ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായമാണ് അടിയന്തരാവസ്ഥയെന്ന് വിശേഷിപ്പിച്ച മോദി കോൺഗ്രസിൻ്റെ പാപമാണ് അടിയന്തരവസ്ഥയെന്നും കഴുകികളയാൻ കഴിയില്ലെന്നും പറഞ്ഞു
ലോക്‌സഭയിൽ കോൺഗ്രസിനെയും നെഹ്റു കുടുംബത്തിനെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിൻ്റെ പാപമാണ് അടിയന്തരാവസ്ഥക്കാലമെന്നും ഇത് കഴുകി കളയാൻ കഴിയില്ലെന്നും മോദി പറഞ്ഞു. ഒരു സ്ത്രീക്ക് നൽകേണ്ട ഭരണഘടന സംരക്ഷണങ്ങൾ ഷബാനു കേസിൽ, വോട്ട് ബാങ്കിന് വേണ്ടി രാജീവ് ഗാന്ധി അട്ടിമറിച്ചെന്നും മോദി ചൂണ്ടിക്കാട്ടി. അതേസമയം മനുസ്മൃതിയാണ് ബിജെപിയുടെ നിയമസംഹിതയെന്ന പരിഹാസവുമായി രാഹുല്‍ ഗാന്ധിയും രംഗത്തെത്തി.
ലോക്സഭയിൽ നെഹ്‌റു കുടുംബത്തിനെ അക്കമിട്ട് അക്രമിച്ചായിരുന്നു ഭരണഘടനയിന്മേലുള്ള ചർച്ചയ്ക്ക് പ്രധാനമന്ത്രി മറുപടി നൽകിയത്. നെഹ്‌റു മുതൽ രാഹുൽ ഗാന്ധി വരെ നടത്തിയ ഭരണഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ മോദി തുറന്നടിച്ചു. ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായമാണ് അടിയന്തരാവസ്ഥയെന്ന് വിശേഷിപ്പിച്ച മോദി കോൺഗ്രസിൻ്റെ പാപമാണ് അടിയന്തരവസ്ഥയെന്നും കഴുകികളയാൻ കഴിയില്ലെന്നും പറഞ്ഞു.
'മൻ മോഹൻ സിങ് സർക്കാരിൻ്റെ തീരുമാനപ്രകാരം രാഹുൽ ഗാന്ധി ഓർഡിനൻസ് വലിച്ചു കീറി. ഇതിന് രാഹുലിനെ അഹങ്കാരിയെന്നാണ് മോദി വിശേഷിപ്പിച്ചത്. അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാഗാന്ധി ജനങ്ങളുടെ കാലത്ത് മൗലികാവകാശങ്ങളെ കവർന്നെടുത്തു. സോണിയ ഗാന്ധിക്ക് പ്രധാനമന്ത്രിയെക്കാൾ ഉയർന്ന സ്ഥാനമായിരുന്നുവെന്നും സഭയിൽ മോദി വിമർശനമുന്നയിച്ചു.
നെഹ്‌റു കുടുംബത്തെ കടന്നാക്രമിച്ചുള്ള പ്രസംഗത്തിൽ ബിജെപി ഭരണഘടനയെ സംരക്ഷിക്കാനാണ് എക്കാലത്തും ശ്രമിച്ചതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ബിജെപിക്ക് കീഴിൽ നടത്തിയ വികസന പ്രവർത്തനങ്ങളും മോദി വ്യക്തമാക്കി. കോൺഗ്രസ്സ് സംവരണത്തിനും പിന്നാക്ക വിഭാഗങ്ങൾക്കും എതിരായിരുന്നെന്നും മോദിയുടെ പ്രസംഗം. വിമർശനങ്ങൾ വ്യക്തിപരമയാപ്പോൾ പ്രതിപക്ഷം സഭയിൽ ബഹളമുണ്ടാക്കി.
ലോക്സഭയിൽ ആർഎസ്‍എസിനെതിരെ ആഞ്ഞടിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, മനുസ്മൃതിയെയും സവർക്കറെയും മുൻനിർത്തിയാണ് വിമർശനങ്ങൾ ഉയർത്തിയത്. ഭരണഘടനയിൽ ഇന്ത്യയുടേതായി ഒന്നുമില്ലെന്നാണ് സവർക്കർ പറഞ്ഞതെന്നും മനുസ്മൃതിയാണ് ബിജെപിയുടെ നിയമസംഹിതയെന്നും രാഹുൽ ഗാന്ധി. ഉത്തർപ്രദേശിൽ ഭരണഘടനയില്ല, പകരം മനുസ്മൃതിയാണെന്നും രാഹുലിൻ്റെ പരിഹാസം.
ഭരണഘടനയിന്മേലുള്ള ചർച്ചയിൽ പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി കടുത്ത വിമർശനം ഉയർത്തിയതോടെ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ രാഷ്ട്രീയ ചർച്ചകൾക്ക് കളമൊരുങ്ങി. ഭരണപക്ഷത്തിനെതിരെ വീണ്ടും ആക്രമണം ശക്തമാക്കാനാണ് പ്രതിപക്ഷ നീക്കം. എന്നാൽ ഭരണഘടനയിലുള്ള ചർച്ചയിൽ ഭരണപക്ഷം നേടിയ മുൻകൈ പ്രതിപക്ഷത്തിന് ക്ഷീണമായെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.