുനമ്പം ജനതയെ തള്ളിവിട്ടു. പ്രതിപക്ഷ നേതാവ് കലക്കവെള്ളത്തിൽ മീൻ പിടിക്കുകയാണ്. മുനമ്പം നിവാസികളെ കുറ്റം പറയില്ല. ഏതെങ്കിലും കച്ചിതുരുമ്പിൽ പിടിച്ച് രക്ഷപ്പെടാനാകും അവർ നിലപാട് സ്വീകരിച്ചതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കെ.കെ. രാഗേഷിനെ അഭിനന്ദിച്ചുള്ള സോഷ്യല്‍ മീഡിയ പോസ്റ്റും അതിനെതിരെയുള്ള വിമർശനങ്ങളിലും ദിവ്യ എസ്. അയ്യർ തന്നെ നിലപാട് പറഞ്ഞിട്ടുണ്ടെന്നും പി. രാജീവ് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മകൾക്കെതിരായ കേസിൽ കേന്ദ്ര അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. സോണിയക്കും രാഹുലിനും റോബർട്ട് വാദ്രക്കുമെതിരെയും കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഉണ്ട്. മുഖ്യമന്ത്രിയോട് മാറി നിൽക്കാൻ പറയുന്ന പ്രതിപക്ഷ നേതാവ് അവരോടും മാറി നിൽക്കാൻ പറയുമോയെന്നും മന്ത്രി ചോദിച്ചു.