ആഗോള സമൂഹം ഇന്ത്യക്ക് നല്‍കിയ പിന്തുണ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാടിന്‍റെ തെളിവാണെന്നും യോജ്‌ന പട്ടേൽ വ്യക്തമാക്കി.
ഐക്യരാഷ്ട്ര സഭയില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. പാകിസ്ഥാൻ്റെ കുറ്റസമ്മതത്തില്‍ അത്ഭുതപ്പെടാനില്ലെന്നും, ആഗോള ഭീകരത പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാന് നേരെ ഇനിയും ലോകത്തിന് കണ്ണടയ്ക്കാനാകില്ലെന്നും ഇന്ത്യൻ അംബാസിഡർ യോജ്‌ന പട്ടേൽ അറിയിച്ചു. പതിറ്റാണ്ടുകളായി പാകിസ്താന്‍ ഭീകരവാദത്തെ പിന്തുണച്ചിട്ടുണ്ടെന്ന പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്‍റെ തുറന്നുപറച്ചിലിലായിരുന്നു ഇന്ത്യയുടെ പ്രതികരണം. ആഗോള സമൂഹം ഇന്ത്യക്ക് നല്‍കിയ പിന്തുണ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാടിന്‍റെ തെളിവാണെന്നും യോജ്‌ന പട്ടേൽ വ്യക്തമാക്കി.
പഹല്‍ഗാം ഭീകരാക്രമണത്തെ പശ്ചാത്തലത്തിൽ ഭീകരവാദത്തെ യുഎന്‍ സുരക്ഷാ കൗൺസിൽ ശക്തമായി അപലപിച്ചിരുന്നു. ആക്രമണം ആസൂത്രണം ചെയ്തവരെയും സ്പോണ്‍സർ ചെയ്തവരെയും നിയമത്തിനു മുന്നിലെത്തിക്കണമെന്നും യുഎൻ ആവശ്യപ്പെട്ടു.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത ഭീകരൻമാരെ സ്വാതന്ത്ര്യസമര പോരാളികളെന്ന് പാകിസ്ഥാൻ ഉപ പ്രധാനമന്ത്രി ഇസ്ഹാഖ് ദാർ പ്രതികരിച്ചിരുന്നു. ഇസ്ലാമാബാദിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു ഇസ്ഹാഖ് ദാർ പ്രസ്താവന നടത്തിയത്. ഇന്ത്യ-പാക് നയതന്ത്ര ബന്ധം വഷളാകുന്നതിനിടെയാണ് പാകിസ്ഥാൻ ഇത്തരത്തിൽ പ്രകോപനപരമായ പ്രസ്താവന നടത്തിയത്.
"നമ്മൾ നന്ദിയുള്ളവരായിരിക്കണം. അവരും സ്വാതന്ത്ര്യ സമര സേനാനികൾ ആയിരിക്കാം. നമുക്കറിയില്ല. എന്തായാലും രാജ്യത്തുണ്ടായ ആഭ്യന്തര പരാജയങ്ങൾക്ക്, ഇന്ത്യ പാകിസ്ഥാനെ പരോക്ഷമായി കുറ്റപ്പെടുത്താൻ ശ്രമിക്കുകയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്," ഇങ്ങനെയായിരുന്നു ഇസ്ഹാഖ് ദാറിൻ്റെ പ്രസ്താവന.
ALSO READ: പഹൽഗാം ഭീകാരാക്രമണം; ഉപജീവനം പോലും പ്രതിസന്ധിയിലായി കശ്മീർ ജനത, ഭീകരർക്കായി തെരച്ചിൽ തുടർന്ന് സൈന്യം
പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ-പാക് ബന്ധം വഷളായിരുന്നു. ഭീകരാക്രമണത്തിന് പിന്നാലെ അതിർത്തിയിൽ പാക് പ്രകോപനം തുടരുകയാണ്. ഇന്ത്യയും ശക്തമായി തിരച്ചടിക്കുന്നു എന്നാണ് അധികൃതർ പുറത്തുവിടുന്ന വിവരം. അതേസമയം ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ കണ്ടെത്താനുള്ള ശ്രമം കൂടുതൽ ഊർജിതമാക്കിയിരിക്കുകയാണ്.