"പൊതു ഇടങ്ങളിലേക്ക് സ്ത്രീകൾ ഇറങ്ങരുത് എന്നത് പിന്തിരിപ്പൻ നിലപാട്. അങ്ങനെ ശാഠ്യം പിടിക്കുന്നവർക്ക് പിടിച്ചു നിൽക്കാനാവില്ല"
കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്ക് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ്റെ പരോക്ഷ വിമർശനം. പൊതു ഇടങ്ങളിലേക്ക് സ്ത്രീകൾ ഇറങ്ങരുത് എന്നത് പിന്തിരിപ്പൻ നിലപാട്. അങ്ങനെ ശാഠ്യം പിടിക്കുന്നവർക്ക് പിടിച്ചു നിൽക്കാനാവില്ല. പുരോഗമന നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകേണ്ടി വരുമെന്നും എം.വി. ഗോവിന്ദൻ വിമർശിച്ചു.
മെക് സെവൻ വ്യായാമത്തിനെതിരെ നേരത്തെ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ വിവാദ പ്രസ്താവന നടത്തിയിരുന്നു. പുരുഷന്മാരും സ്ത്രീകളും ഇടകലർന്നുകൊണ്ടുള്ള ഏത് പദ്ധതി കൊണ്ടുവന്നാലും എതിർക്കും. സമുദായത്തെ പൊളിക്കാനുള്ളതാണ് അത്തരം പദ്ധതികളെന്നും വിശ്വാസ സംരക്ഷണമാണ് പ്രധാനമെന്നും കാന്തപുരം മുസ്ലിയാർ പറഞ്ഞിരുന്നു. മലബാറിൽ മെക് സെവൻ കൂട്ടായ്മക്ക് പ്രചാരം വർധിക്കുന്നതിനിടയിലാണ് കാന്തപുരത്തിന്റെ പരാമർശം.
ALSO READ: പി.വി. അൻവർ യുഡിഎഫിലേക്ക് വരുന്നത് സ്വാഗതം ചെയ്യുന്നു: കെ. സുധാകരൻ
സ്ത്രീകളും പുരുഷന്മാരും ഇടകലർന്നുകൊണ്ട് വ്യായാമത്തിൽ ഏർപ്പെടുന്നുവെന്നാണ് എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രധാന വിമർശനം. വ്യായാമത്തിലൂടെ സ്ത്രീകൾ ശരീരം തുറന്നു കാണിക്കുന്നു. സ്ത്രീ അന്യപുരുഷനെ കാണുന്നതും നോക്കുന്നതും ഹറാമാണെന്ന മതനിയമം തെറ്റിക്കുന്ന പ്രവണത കണ്ടുവരുന്നുവെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പറഞ്ഞിരുന്നു.