ലൈംഗികാരോപണങ്ങൾ ഉയർന്നതിന് പിന്നാലെ കഴിഞ്ഞ ദിവസം നടന്ന ജില്ലാ സെക്രട്ടറിയേറ്റിൽ നിന്ന് രൂക്ഷവിമർശനം നേരിട്ടതിന് പിന്നാലെയാണ് മുകേഷിൻ്റെ പരാതി
ലൈംഗികാതിക്രമ പരാതികൾക്ക് പിന്നാലെയെത്തിയ പ്രതിപക്ഷ ആരോപണങ്ങളിൽ ഇടതുപക്ഷത്തു നിന്ന് രാഷ്ട്രീയ പിന്തുണ ലഭിക്കുന്നില്ലെന്ന പരാതിയുമായി എം. മുകേഷ് എംഎൽഎ. കൊല്ലം ജില്ലാ സെക്രട്ടറിക്കും സംസ്ഥാന നേതൃത്വത്തിനുമാണ് മുകേഷ് പരാതി നൽകിയത്. സിപിഎം എംഎൽഎ ആയതുകൊണ്ട് മാത്രമാണ് തനിക്ക് എതിരെ ആരോപണങ്ങൾ ഉയരുന്നതെന്നും മുകേഷ് പറയുന്നു. സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റിൽ ഉയർന്ന വിമർശനങ്ങൾക്ക് പിന്നാലെയാണ് എം മുകേഷ് നേതൃത്വത്തെ പരാതി അറിയിച്ചത്.
ലൈംഗികാരോപണങ്ങൾ ഉയർന്നതിന് പിന്നാലെ കഴിഞ്ഞ ദിവസം നടന്ന ജില്ലാ സെക്രട്ടറിയേറ്റിൽ എം മുകേഷ് രൂക്ഷവിമർശനം നേരിട്ടിരുന്നു. എംഎൽഎക്കെതിരായ പരാതികൾ പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്നും വിഷയത്തിൽ അതിഗൗരവത്തോടെ അന്വേഷണം നടത്തണമെന്നുമായിരുന്നു പാർട്ടിയിൽ നിന്നുയർന്ന വിമർശനം. വനിതാ അംഗങ്ങളടക്കം ഭൂരിപക്ഷം പാർട്ടിപ്രവർത്തകരും മുകേഷിനെതിരെ രംഗത്തെത്തിയിരുന്നു.
സംസ്ഥാന ഘടകത്തെ മുകേഷ് എംഎൽഎ പലപ്പോഴും പ്രതിരോധത്തിലാക്കിയെന്നും അതിനാൽ പാർട്ടി മുകേഷിനെ പ്രതിരോധിക്കേണ്ടെന്നും ജെ മേഴ്‌സികുട്ടിയുൾപ്പെടെയുള്ള പ്രവർത്തകർ പ്രതികരിച്ചു. എന്നാൽ ടെസ് ജോസഫ് ഉൾപ്പെടെയുള്ളവർ ഉന്നയിച്ച പരാതിയിൽ പാർട്ടിക്ക് നേരത്തെ തന്നെ വിശദീകരണം നൽകിയിരുന്നെന്നായിരുന്നു മുകേഷിൻ്റെ വാദം. യുഡിഎഫിൽ സമാന ആരോപണങ്ങൾ ഉയർന്നപ്പോഴെല്ലാം പാർട്ടി ഇവരെ പിന്തുണച്ചിരുന്നെന്നും മുകേഷ് പറയുന്നു.
തനിക്കെതിരെയുള്ള ആരോപണങ്ങൾ ബ്ലാക്ക് മെയ്‌ലിങ്ങാണെന്ന വാദവുമായി മുകേഷ് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഉയര്‍ത്തി 2018-ല്‍ ഇതേ രാഷ്ട്രീയ നാടകം അരങ്ങേറിയിട്ടുണ്ട്. പൊതുസമൂഹം അത് തള്ളിക്കളഞ്ഞതാണെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു. പരാതിക്കാരി പണം ആവശ്യപ്പെട്ട് തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും തനിക്കെതിരെ നടക്കുന്ന ബ്ലാക്മെയിലിംഗ് തന്ത്രങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങാന്‍ തയാറല്ലെന്നും മുകേഷ് വ്യക്തമാക്കി. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും മുകേഷ് പറഞ്ഞു.
അതേസമയം മുകേഷിൻ്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം ശക്തമാവുകയാണ്. റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി( ആർ.വൈ.എഫ്) പ്രവർത്തകരുടെ മാർച്ച് പൊലീസ് തടഞ്ഞതോടെ പ്രതിഷേധം സംഘർഷഭരിതമായി. പിന്നാലെ ആർ.വൈ.എഫ് പ്രവർത്തകർ പൊലീസിന് നേരെ കല്ലേറ് നടത്തി. മൂന്ന് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. മഹിളാ മോർച്ചാ പ്രവർത്തകർ റോഡ് ഉപരോധിച്ചു.