കേന്ദ്രമന്ത്രി ശോഭ കറന്തലജെ ഒവൈസിക്കെതിരെ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്
ലോക്‌സഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ഹൈദരാബാദ് എം പി അസദുദ്ദീൻ ഒവൈസി നടത്തിയ പലസ്തീൻ ഐക്യദാർഢ്യ പരാമർശം വിവാദത്തിൽ. അഞ്ചാമതും എം പി ആയ ഒവൈസി ഉറുദുഭാഷയിൽ സത്യപ്രതിജ്ഞ ചെയ്ത ശേഷം നടത്തിയ ജയ് ഭീം, ജയ് മീം, ജയ് തെലങ്കാന, ജയ് പലസ്തീൻ എന്ന പരാമർശമാണ് ഇപ്പോൾ വിവാദത്തിലായത്.
സംഭവത്തിൽ കേന്ദ്രമന്ത്രി ശോഭ കറന്തലജെ ഒവൈസിക്കെതിരെ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. നടപടി ആവിശ്യപ്പെട്ട് സ്പീക്കർക്കും ആഭ്യന്തരമന്ത്രിക്കുമാണ് പരാതി നൽകിയത്. പാർലമെന്ററി രേഖകളിൽ നിന്നും പരാമർശം ഒഴിവാക്കണമെന്നും, പലസ്തീൻ ഐക്യദാർഢ്യമില്ലാതെ ഒന്നുകൂടി ഒവൈസി സത്യപ്രതിജ്ഞ ചെയ്യണമെന്നുമാണ് ശോഭ കറന്തലജെയുടെ ആവശ്യം. കേന്ദ്രമന്ത്രിയും തെലങ്കാന ബിജെപി അധ്യക്ഷനുമായ ജി കിഷൻ റെഡ്ഢിയും ഒവൈസിക്കെതിരെ രംഗത്ത് വന്നു. ഒവൈസി നടത്തിയ പരാമർശം സഭാനിയമങ്ങൾക്ക് വിരുദ്ധമാണെന്നും, ഇന്ത്യയിൽ ജീവിച്ചുകൊണ്ട് ഒവൈസി നടത്തുന്നത് രാജ്യ വിരുദ്ധ പ്രവർത്തനമാണെന്നും കിഷൻ റെഡ്ഢി ഉന്നയിച്ചു.
അതേസമയം ജയ് പലസ്തീൻ എന്ന് പറയുന്നതിൽ നിന്ന് തന്നെ വിലക്കുന്ന ഒരു വ്യവസ്ഥയും ഇന്ത്യൻ ഭരണഘടനയിൽ ഇല്ലെന്ന് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി പ്രതികരിച്ചു. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മാധവി ലതയെ 3.3 ലക്ഷം വോട്ടിന് പരാജയപ്പെടുത്തിയാണ് ഹൈദരാബാദിൽ നിന്ന് അഞ്ചാം തവണയും എംപിയായി അദ്ദേഹം 18-ാം ലോക്‌സഭയിൽ എത്തിയത്.