50% ബിജെപി വരുദ്ധ വോട്ട് ഇപ്പോൾ ഉണ്ടായിട്ടുണ്ടെന്നും, കോൺഗ്രസിൻ്റെ എഎപിയെ തോൽപ്പിക്കുകയെന്ന നിലപാടാണ് ബിജെപിയെ ജയിപ്പിച്ചതെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു.
ഡൽഹി തെരഞ്ഞെടുപ്പ് ഫലസൂചന പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസിനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കോൺഗ്രസാണ് ബിജെപിയെ അധികാരത്തിലെത്തിച്ചതെന്നാണ് എം.വി. ഗോവിന്ദൻ്റെ വിമർശനം. 50% ബിജെപി വരുദ്ധ വോട്ട് ഇപ്പോൾ ഉണ്ടായിട്ടുണ്ടെന്നും, എഎപിയെ തോൽപ്പിക്കുകയെന്ന കോൺഗ്രസിൻ്റെ നിലപാടാണ് ബിജെപിയെ ജയിപ്പിച്ചതെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു.
വിശാല ബിജെപി വിരുദ്ധ മുന്നണിക്ക് രൂപം കൊടുക്കുന്നതിന് പകരം തങ്ങൾക്ക് ജയിക്കാനാകുമോയെന്നാണ് കോൺഗ്രസ് നോക്കിയത്. ഇത് ഇൻഡ്യ മുന്നണിക്ക് മുഴുവൻ വലിയ നഷ്ടമുണ്ടാക്കി. കോൺഗ്രസിന്റെ വല്യേട്ടൻ മനോഭാവമാണ് ബിജെപി വിജയിക്കാൻ കാരണം. കോൺഗ്രസിന്റെ ചെലവിലാണ് ഇപ്പോൾ ഡൽഹി ബിജെപിക്ക് ഭരിക്കാൻ അവസരം ഒരുക്കിയതെന്നും ആരാണോ ബിജെപിക്ക് എതിരായി മത്സരിക്കുന്നത് അവർക്കാണ് സിപിഎമ്മിന്റെ വോട്ടെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
കേന്ദ്ര ബജറ്റ്
പതിവുപോലെ കേരളത്തെ മറന്നുകൊണ്ടാണ് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചതെന്ന് എം.വി. ഗോവിന്ദൻ അഭിപ്രായപ്പെട്ടു. കേരളമെന്ന പേര് പോലും പരാമർശിച്ചിട്ടില്ല. കേന്ദ്ര വിഹിതത്തിൽ വലിയ തോതിൽ വെട്ടിക്കുറവ് വരുത്തി. കയറ്റുമതിക്ക് ഊന്നൽ നൽകുമെന്ന് പ്രഖ്യാപിച്ച ബജറ്റിൽ വിഴിഞ്ഞത്തിന് ഒരു രൂപ പോലും കിട്ടിയില്ലെന്നും സെക്രട്ടറി പറഞ്ഞു.
വയനാട് പുനരധിവാസത്തിനും ഒരു പൈസയും വകയിരുത്തിയില്ല. കേരളത്തോട് കാണിക്കുന്ന മനുഷ്യത്വരഹിത യുദ്ധപ്രഖ്യാപനമാണിത്. കേന്ദ്രം സാമ്പത്തിക ഉപരോധം തുടരുന്നു. ബിഹാറിനു വേണ്ടിയുള്ള ബജറ്റ് പോലെയാണ് ഇത്തവണ കേന്ദ്രം ബഡ്ജറ്റ് അവതരിപ്പിച്ചതെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
ജോർജ് കുര്യൻ്റെ പ്രസ്താവനയെ കാടത്തപരമായ സമീപനമെന്നാണ് ഗോവിന്ദൻ വിശേഷിപ്പിച്ചത്. ഇവരുടെ കേരള വിരുദ്ധത വ്യക്തമാണ്. സുരേഷ് ഗോപിക്ക് കേരളത്തോടുള്ള അവജ്ഞ ഒരു തരം വംശീയമായ ഭ്രാന്ത് പോലെയാണ്.
കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിക്കുമെന്നും സിപിഎം സെക്രട്ടറി വ്യക്തമാക്കി. 19 മുതൽ 23 വരെ കേരളത്തിൽ ഏരിയ അടിസ്ഥാനത്തിൽ കാൽനട ജാഥകൾ നടത്തും. 25 ന് ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്ര ഓഫീസുകൾ ഉപരോധിക്കും. കേരളത്തെ ഇന്ത്യയുടെ ഭാഗമായി അംഗീകരിക്കാത്ത കേന്ദ്രത്തിന്റെ കണ്ണുതുറപ്പിക്കുന്ന സമരമായിരിക്കും ഇതെന്നും എം. വി. ഗോവിന്ദൻ പറഞ്ഞു.
കേരള ബജറ്റ്
കേന്ദ്രം സൃഷ്ടിച്ച പ്രതിസന്ധികൾ മറികടക്കുന്നതിന് സഹായകമായ ബജറ്റാണ് കേരള ബജറ്റെന്ന് ഗോവിന്ദൻ പറഞ്ഞു. അത് ആമുഖത്തിൽ തന്നെ ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അടിസ്ഥാന ജനവിഭാഗത്തിന്റെ ആവശ്യങ്ങൾ മുന്നോട്ട് നയിക്കുന്ന നിർദേശങ്ങളാണ് ബജറ്റിൽ. കേരളത്തിൻറെ വികസനത്തെ മനസ്സിലാക്കിക്കൊണ്ടുള്ള ഊന്നലാണ് സംസ്ഥാന ബജറ്റിൽ ഉള്ളതെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
കിഫ്ബി ടോൾ
കിഫ്ബി കേരളത്തിൻ്റെ സമ്പദ് വ്യവസ്ഥയിൽ നല്ല രീതിയിൽ മുന്നേറുന്നുണ്ടെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. പ്രതിപക്ഷം ആദ്യം ആകാശ കുസുമം എന്നാണ് വിശേഷിപ്പിച്ചത്. പ്രതിപക്ഷത്തിന് കിഫ്ബിയോട് വിരോധമാണ്. കിഫ്ബിയെ തകർക്കാനാണ് ശ്രമം.
കിഫ്ബി ടോളിനെക്കുറിച്ച് ഇപ്പോൾ തീരുമാനിച്ചിട്ടില്ല. പ്രശ്നങ്ങളെല്ലാം പരിശോധിച്ചു കൂട്ടായി ആവശ്യമായ തീരുമാനമെടുക്കും. മുന്നണിയിൽ വിശദമായി കാര്യങ്ങൾ ചർച്ച ചെയ്തിട്ടില്ല. മുന്നണിയിൽ ചർച്ച ചെയ്തു മുന്നോട്ടുപോകുമെന്ന് പറഞ്ഞ ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ്റെ പ്രസ്താവനയെ തള്ളി. ടോൾ വിഷയം മുന്നണി ചർച്ച ചെയ്തിട്ടില്ലെന്നും വിശദമായ ചർച്ച നടന്നിട്ടില്ലെന്നുമാണ് സെക്രട്ടറിയുടെ വിശദീകരണം.
എലപ്പുള്ളി മദ്യ നിർമാണശാല
എലപ്പുള്ള മദ്യ നിർമാണശാലയിൽ എൽഡിഎഫ് ഒറ്റക്കെട്ടായാണ് തീരുമാനങ്ങൾ എടുക്കുന്നതെന്ന് എം.വി. ഗോവിന്ദൻ വ്യക്തമാക്കി. പ്രക്രിയ മുന്നോട്ടു പോകുമ്പോൾ തന്നെ ചർച്ചകൾ നടക്കുമെന്നും എന്ത് തർക്കമുണ്ടെങ്കിലും പരിഹരിച്ചു മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രൂവറിയിൽ പിന്മാറുന്ന പ്രശ്നമില്ല. സർക്കാർ മുന്നോട്ടു പോകുകയാണ്. ആർജെഡി അല്ല ആരുമായും ചർച്ച നടത്തും. നമുക്ക് ആവശ്യമുള്ള സ്പിരിറ്റ് ഇവിടെ ഉൽപ്പാദിപ്പിക്കാനാകണം. ഇതോടെ കൊണ്ടുവരാനുള്ള കോടികളുടെ ചെലവ് ഇല്ലാതാകും. സർക്കാർ തീരുമാനത്തിൽ സംശയങ്ങൾ ഉണ്ടെങ്കിൽ നിരവധി വേദികൾ ഉണ്ട്. ആ വേദികളിൽ ചോദ്യങ്ങൾ ഉന്നയിച്ച് പരിഹാരം കാണുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.