ഷൗന ഗൗതമാണ് നാദാനിയാന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മാര്‍ച്ച് 7നാണ് ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് ആരംഭിച്ചത്
സെയ്ഫ് അലി ഖാന്റെ മകന്‍ ഇബ്രാഹിം അലി ഖാന്‍ അഭിനയത്തിലേക്ക് അരങ്ങേറിയ ചിത്രമാണ് നാദാനിയാന്‍. ശ്രീദേവിയുടെ മകളായ ഖുഷി കപൂറാണ് ചിത്രത്തിലെ നായിക. നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. അപ്പോഴാണ് പാകിസ്ഥാനി നിരൂപകനായ തമുര്‍ ഇക്ബാല്‍ നാദാനിയാനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. നാദാനിയാനൊപ്പം ഇബ്രാഹിമിന്റെ മൂക്കിനെയും തമുര്‍ ഇക്ബാല്‍ വിമര്‍ശിച്ചു. ഇതിന് പിന്നാലെ തമുറിനെ ചീത്ത വിളിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ ഇബ്രാഹിം മെസേജ് അയക്കുകയായിരുന്നു. സംഭവം സമൂഹമാധ്യമത്തില്‍ ഇപ്പോള്‍ വലിയ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ്.
ഇബ്രാഹിം തനിക്ക് അയച്ച മെസേജിന്റെ സ്‌ക്രീന്‍ ഷോട്ടും തമുര്‍ ഇക്ബാല്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. 'തമുര്‍, എന്റെ അനിയന്‍ തൈമുറിനോട് സാമ്യമുള്ള പേര്. പക്ഷെ നിങ്ങള്‍ക്ക് ലഭിക്കാത്ത ഒന്നുണ്ട്. അവന്റെ മുഖം. നിങ്ങള്‍ വിരൂപനാണ്. പിന്നെ നിങ്ങളുടെ വാക്കുകള്‍ കൈയ്യില്‍ തന്നെ വെക്കാത്തതുകൊണ്ട് ഒന്നും പറയാനില്ല. അതും നിങ്ങളെ പോലെ പ്രധാനപ്പെട്ടതല്ല. നിന്റെ കുടുംബത്തെയും നിന്നെയും കുറിച്ച് ആലോചിക്കുമ്പോള്‍ എനിക്ക് വിഷമം വരുന്നു. ഇനി നിങ്ങളെ ഞാന്‍ തെരുവില്‍ വെച്ച് കണ്ടാല്‍ ഇപ്പോള്‍ ഉള്ളതിനേക്കാള്‍ വിരൂപനാക്കിയെ ഞാന്‍ നിങ്ങളെ വിടുകയുള്ളൂ', എന്നാണ് ഇബ്രാഹിം തമുറിന് അയച്ച മെസേജ്. നാദാനിയാന്‍ എന്ന ചിത്രത്തെ നിരൂപണം ചെയ്തതിന്റെ പേരിലാണ് തന്നെ ഇബ്രാഹിം ചീത്ത വിളിച്ചതെന്ന് തമുര്‍ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
ഷൗന ഗൗതമാണ് നാദാനിയാന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മാര്‍ച്ച് 7നാണ് ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. അതേസമയം കരണ്‍ ജോഹറിന്റെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന സര്‍സമീനാണ് ഇനി വരാനിരിക്കുന്ന ഇബ്രാഹിമിന്റെ ചിത്രം. ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരന്‍, കജോള്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. ചിത്രത്തിന്റെ റിലീസ് തീയതി ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.