ഇംപ്രൊവൈസ്ഡ് സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്
ഛത്തീസ്‌ഗഢിലെ സുക്മയിൽ മാവോയിസ്റ്റുകൾ ട്രക്ക് തകർത്തതിനെത്തുടർന്നുണ്ടായ അപകടത്തിൽ മലയാളിയുൾപ്പെടെ രണ്ട് സി.ആര്‍.പി.എഫ് സൈനികര്‍ കൊല്ലപ്പെട്ടു. തിരുവനന്തപുരം സ്വദേശി വിഷ്‌ണു, കാൺപൂർ സ്വദേശി ഷൈലേന്ദ്ര എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇവർ സിപിആർഎഫിൻ്റെ പ്രത്യേക മാവോയിസ്റ്റ് വിരുദ്ധ യൂണിറ്റില്‍ നിന്നുള്ള സൈനികരാണെന്ന് പൊലീസ് അറിയിച്ചു. ഇംപ്രൊവൈസ്ഡ് സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. നിരവധി സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
സുരക്ഷാ സേനയുടെ വാഹനവ്യൂഹം ലക്ഷ്യമിട്ടുകൊണ്ടാണ് ആക്രമണം നടത്തിയതെന്നാണ് നിഗമനം. ട്രക്കിലും ഇരുചക്ര വാഹനങ്ങളിലുമായാണ് സൈനികർ സഞ്ചരിച്ചിരുന്നത്. കമാൻഡോ ബറ്റാലിയൻ ഫോർ റെസലൂട്ട് ആക്ഷൻ ടീം ജഗർഗുണ്ട പൊലീസ് സ്റ്റേഷൻ പരിധിയില്‍ പട്രോളിംഗ് നടത്തുന്നതിനിടെയായിരുന്നു അപകടം.
പ്രദേശത്ത് കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്നും മാവോയിസ്റ്റുകൾക്കായി തിരച്ചിൽ നടത്തുകയാണെന്നും പൊലീസ് അറിയിച്ചു. മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സൈനികർക്ക് ഇംപ്രൊവൈസ്ഡ് സ്ഫോടക വസ്തുക്കൾ ഭീഷണി ഉയർത്തുന്നതായി വിദഗ്‌ധർ അറിയിച്ചു.