മുംബൈയിൽ നിന്ന് രേഖകൾ വീണ്ടെടുക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അപേക്ഷ നൽകിയതിനെ തുടർന്നാണ് ഡൽഹി കോടതി ഉത്തരവിട്ടിരിക്കുന്നത്
മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ ആസൂത്രകന്‍ തഹാവൂര്‍ റാണയുടെ വിചാരണ ഡൽഹിയിലായിരിക്കുമെന്ന് സൂചന. സാധ്യത മുന്നിൽ കണ്ട് മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട വിചാരണ കോടതി രേഖകൾ പട്യാല ഹൗസ് കോടതി ആവശ്യപ്പെട്ടു. ആക്രമണങ്ങളുമായി ബന്ധപ്പെട്ട ഒന്നിലധികം കേസുകൾ രണ്ട് നഗരങ്ങളിലും പരിഗണിക്കുന്നതിനാൽ വിചാരണ കോടതി രേഖകൾ നേരത്തെ മുംബൈയിലേക്ക് അയച്ചിരുന്നു. മുംബൈയിൽ നിന്ന് രേഖകൾ വീണ്ടെടുക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അപേക്ഷ നൽകിയതിനെ തുടർന്നാണ് ഡൽഹി കോടതി ഉത്തരവിട്ടിരിക്കുന്നത്.
ALSO READ: മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവുര്‍ റാണയെ ഇന്ത്യക്ക് കൈമാറും; നടപടി വേഗത്തിലാക്കി ഡൊണാള്‍ഡ് ട്രംപ്
ഈ മാസം ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശന വേളയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് റാണയെ കൈമാറുന്ന കാര്യം പ്രഖ്യാപിച്ചിരുന്നു. യുഎസിലെ അതീവ സുരക്ഷാ ജയിലില്‍ കഴിയുന്ന റാണയെ കൈമാറണമെന്ന് ഇന്ത്യ വര്‍ഷങ്ങളായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. നിലവില്‍ അമേരിക്കയിലെ അതീവ സുരക്ഷാ ജയിലിലാണ് തഹാവുര്‍ റാണ കഴിയുന്നത്. 'അപകടകാരിയായ മനുഷ്യനെ ഞങ്ങള്‍ ഇന്ത്യക്ക് കൈമാറുകയാണ്' എന്നായിരുന്നു ഡൊണാള്‍ഡ് ട്രംപിൻ്റെ പ്രതികരണം. മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരനെ ഇന്ത്യക്ക് കൈമാറണമെന്ന് അമേരിക്കന്‍ കീഴ്‌ക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് കനേഡിയന്‍ പൗരനായ റാണ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ റാണയുടെ ആവശ്യം തള്ളിയ കോടതി കൈമാറ്റം നടത്തണമെന്ന് ഉത്തരവിട്ടു.
പാകിസ്ഥാന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ച മുന്‍ സൈനിക ഡോക്ടറായ തഹാവുര്‍ ഹുസൈന്‍ റാണ, കനേഡിയന്‍ പൗരത്വം നേടി താമസം മാറുകയായിരുന്നു. മുംബൈ ഭീകരാക്രമണത്തില്‍ 26 വിദേശികളും 20 സുരക്ഷാ ഉദ്യോഗസ്ഥരും അടക്കം 166 പേരാണ് കൊല്ലപ്പെട്ടത്. ഛത്രപതി ശിവാജി ടെര്‍മിനസ്, താജ്മഹല്‍ ഹോട്ടല്‍, നരിമാന്‍ ഹൗസ്, കാമ ആന്‍ഡ് ആല്‍ബെസ് ഹോസ്പിറ്റല്‍ തുടങ്ങി മുംബൈയിലെ പ്രധാന സ്ഥലങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരുടെ ആക്രമണം. മുംബൈ ഭീകരാക്രമണത്തെ കുറിച്ച് അറിവുണ്ടായിരുന്നുവെന്നും പാകിസ്ഥാനിലെ തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുണ്ടായിരുന്നുവെന്നുമാണ് റാണയ്‌ക്കെതിരായ ആരോപണം. ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും പാകിസ്ഥാന്‍-അമേരിക്കന്‍ ഭീകരനുമായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുമായി ചേര്‍ന്ന് റാണ ഗൂഢാലോചന നടത്തിയിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.