സിനിമയിലെ പ്രശ്നങ്ങൾ പെട്ടന്ന് അവസാനിപ്പിക്കാൻ പറ്റില്ല. കാര്യങ്ങൾ ശരിയായ ദിശയിൽ ആണ് പോകുന്നത്
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പുറത്തുവന്ന ആരോപണങ്ങളിൽ പ്രതികരണവുമായി മന്ത്രി ആർ. ബിന്ദു. സിനിമയിലെ പ്രശ്നങ്ങൾ പെട്ടന്ന് അവസാനിപ്പിക്കാൻ പറ്റില്ല. കാര്യങ്ങൾ ശരിയായ ദിശയിൽ ആണ് പോകുന്നത്. അന്വേഷണ സംഘത്തെ നിയോഗിക്കാൻ വൈകിയിട്ടില്ല എന്നും മന്ത്രി വ്യക്തമാക്കി. ആർക്കെതിരെയുള്ള ആരോപണങ്ങളും പരിശോധിക്കണം. മുകേഷിനെതിരെയുള്ള ആരോപണങ്ങളും പരിശോധിക്കപ്പെടേണ്ടതാണ്. കുറ്റം ചെയ്തവർ ആരായാലും ശിക്ഷിക്കപെടണം എന്നും ആർ. ബിന്ദു പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ, മലയാള സിനിമയുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. തൊഴിലിടത്തില്‍ സ്ത്രീകള്‍ നേരിട്ട ദുരനുഭവങ്ങളാണ് പലരും തുറന്നുപറയുന്നത്. ഇതോടെ, മലയാള സിനിമയില്‍ സ്ത്രീകള്‍ ലൈംഗികമായും മാനസികമായും ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്ന കാലങ്ങളായുള്ള ആരോപണങ്ങള്‍ക്കാണ് വ്യക്തതയുണ്ടായിക്കൊണ്ടിരിക്കുന്നത്.
ALSO READ: അന്വേഷണ സംഘത്തില്‍ ആരോപണം നേരിട്ട ഉദ്യോഗസ്ഥരും; ഇരകള്‍ക്ക് പൊലീസിനെ വിശ്വാസമില്ലാത്തത് ഗുരുതര പ്രശ്‌നം: വി.ഡി. സതീശന്‍
ആരോപങ്ങളെ തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ യോഗം നാളെ ചേരാനും തീരുമാനമായിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി പരസ്യ പ്രതികരണം നടത്തിയ സ്ത്രീകളുടെ മൊഴി രേഖപ്പെടുത്തുമെന്നാണ് ലഭ്യമാകുന്ന വിവരം. വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ് മൊഴി രേഖപ്പെടുത്തുക, വ്യക്തികൾക്കെതിരെ പരാതിയുണ്ടെങ്കിൽ കേസ് രജിസ്റ്റർ ചെയ്യും.
ഇനി പോക്സോ കുറ്റമാണെങ്കിൽ പരാതിയില്ലാതെയും കേസെടുക്കും. അതേസമയം സർക്കാർ നടത്തുന്ന സിനിമ കോൺക്ലേവ് നവംബറിൽ കൊച്ചിയിൽ നടക്കുമെന്നാണ് സർക്കാർ അറിയിച്ചത്. പരിപാടിയുടെ നടത്തിപ്പിനായി 2 കോടി രൂപ പാസാക്കിയിട്ടുണ്ട്. പരിപാടിയിൽ 400 പേരെ പങ്കെടുപ്പിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.