സിപിഎം നേതാവ് പ്രതിയായ കേസിൽ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷ ഇല്ലെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്
എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. ആത്മഹത്യ എന്ന പൊലീസ് നിഗമനം മുഖവിലയ്‌ക്കെടുക്കാൻ ആവില്ലെന്നും, അന്വേഷണത്തിൽ തൃപ്തിയില്ലെന്നും കുടുംബം പറഞ്ഞു. അതുകൊണ്ട് കേസ് സിബിഐ അന്വേഷിക്കണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം. ഹർജി ഡിസംബർ മൂന്നിന് പരിഗണിക്കും.
സിപിഎം നേതാവ് പ്രതിയായ കേസിൽ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ലെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. തങ്ങൾക്ക് നീതി ലഭ്യമാക്കാൻ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. അതേസമയം, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ മറ്റൊരു പൊതുതാൽപര്യ ഹർജി കൂടി ഫയൽ ചെയ്‌തിട്ടുണ്ട്. 'നിക്ഷ്പക്ഷ അന്വേഷണത്തിന് സിബിഐ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചേർത്തല സ്വദേശി മുരളീധരൻ എന്നയാളാണ് ഹർജി സമർപ്പിച്ചത്.
നവീന്‍ ബാബുവിന്‍റെ മരണത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞ കുടുംബം നേരത്തെ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. സെപ്റ്റംബർ 15ന് രാവിലെയാണ് എഡിഎം നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തലേദിവസം കണ്ണൂര്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിൽ വെച്ച് നടന്ന, എഡിഎമ്മിൻ്റെ യാത്രയയപ്പ് യോഗത്തിലേക്ക് അപ്രതീക്ഷിതമായി വന്നെത്തിയ, അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി.പി. ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതിയാരോപണം ഉന്നയിച്ചിരുന്നു.
ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതില്‍ എഡിഎം അഴിമതി നടത്തിയെന്നായിരുന്നു ആരോപണം. ഇതില്‍ മനം നൊന്താണ് നവീന്‍ ബാബു ജീവനൊടുക്കിയതെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. തുടർന്ന് ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി പൊലീസ് ദിവ്യക്കെതിരെ കേസെടുത്തിരുന്നു. പിന്നാലെ ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തു നിന്നും നീക്കി. ജയിലിലായ ദിവ്യക്ക് നവംബർ ഒന്‍പതിന് ഉപാധികളോടെ ജാമ്യം ലഭിച്ചിരുന്നു.
ALSO READ: എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയത്തിൽ രണ്ടഭിപ്രായം ഉണ്ട്: എം.വി. ജയരാജൻ
യാത്രയയപ്പ് ചടങ്ങിലെ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യയുടെ അഴിമതി ആരോപണത്തിനു പിന്നാലെ എഡിഎം നവീന്‍ ബാബു ചേംബറിലെത്തി കണ്ടുവെന്ന് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ മൊഴി നല്‍കിയിരുന്നു. തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞെന്നായിരുന്നു കളക്ടറുടെ മൊഴി. ഇത് കോഴ വാങ്ങിയതാണെന്ന് വ്യാഖ്യാനിക്കാനാകില്ലെന്ന് ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള കോടതി വിധിയില്‍ പറഞ്ഞിരുന്നു. നവീൻ ബാബു കളക്ടറോട് തെറ്റുപറ്റിയെന്ന് പറഞ്ഞത് കളവാണെന്ന് കുടുംബവും പറഞ്ഞിരുന്നു.
എഡിഎം കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് റവന്യൂ വകുപ്പ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അഴിമതി ആരോപിക്കുന്ന പ്രശാന്തന്‍റെ പെട്രോൾ പമ്പിന് എൻഒസി നൽകുന്നതിന് എഡിഎം സ്വീകരിച്ചത് സ്വാഭാവിക നടപടിക്രമമാണ്. ടൗൺ പ്ലാനിങ് റിപ്പോർട്ട് തേടിയതും സ്വാഭാവിക നടപടിയാണെന്ന് ലാന്‍ഡ് റവന്യൂ ജോയിന്‍റ് കമ്മീഷണർ എ. ഗീതയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്. എഡിഎമ്മിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും, അദ്ദേഹം ഫയൽ വൈകിപ്പിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.