fbwpx
'സസ്പെന്‍‌ഷന്‍‌ പിന്‍വലിക്കണമെന്ന് യാതൊരു നിർബന്ധവും ഇല്ല', വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി എൻ. പ്രശാന്ത് IAS
logo

ന്യൂസ് ഡെസ്ക്

Posted : 17 Apr, 2025 07:29 AM

അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എസ്. ജയതിലകിനെതിരായ പരസ്യ അധിക്ഷേപത്തിന് പിന്നാലെയാണ് കൃഷി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്തിനെ സസ്പെൻഡ് ചെയ്യുന്നത്

KERALA


ചീഫ് സെക്രട്ടറിയുടെ ഹിയറിങ്ങിന് പിന്നാലെ സമൂഹമാധ്യമത്തിൽ വീണ്ടും കുറിപ്പ് പങ്കുവച്ച് എൻ. പ്രശാന്ത് ഐഎഎസ്. തടഞ്ഞുവെച്ചിരിക്കുന്ന സ്ഥാനക്കയറ്റം ഉടൻ നൽകണം. സർക്കാറിനെതിരെ കേസ് കൊടുക്കേണ്ട സാഹചര്യം ഒരുക്കരുതെന്നും കുറിപ്പിൽ ആവശ്യപ്പെടുന്നു. ജയതിലകിനും ഗോപാലകൃഷ്ണനുമെതിരെ നിയമനടപടി വേണമെന്നും ഇക്കാര്യങ്ങള്‍ പരിഹരിക്കാതെ സസ്പെൻഷൻ പിൻവലിക്കണമെന്ന നി‍ർബന്ധമില്ലെന്നും പ്രശാന്ത് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. അച്ചടക്കനടപടി സംബന്ധിച്ച് പ്രശാന്തിന്റെ ഭാഗം വിശദീകരിക്കാനാണ് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഹിയറിങ് നടത്തിയത്.

അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എസ് ജയതിലകിനെതിരായ പരസ്യ അധിക്ഷേപത്തിന് പിന്നാലെയാണ് കൃഷി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്തിനെ സസ്പെൻഡ് ചെയ്യുന്നത്. കഴിഞ്ഞ നവംബറിലായിരുന്നു സസ്പെൻഷൻ. കുറ്റാരോപണ മെമ്മോയ്ക്ക് പ്രശാന്ത് ഐഎഎസ് മറുപടി നല്‍കാഞ്ഞതോടെ സസ്പെൻഷൻ വീണ്ടും നീട്ടി. ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്നും അഡ്മിനിസ്ട്രേറ്റീവ് സർവീസിന് അവമതിപ്പുണ്ടാക്കും വിധം പ്രവർത്തിച്ചെന്നുമാണ് സസ്പെൻഷൻ ഉത്തരവിൽ പറയുന്നത്.


എൻ. പ്രശാന്ത് ഐഎഎസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:



ഇന്നത്തെ ഹിയറിങ്ങിന്റെ വിശേഷങ്ങൾ ചോദിച്ച് വന്ന അനവധി മെസേജുകൾക്കും കോളുകൾക്കും മറുപടി ഇടാൻ സാധിക്കാത്ത വിധം തിരക്കിലായിപ്പോയി. വിശദമായ കുറിപ്പിടാൻ ശ്രമിക്കാം. ഹിയറിങ്ങിൽ പറഞ്ഞതിന്റെ സാരാംശം ഇത്രയാണ്:

1. ആറ് മാസത്തിൽ തീർപ്പാക്കണമെന്ന് നിയമമുണ്ടായിരിക്കെ മൂന്ന് വർഷമായിട്ടും ഫയൽ പൂഴ്ത്തി വെച്ച്‌, അതിന്റെ പേരിൽ 2022 മുതൽ അകാരണമായും നിയമവിരുദ്ധമായും തടഞ്ഞ് വെച്ച എന്റെ പ്രമോഷൻ ഉടനടി നൽകണം. ഓരോ ഫയലും ഓരോ ജീവനെടുക്കാനുള്ള അവസരമായി കാണരുത്‌.

2. ⁠ഭരണഘടനാ വിരുദ്ധമായും അഖിലേന്ത്യാ സർവ്വീസ് ചട്ടങ്ങൾക്ക് വിരുദ്ധമായും ഫേസ് ബുക്ക് പോസ്റ്റിന്റെ പേരിൽ വീണ്ടുമൊരു അന്വേഷണം തുടങ്ങാൻ ശ്രമിക്കാതെ ഈ പ്രഹസനം ഇവിടെ അവസാനിപ്പിക്കണം.

3. ⁠ഡോ. ജയതിലകിനും ഗോപാലകൃഷ്ണനും മാതൃഭൂമിക്കും എതിരെ ക്രിമിനൽ ഗൂഢാലോചനയും, വ്യാജരേഖ സൃഷ്ടിക്കലും, സർക്കാർ രേഖയിൽ കൃത്രിമം കാണിക്കലും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് കേസെടുക്കണം.

4. ചട്ടങ്ങളും നിയമങ്ങളും സർക്കാറിന് ബാധകമാണ്. അതിന് വിപരീതമായി പ്രവർത്തിച്ചിട്ട് "ന്നാ താൻ പോയി കേസ് കൊട്" എന്ന് പറയുന്നത് നീതിയുക്തമായ ഭരണസംവിധാനത്തിന് ഭൂഷണമല്ല. ഞാനിതുവരെ സർക്കാറിനെതിരെ ഒരു കേസും കൊടുത്തിട്ടില്ല. അതിന്‌ ദയവായി സാഹചര്യം ഒരുക്കരുത്‌.

5. ഇവയൊന്നും പരിഹരിക്കാതെ എന്റെ സസ്പെൻഷൻ തിരക്കിട്ട് പിൻവലിക്കണമെന്ന് യാതൊരു നിർബന്ധവും ഇല്ല. സർക്കാർ സംവിധാനങ്ങൾക്ക്‌ പുറത്ത്‌ ശ്വാസം മുട്ടാൻ ഞാൻ ഗോപാലകൃഷ്ണനല്ല.


KERALA
റാങ്ക് ലിസ്റ്റ് കാലാവധി ഇന്ന് അവസാനിക്കും; സമരം തുടർന്ന് ‌വനിതാ സിപിഒ ഉദ്യോഗാർഥികൾ
Also Read
user
Share This

Popular

KERALA
WORLD
EXCLUSIVE | മറ്റൊരു വെള്ളാന, നവീകരണത്തിന് ഒരു വർഷം വേണ്ടത് 40 ലക്ഷം; കടലാസിലൊതുങ്ങി തെങ്ങിലകടവിലെ ക്യാൻസർ സ്ക്രീനിംഗ് സെൻ്റർ