യുഎന്‍ ജനറല്‍ അസംബ്ലിയില്‍ അവതരിപ്പിച്ച പ്രമേയത്തെ 193 അംഗരാജ്യങ്ങളില്‍ 124 പേര്‍ അനുകൂലിച്ചപ്പോള്‍, 14 പേര്‍ എതിര്‍ത്തു.
അധിനിവേശ പലസ്തീനിലെ ഇസ്രയേലിന്റെ നിയമവിരുദ്ധ സാന്നിധ്യം എത്രയും വേഗം അവസാനിപ്പിക്കണമെന്ന യു.എന്‍ ജനറല്‍ അസംബ്ലിയിലെ പ്രമേയത്തില്‍നിന്ന് ഇന്ത്യ വിട്ടുനിന്നതിനു പിന്നാലെ പലസ്തീന്‍ ജനതയ്ക്കുള്ള പിന്തുണ ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി നടത്തിയ കൂടിക്കാഴ്ചയില്‍, ഗാസയിലെ മാനുഷിക പ്രതിസന്ധിയില്‍ മോദി കടുത്ത ആശങ്കയറിയിച്ചു. പലസ്തീന്‍ ജനയ്ക്കുള്ള ഇന്ത്യയുടെ പിന്തുണയും സഹായവും തുടരുമെന്നും പ്രധാനമന്ത്രി ആവര്‍ത്തിച്ചു. മോദി പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന് ഉറപ്പുനല്‍കി. ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലെത്തിയതായിരുന്നു ഇരുവരും.
അധിനിവേശ പലസ്തീന്‍ അതിര്‍ത്തിയിലെ ഇസ്രയേലിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് എത്രയും വേഗം അറുതി വരുത്താന്‍ ലക്ഷ്യമിട്ടാണ് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ കഴിഞ്ഞദിവസം പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തെ 193 അംഗരാജ്യങ്ങളില്‍ 124 പേര്‍ അനുകൂലിച്ചപ്പോള്‍, 14 പേര്‍ എതിര്‍ത്തു. ഇന്ത്യ ഉള്‍പ്പെടെ 43 രാജ്യങ്ങളാണ് വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നത്. പലസ്തീന്‍ ജനതയ്ക്കൊപ്പമാണെന്ന് പറയുകയും ഇസ്രയേലിനെതിരായ നടപടികളില്‍നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യുന്ന ഇന്ത്യയുടെ നിലപാടിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നാലെയാണ് മോദി മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തിയതെന്നും ശ്രദ്ധേയമാണ്.
മേഖലയില്‍ സമാധാനവും സ്ഥിരതയും എത്രയും വേഗം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഇന്ത്യ നല്‍കുന്ന പിന്തുണ തുടരും. പലസ്തീന്‍ ജനതയുമായുള്ള ദീര്‍ഘകാല ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും മഹ്മൂദ് അബ്ബാസിന് ഉറപ്പുനല്‍കിയതായി മോദി എക്സില്‍ കുറിച്ചു.
ന്യൂയോർക്കിലെ ലോറ്റേ ന്യൂയോർക്ക് പാലസ് ഹോട്ടലില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഗാസയിലെ മനുഷ്യരുടെ സാഹചര്യത്തിൽ പ്രധാനമന്ത്രി 'കടുത്ത ആശങ്ക' പ്രകടിപ്പിക്കുകയും പലസ്തീൻ ജനതയ്ക്ക് ഇന്ത്യയുടെ പിന്തുണ ഉറപ്പു നല്‍കുകയും ചെയ്തതായി വിദേശകാര്യ മന്ത്രാലയം വക്താവ് റണ്‍ധീർ ജയ്‌സ്വാളും എക്സില്‍ കുറിച്ചു.
Also Read: ഗാസയില്‍ വീണ്ടും സ്കൂളിനു നേരെ വ്യോമാക്രമണം; 7 പേർ കൊല്ലപ്പെട്ടു, 19 പേർക്ക് പരുക്കേറ്റു
മുന്ന് ദിവസത്തെ യുഎസ് സന്ദർശനത്തിൻ്റെ രണ്ടാം ഘട്ടമായാണ് നരേന്ദ്ര മോദി ന്യൂയോർക്കിലെത്തിയത്. ശനിയാഴ്ച, മോദി ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുകയും യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി ആൽബനീസ്, ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ എന്നിവരുമായി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തുകയും ചെയ്തിരുന്നു. ഞായറാഴ്ച, ന്യൂയോർക്കിലെ നാസാവു കൊളീസിയത്തിൽ ഇന്ത്യൻ പ്രവാസികളുടെ സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. ഇന്ന് ന്യൂയോർക്കിൽ നടക്കുന്ന യുഎൻ പൊതുസഭ സമ്മേളനത്തില്‍ മോദി 'സമ്മിറ്റ് ഫോർ ഫ്യൂച്ചറിനെ' അഭിസംബോധന ചെയ്യും.