ഇടതുപക്ഷജനാധിപത്യ മുന്നണി ഇല്ലെങ്കിൽ കേരളം ഇങ്ങനെ മുന്നോട്ട് പോകില്ലെന്നും സംസ്ഥാന സമ്മേളനത്തിന്റെ സമാപന വേദിയിൽ സംസാരിക്കവെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിയുടേയും എസ്ഡിപിഐയുടേയും തടങ്കൽപാളയത്തിലാണ് മുസ്ലിം ലീഗെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും വളരെ ചെറിയ വിഭാഗമാണെങ്കിൽ പോലും ഇവരുടെ ആശയ തടങ്കലിലാണ് ഇന്ന് മുസ്ലീം ലീഗെന്നായിരുന്നു എം.വി. ഗോവിന്ദൻ്റെ പ്രസ്താവന. അതിൻ്റെ ഗുണഭോക്താവാണ് കോൺഗ്രസ്. ഇടതുപക്ഷജനാധിപത്യ മുന്നണി ഇല്ലെങ്കിൽ കേരളം ഇങ്ങനെ മുന്നോട്ട് പോകില്ലെന്നും സംസ്ഥാന സമ്മേളനത്തിന്റെ സമാപന വേദിയിൽ സംസാരിക്കവെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.
സമാപന പ്രസംഗത്തിൽ പ്രതിപക്ഷത്തിനെതിരെ എം.വി. ഗോവിന്ദൻ രൂക്ഷ വിമർശനമുയർത്തി. സംസ്ഥാന സർക്കാരിനെതിരെ വിമർശനമുന്നിയിക്കാൻ മാത്രമാണ് കേരളത്തിലെ പ്രതിപക്ഷം ശ്രമിക്കുന്നതെന്നായിരുന്നു എം.വി. ഗോവിന്ദൻ്റെ പക്ഷം. യോജിച്ച പോരാട്ടങ്ങളിലൂടെ ഒറ്റക്കെട്ടായി കേന്ദ്രത്തിനെതിരെ നിൽക്കാൻ പ്രതിപക്ഷം തയ്യാറല്ല. പ്രതിപക്ഷം എങ്ങനെയായിരിക്കണമെന്നതിൽ ശശി തരൂർ പറഞ്ഞതാണ് ശരി. നല്ലത് കണ്ടാൽ പറയാനും മോശം കാര്യങ്ങൾ വിമർശിക്കുന്നവരുമായിരിക്കണം പ്രതിപക്ഷം. എന്നാൽ ഇവിടെ അങ്ങനെയല്ല കാര്യങ്ങൾ. ബജറ്റിൻ്റെ പേരിൽ കേരളം ഒറ്റപ്പെട്ടപ്പോഴും കോൺഗ്രസ് കൂടെ നിന്നില്ലെന്നും ഗോവിന്ദൻ ആരോപിച്ചു.
ALSO READ: മുന്നിലുള്ളത് ഒറ്റക്കെട്ടായി പാർട്ടിയെ മുന്നോട്ട് നയിക്കാനുള്ള ദൗത്യം: എം.വി. ഗോവിന്ദന്‍
എതിരാളി ആരെന്ന ചോദ്യത്തിന് ബിജെപിയുടെയും ആർഎസ്എസിൻ്റെയും കോൺഗ്രസിൻ്റെയും ജമാഅത്തെ ഇസ്‌ലാമിയുടെയുമെല്ലാം എതിരാളിയാരെന്ന് ചോദിച്ചാൽ പറയുന്ന ഉത്തരം സിപിഐഎം എന്നാണെന്ന് എം. വി. ഗോവിന്ദൻ അഭിപ്രായപ്പെട്ടു. പ്രതിപക്ഷ നേതാവും, ബിജെപിയും എല്ലാം പാർട്ടിക്കെതിരെ അപവാദ പ്രചരണങ്ങൾ നടത്തുകയാണ്. ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ, കോൺഗ്രസ്, മുസ്ലീം ലീഗ് എന്നീ പാർട്ടികളെ പിന്തിരിപ്പൻമാരെന്ന് വിളിച്ച ഗോവിന്ദൻ, ഇവരെല്ലാം സംസ്ഥാന സർക്കാരിനെ എങ്ങനെ തോൽപ്പിക്കാമെന്നാണ് ആലോചിക്കുന്നതെന്നും പറഞ്ഞു.
ക്രിസ്തീയ സംഘടനകളെക്കുറിച്ചും എം.വി. ഗോവിന്ദൻ സംസാരിച്ചു. എല്ലാ വർഗീയ ശക്തികളും മുന്നോട്ട് വന്നുകൊണ്ടിരിക്കുന്ന സാഹചര്യമാണിത്. ക്രിസ്ത്യൻ ജനവിഭാഗവും മുസ്ലീം ജനവിഭാഗവും തമ്മിലുള്ള സംഘർഷത്തിനുവേണ്ടിയാണ് കാസ സംഘടിപ്പിക്കുന്നത്. കാസയ്ക്ക് പിന്നിൽആർഎസ്എസാണെന്നും ഗോവിന്ദൻ പറഞ്ഞു.
കേന്ദ്ര സർക്കാരിനെതിരെയും കോൺഗ്രസിനെതിരെയുമുള്ള ശക്തമായ വിമർശനവും എം.വി. ഗോവിന്ദൻ നടത്തി. ഇന്ത്യയിലെ തീവ്ര വലതുപക്ഷമാണ് നരേന്ദ്ര മോദി സർക്കാർ. ഹിന്ദുത്വ രാഷ്ട്രം സൃഷ്ടിക്കുന്നതിനുള്ള ബോധപൂർവമായ ശ്രമമാണ് കേന്ദ്രം നടത്തുന്നത്. കോൺഗ്രസ് ഫലപ്രദമായി ഇടപെടാത്തതു കൊണ്ടാണ് ലോക്സഭയിൽ ബിജെപി ജയിച്ചത്. മൃതുഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന കോൺഗ്രസിന് ബിജെപിയെ നേരിടാനുള്ള കരുത്തില്ല. ബിജെപിക്ക് ബദലാണ് കോൺഗ്രസെന്ന് പറയാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ര തലത്തിൽ കമ്യൂണസത്തിൻ്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ടായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ്റെ പ്രസംഗം. വലതുപക്ഷശക്തികൾക്ക് ലോകമാകെ മുൻകൈ ലഭിച്ചുകൊണ്ടിരിക്കുന്ന പശ്ചാതലത്തിൽ സോഷ്യലിസം ആവശ്യമാണെന്ന് ഗോവിന്ദൻ പറഞ്ഞു. ഒപ്പം സിലോൺ, തുടങ്ങിയ രാജ്യങ്ങളിലെ ഇടതുപക്ഷത്തിൻ്റെ വളർച്ചയെക്കുറിച്ചും സംസ്ഥാന സെക്രട്ടറി സിപിഐഎം സംസ്ഥാന സമ്മേളന വേദിയിൽ സംസാരിച്ചു.
ലോകമാകെ അതിതീവ്ര വലതുപക്ഷ നിലപാട് സ്വീകരിക്കുന്ന സമയമാണിതെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. ഇന്ന് മുതലാളിത്തം വളർന്നുകൊണ്ടിരിക്കുകയാണ്. സമ്പന്നർ കൂടുതൽ സമ്പന്നരാകുമ്പോൾ ദരിദ്രർ കൂടുതൽ ദരിദ്രരാവുകയാണ്. മുതലാളിത്തവും സാമ്രാജ്യത്വ ശക്തിയും വർധിക്കുമ്പോൾ അതിനെ ചെറുക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി നിലയുറപ്പിക്കുകയാണ്. അമേരിക്കയുടെ തീരുവയുടെ ഭാഗമായി വ്യാപാരയുദ്ധത്തെക്കുറിച്ചും സിപിഐഎം സംസ്ഥാന സെക്രട്ടറി സംസാരിച്ചു. ചൈനയെ തകർത്തുകൊണ്ടുമാത്രമേ സമ്രാജ്യത്വതിന് മുന്നേറാനാവൂ എന്ന കണക്കൂട്ടലിലാണ് ട്രംപ് ചൈനയെ ലക്ഷ്യം വെക്കുന്നത്. പഴയതുപോലെ അമേരിക്ക എടുക്കുന്ന തീരുമാനം ശിരസാ വഹിക്കുന്ന കാലമല്ല ഇത്. തീരുവ വർധിപ്പിക്കാൻ അമേരിക്ക തീരുമാനിച്ചാൽ അതേ നാണയത്തിൽ തിരിച്ചടിക്കാൻ കഴിയുന്ന രാജ്യമാണ് ഇന്ന് ചൈനയെന്നും എം. വി. ഗോവിന്ദൻ പറഞ്ഞു.