പുരുഷ കേന്ദ്രീകൃത സമൂഹത്തിൻറെ പരിച്ഛേദം തന്നെയാണ് സിനിമ മേഖലയിലും കാണാൻ സാധിക്കുന്നത്
ഹേമ കമ്മറ്റി റിപ്പോർട്ടിലൂടെ തെളിയുന്നത് സർക്കാരിൻ്റെ ഇച്ഛാശക്തിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സ്ത്രീ സമൂഹത്തിൻറെ ഉന്നതിക്ക് വേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുന്നത്. കോടതിയിലെ സാങ്കേതികമായ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടതോടെ റിപ്പോർട്ട് പൊതുജനങ്ങളുടെ മുന്നിലേക്ക് എത്തിയിരിക്കുകയാണ്. പുരുഷ കേന്ദ്രീകൃത സമൂഹത്തിൻറെ പരിച്ഛേദം തന്നെയാണ് സിനിമ മേഖലയിലും കാണാൻ സാധിക്കുന്നത്. അതിൻ്റെ ജീർണ്ണത മുഴുവൻ പ്രതിഫലിക്കുന്നതാണ് റിപ്പോർട്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
കേരളം ഏറ്റവും ശ്രദ്ധേയമായ രീതിയിലാണ് ഇക്കാര്യം കൈകാര്യം ചെയ്തത്. സർക്കാരിന് ഇക്കാര്യത്തിൽ ഒരു സംശയവുമില്ലെന്നും കഴിഞ്ഞ ദിവസം എം വി ഗോവിന്ദൻ പറഞ്ഞിരുന്നു. തുല്യത, സമത്വം, സ്ത്രീകളെ ഉന്നതിയിൽ എത്തിക്കുക എന്നിവയാണ് സർക്കാരിൻ്റെ നിലപാട്. സ്ത്രീ സമൂഹത്തിൻറെ ഉന്നതിക്ക് വേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുകയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞിരുന്നു. സിനിമ മേഖലയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പുറത്ത് വരട്ടെ. റിപ്പോർട്ടിന്മേൽ ഉറപ്പായും സർക്കാർ നടപടിയുണ്ടാകും. എല്ലാ നടപടികളും സ്വീകരിക്കാൻ സർക്കാരിനോട് ആവശ്യപ്പെടും. സ്ത്രീ വിരുദ്ധമായ പശ്ചാത്തലം ഇന്ത്യൻ സമൂഹത്തിൻ്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ മന്ത്രി പി. രാജീവും പ്രതികരിച്ചിരുന്നു. റിപ്പോർട്ടിന് മേലുള്ള ചർച്ചകൾ പ്രശ്ന പരിഹാരത്തിന് ഉതകുമെന്ന് തോന്നുന്നതായി മന്ത്രി പറഞ്ഞു. സ്ത്രീ സംരക്ഷണത്തിനാണ് സർക്കാർ പ്രാധാന്യം നൽകുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് വൈകിപ്പിക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ല. സർക്കാർ അഭിഭാഷകർ കോടതിയിൽ സ്വീകരിച്ചത് റിപ്പോർട്ട് പുറത്തുവിടണമെന്ന നിലപാടാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. നാലര വർഷം റിപ്പോർട്ട് പുറത്തു വിടാതെ സർക്കാർ എന്തിനു അടയിരുന്നു. ഇത്ര വലിയ സ്ത്രീ വിരുദ്ധത നടന്നിട്ട് ആരെ രക്ഷിക്കാനാണ് ശ്രമിച്ചതെന്ന് വ്യക്തമാക്കണമെന്നും സിനിമ മേഖലയില്‍ ചൂഷണം വ്യാപകമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.