അൽ-അസദിൻ്റെ സർക്കാരിലെ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ഇടക്കാല പ്രധാനമന്ത്രിയുടെ നിയമനം
മുഹമ്മദ് അൽ ബഷീർ
സിറിയയുടെ ഇടക്കാല പ്രധാനമന്ത്രിയായി വിമത നേതാവ് മുഹമ്മദ് അൽ ബഷീറിനെ തഹ്‌രീർ അൽ-ഷാം (എച്ച്ടിഎസ്) നിയോഗിച്ചു. 2025 മാർച്ച് ഒന്ന് വരെ കാവല്‍ സർക്കാരിനെ നയിക്കുമെന്ന് ആല്‍ ബഷീർ അറിയിച്ചു. എച്ച്ടിഎസിൻ്റെ നിയന്ത്രണത്തിലുള്ള ഇദ്‌ലിബ് പ്രവിശ്യയുടെ ഭരണ ചുമതല അല്‍ ബഷീറിനായിരുന്നു. അൽ-അസദിൻ്റെ സർക്കാരിലെ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ഇടക്കാല പ്രധാനമന്ത്രിയുടെ നിയമനം.
12 ദിവസത്തെ മിന്നല്‍ ആക്രമണത്തിലൂടെയാണ് എച്ച്ടിഎസ് സിറിയയിലെ ബഷർ അല്‍ അസദ് ഭരണം അട്ടിമറിച്ചത്. ഇതിനു മുന്‍പ്, ഇദ്‌ലിബ് പ്രവിശ്യയിലെ സിറിയൻ സാൽവേഷൻ ഗവൺമെൻ്റിൻ്റെ (എസ്എസ്‌ജി) തലവനായിരുന്നു അൽ-ബഷീർ. എച്ച്ടിഎസുമായി അടുത്ത ബന്ധമുള്ള നേതാവാണ് അല്‍ ബഷീർ.
2017ലാണ് വിമതരുടെ പക്കലുള്ള ഇദ്‌ലിബില്‍ അസദ് ഭരണകൂടത്തെ വെല്ലുവിളിച്ച് സമാന്തര സർക്കാർ രൂപീകരിക്കുന്നത്. എസ്എസ്‌ജിക്ക് സ്വന്തമായി മന്ത്രിസഭയും സുരക്ഷ സേനയും ജുഡീഷ്യല്‍ സംവിധാനവുമുണ്ടായിരുന്നു. എസ്എസ്‌ജിയിലെ വികസനകാര്യ വകുപ്പും അല്‍ ബഷീറാണ് കൈകാര്യം ചെയ്തിരുന്നത്.
Also Read: സിറിയയില്‍ വിമത സർക്കാരിന് അധികാരം കൈമാറുന്നതിന് സമ്മതമറിയിച്ച് മുന്‍ പ്രധാനമന്ത്രി മുഹമ്മദ് ഗാസി അൽ ജലാലി
എച്ച്ടിഎസ് നേതാവ് അബു മുഹമ്മദ് അൽ ഗോലാനി എന്നറിയപ്പെടുന്ന അഹമ്മദ് അൽ-ഷാറ, കാവല്‍ സർക്കാരിലേക്കുള്ള മാറ്റത്തെക്കുറിച്ച് ചർച്ച ചെയ്യാൻ സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി മുഹമ്മദ് ഗാസി അൽ-ജലാലിയെ കണ്ടിരുന്നു. ഇതിനു പിന്നാലെയാണ് എച്ച്ടിഎസിന്‍റെ വിശ്വസ്തനായ അല്‍ ബഷീറിന്‍റെ നിയമനം. ഇടക്കാല പ്രധാനമന്ത്രിയുടെ നിയമനത്തോടെ സിറിയയിലെ സ്ഥിതിഗതികള്‍ ശാന്തമാകുന്നു എന്നാണ് സൂചന. തലസ്ഥാന നഗരമായ ദമാസ്കസിൽ നിലവില്‍ സമാധാന അന്തരീക്ഷമാണ്. ബാങ്കുകളും വ്യാപാരസ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാന്‍ ആരംഭിച്ചു.
ഇസ്രയേല്‍, തുർക്കി, യുഎസ് എന്നീ രാജ്യങ്ങള്‍ സിറിയയില്‍ വ്യോമാക്രമണങ്ങള്‍ സംഘടിപ്പിക്കുന്ന സാഹചര്യത്തിലാണ് പുതിയ സർക്കാർ രൂപീകരണത്തിന് തുടക്കമായിരിക്കുന്നത്. സിറിയയിലെ ഐഎസ് താവളങ്ങള്‍ ലക്ഷ്യമാക്കിയായിരുന്നു യുഎസ് ആക്രമണങ്ങള്‍. അസദ് സർക്കാരിന്‍റെ രാസായുധ ശാലകളായിരുന്നു ഇസ്രയേല്‍ ലക്ഷ്യംവച്ചത്. അതേസമയം, പുതിയ സർക്കാരുമായി ചേർന്നു പ്രവർത്തിക്കാൻ തയ്യാറാണെന്ന് ഫ്രാന്‍സും ജർമനിയും അറിയിച്ചു. വിമത സംഘമായ എച്ച്ടിഎസിനെ തീവ്രവാദ സംഘടനകളുടെ പട്ടികയില്‍ നിന്നും നീക്കുന്ന കാര്യം യുഎസിന്‍റെയും ആലോചനയിലുണ്ട്.