നടൻമാരുൾപ്പെടെയുള്ള ചലച്ചിത്ര പ്രവർത്തകരുടെ നേരെ ലൈംഗികാരോപണങ്ങൾ ഉയർന്നതോടെ മേഖലയിൽ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് മോഹൻലാൽ മൗനം അവസാനിപ്പിക്കുന്നത്
മോഹൻലാൽ
മലയാള സിനിമയുടെ താര സംഘടന AMMA-യുടെ മുൻ പ്രസിഡന്‍റ് മോഹൻലാൽ നാളെ മാധ്യമങ്ങളെ കാണും. നാളെ ഉച്ച കഴിഞ്ഞ് നടക്കുന്ന വാർത്ത സമ്മേളനത്തിലാണ് മോഹൻലാൽ പ്രതികരിക്കുക. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്ന്, സിനിമ മേഖലയിൽ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് മോഹൻലാൽ മൗനം അവസാനിപ്പിക്കുന്നത്. പ്രമുഖ നടന്മാർക്കുൾപ്പടെ ഉള്ളവർക്കെതിരെ ലൈംഗികാരോപണം ശക്തമായതോടെ താര സംഘടന കടുത്ത പ്രതിരോധത്തിലായിരുന്നു. അമ്മയുടെ സംഘടന ചുമതലകളിൽ നിന്ന് മോഹൻലാൽ ഉൾപ്പടെയുള്ളവർ രാജിവെച്ച് മാറി നിൽക്കുകയായിരുന്നു.
മലയാള സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ പഠിച്ച് തയ്യാറാക്കിയ ഹേമ കമ്മിറ്റി റിപ്പോർട്ട് കേരളത്തെ ഞെട്ടിച്ചുകൊണ്ടാണ് പുറത്തുവന്നത്. കാസ്റ്റിംഗ് കൗച്ച് മുതൽ ലൈംഗിക പീഡനം വരെ സ്ത്രീകൾ അനുഭവിക്കുന്നതായി കമ്മീഷൻ കണ്ടെത്തിയിരുന്നു. റിപ്പോർട്ട് പുറത്തു വന്നതിന് പിറകെ പ്രമുഖ നടൻമാരുൾപ്പെടെയുള്ള ചലച്ചിത്ര പ്രവർത്തകർക്കെതിരെ ആരോപണങ്ങളുമായി നിരവധിപ്പേരാണ് വെളിപ്പെടുത്തൽ നടത്തിയത്.
Read More: ലൈംഗികാരോപണം; പരാതിയുടെയും എഫ്‌ഐആറിൻ്റെയും പകർപ്പുകൾ സിദ്ദിഖിന് നൽകണമെന്ന് കോടതി
സംഘടനയുടെ ജനറൽ സെക്രട്ടറി ആയിരുന്ന സിദ്ദിഖ് ഉൾപ്പടെയുള്ള പ്രമുഖ താരങ്ങൾ ലൈംഗിക ആരോപണം നേരിട്ട സാഹചര്യത്തിൽ മോഹൻലാലിൻറെ മൗനം നിരവധി പേർ ചോദ്യം ചെയ്തിരുന്നു. ഉച്ചക്ക് 12 മണിക്ക് കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) ലോഞ്ചിന് ശേഷമായിരിക്കും മാധ്യമ പ്രവർത്തകരോട് സംസാരിക്കുക.