fbwpx
പാലക്കാട്ടെ പെട്ടി വിവാദം: "പാർട്ടിയിൽ ഭിന്നിപ്പുണ്ടെന്ന തോന്നൽ ഉണ്ടാക്കി"; എൻ.എൻ കൃഷ്ണദാസിന് പരസ്യ താക്കീത്
logo

ന്യൂസ് ഡെസ്ക്

Last Updated : 07 Jan, 2025 11:45 PM

എൻ.എൻ. കൃഷ്ണദാസിന്റെ പ്രതികരണം പരസ്യമായി വന്നതുകൊണ്ടാണ് പരസ്യമായ താക്കീത് നൽകുന്നതെന്ന് ഗോവിന്ദൻ വ്യക്തമാക്കി

KERALA


സിപിഎം സംസ്ഥാന സമിതിയംഗം എൻ.എൻ. കൃഷ്ണദാസിന് പരസ്യ താക്കീതുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേളയിൽ പാർട്ടിയിൽ ഭിന്നതയുണ്ടെന്ന് തോന്നിപ്പിക്കും വിധമുള്ള പ്രതികരണം നടത്തിയതിനാണ് നടപടി. തെരഞ്ഞെടുപ്പ് പ്രചരണം യോജിപ്പോടെ മുന്നോട്ട് പോകേണ്ട സമയത്തായിരുന്നു കൃഷ്ണദാസിന്റെ പ്രതികരണമെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വലിയ ചർച്ചയായിരുന്ന നീലപ്പെട്ടി വിവാദത്തിലെ എൻ.എൻ. കൃഷ്ണദാസിൻ്റെ പരാമർശത്തിലാണ് എം.വി. ഗോവിന്ദൻ്റെ പരസ്യ താക്കീത്. എൻ.എൻ. കൃഷ്ണദാസിന്റെ പ്രതികരണം പരസ്യമായി വന്നതുകൊണ്ടാണ് പരസ്യമായ താക്കീത് നൽകുന്നതെന്ന് ഗോവിന്ദൻ വ്യക്തമാക്കി. മഞ്ഞപ്പെട്ടിയും നീലപ്പെട്ടിയും വലിച്ചെറിയണമെന്നും ജനകീയ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടതെന്നുമായിരുന്നു കൃഷ്ണദാസിൻ്റെ പ്രസ്താവന. ട്രോളിബാഗ് വിവാദത്തില്‍ സിപിഎം സംസ്ഥാന-ജില്ലാ നേതൃത്വം ആരോപണങ്ങള്‍ ശക്തമാക്കവെയായിരുന്നു പാര്‍ട്ടിയെ വെട്ടിലാക്കികൊണ്ട് കൃഷ്ണദാസ് രംഗത്ത് വന്നത്.


സിപിഎം സംസ്ഥാന സെക്രട്ടറി നിർദേശിച്ചിട്ടും പ്രസ്താവന തിരുത്താതിരുന്ന എൻ.എൻ കൃഷ്ണദാസ് അവിടംകൊണ്ടും നിർത്തിയിരുന്നില്ല. ഉപതെരഞ്ഞെടുപ്പ് സമയത്ത് തന്നെ മാധ്യമപ്രവർത്തകരെ ഇറച്ചി കടയ്ക്ക് മുന്നിലെ പട്ടികളോട് ഉപമിച്ചതും വലിയ വിമർശനം നേരിട്ടു. എൻ.എൻ കൃഷ്ണദാസിന്റെ പെരുമാറ്റത്തെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലും സമ്മേളനങ്ങളിലും അംഗങ്ങൾ വിമർശിച്ചിരുന്നു. അതിന് പിന്നാലെയാണ് പരസ്യമായി ശാസിച്ച് കൊണ്ടുള്ള സിപിഎം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. വളരെകാലത്തിന് ശേഷമാണ് സംസ്ഥാന നേതൃത്വത്തിലുള്ള ഒരു അംഗത്തെ പരസ്യമായി താക്കീത് ചെയ്യുന്നതുപോലുള്ള കടുത്ത നടപടി സിപിഎമ്മിൻ്റെ ഭാഗത്തുനിന്നുണ്ടാവുന്നത്.


ALSO READ: യുഡിഎഫിലേക്കുള്ള വഴി ഉറപ്പിക്കാന്‍ അന്‍വര്‍; പി.കെ. കുഞ്ഞാലിക്കുട്ടിയേയും പാണക്കാട് തങ്ങളേയും കണ്ടു


ഉപതെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള പരാമർശത്തിനിടെയായിരുന്നു ഗോവിന്ദൻ്റെ പരസ്യതാക്കീത്. സംസ്ഥാന കമ്മിറ്റി യോഗം ഉപതെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്തു. പാർട്ടിക്കും സർക്കാരിനുമെതിരായി വലിയ പ്രചാരവേല നടന്നിരുന്നു. അതിനിടയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ മാധ്യമങ്ങളെ ഉപയോഗിച്ച് വിവാദങ്ങൾ ഉയർത്തി പാർട്ടിയെ ദുർബലപ്പെടുത്താൻ യുഡിഎഫും ബിജെപിയും നിരന്തരം ശ്രമിച്ചു. അപവാദ പ്രചാരവേലയെ മറികടന്ന് നിലവിലുള്ള സീറ്റുകൾ പാർട്ടി നിലനിർത്തുകയും വോട്ട് വർധിപ്പിക്കുകയും ചെയ്തെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു.


വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയൻ്റെ ആത്മഹത്യയിൽ യുഡിഎഫ് നിലപാട് വ്യക്തമാക്കണമെന്ന് ഗോവിന്ദൻ ആവശ്യപ്പെട്ടു. സിപിഎം പ്രവർത്തകനോ അനുഭാവിയോ ആയിരുന്നു ആത്മഹത്യ ചെയ്തതെങ്കിൽ എന്തായിരിക്കും മാധ്യമങ്ങളുടെ സമീപനമെന്നും, എത്ര അന്തിചർച്ചകൾ അതിന്റെ പേരിൽ നടക്കുമായിരുന്നെന്നും ഗോവിന്ദൻ ചോദിച്ചു.

മാധ്യമങ്ങൾക്ക് കമ്യൂണിസ്റ്റ് വിരുദ്ധതയാണെന്ന് ആവർത്തിച്ചുകൊണ്ടായിരുന്നു പിന്നീടും എം.വി. ഗോവിന്ദൻ്റെ പ്രതികരണം. യുഡിഎഫിനെതിരെ കൃത്യമായ വാർത്തകൾ നൽകാൻ മാധ്യമങ്ങൾക്ക് മടിയാണ്. മാധ്യമങ്ങളുടെ ഇരട്ടത്താപ്പ് ജനങ്ങൾ തിരിച്ചറിയും. പാർട്ടി വിരുദ്ധ കാര്യങ്ങൾ ശക്തിയായി അവതരിപ്പിച്ചും യുഡിഎഫിനും ബിജെപിക്കും അനുകൂലമായി പ്രവർത്തിച്ചും, മാധ്യമങ്ങൾ സ്വയം പരിഹാസ്യരാകുന്നെന്നും ഗോവിന്ദൻ പറഞ്ഞു. കമ്യൂണിസ്റ്റ് അന്ധത ബാധിച്ച മാധ്യമങ്ങളാണ് കേരളത്തിൽ ഭൂരിപക്ഷവുമെന്നും സംസ്ഥാന സെക്രട്ടറി ആരോപിച്ചു.


ALSO READ: എൻ. എം. വിജയൻ്റെ മരണം; സത്യാവസ്ഥ അറിഞ്ഞിട്ട് പ്രതികരിക്കാമെന്ന് വി. ഡി. സതീശൻ, തെറ്റ് ചെയ്ത ആരെയും സംരക്ഷിക്കില്ലെന്ന് കെ. മുരളീധരൻ


പെരിയ കൊലക്കേസിൽ സിപിഎം പ്രവർത്തകരെ ശിക്ഷിച്ചു എന്നതിൽ വലിയ കോലാഹലമാണ് മാധ്യമങ്ങളിൽ നടന്നത്. തുടക്കം മുതൽ സിപിഎം ശരിയായ നിലപാട് സ്വീകരിച്ചിരുന്നത്. കൊലപാതകത്തിൽ പാർട്ടിക്ക് ഒരു ബന്ധവുമില്ല. രാഷ്ട്രീയ ഗൂഢാലോചനക്കെതിരെ ഏതറ്റം വരെ പോകാനും പാർട്ടി തയ്യാറാണെന്നും രാഷ്ട്രീയ നീക്കത്തെ രാഷ്ട്രീയമായി നേരിടുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.


പി.വി. അൻവറിൻ്റെ വിഷയത്തിലും ഗോവിന്ദൻ പ്രതികരിച്ചു. അൻവർ യുഡിഎഫിൻ്റെ ഭാഗം തന്നെയാണ്. അതിനെപ്പറ്റി വെറുതെ ചർച്ച ചെയ്യേണ്ടതില്ല. ഫോറസ്റ്റ് ഓഫീസ് തല്ലിപ്പൊളിക്കുന്നു എന്ന് വന്നാൽ അറസ്റ്റ് ചെയ്യുമെന്നും ഒരു വീരപരിവേഷവും അൻവറിനില്ലെന്നും ഗോവിന്ദൻ പറഞ്ഞു.



KERALA
മുഹമ്മദ്‌ ഫസലിന് വിട നൽകി നാട്; തെരുവുനായയെ കണ്ട് ഭയന്നോടി കിണറിൽ വീണ് മരിച്ച കുട്ടിയുടെ മൃതദേഹം സംസ്കരിച്ചു
Also Read
user
Share This

Popular

KERALA
FOOTBALL
അനന്തപുരിയില്‍ പൂരാവേശം; കാല്‍ നൂറ്റാണ്ടിനു ശേഷം കപ്പെടുത്ത് തൃശൂർ