കഴിഞ്ഞദിവസം രാത്രി മുംബൈയിലെ ബൈക്കുള ഏരിയയിലാണ് കൊലപാതകം നടന്നത്
മുംബൈയിൽ എൻസിപി നേതാവിനെ വെട്ടിക്കൊന്നു. എൻസിപി അജിത് പവാർ വിഭാഗം നേതാവ് സച്ചിൻ കുർമിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം രാത്രി മുംബൈയിലെ ബൈക്കുള ഏരിയയിലാണ് കൊലപാതകം നടന്നത്. സംഭവത്തിൽ മുംബൈ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം രാത്രി 12:30 ഓടെയാണ് സച്ചിൻ കുർമിക്ക് വെട്ടേൽക്കുന്നത്. സംഭവത്തെ കുറിച്ച് വിവരം ലഭിച്ചയുടൻ പൊലീസ് സ്ഥലത്തെത്തിയിരുന്നു. ഉടൻ തന്നെ സച്ചിൻ കുർമിയെ ജെജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. എന്നാൽ സംഭവത്തിൽ മൂന്ന് പേർക്കെങ്കിലും പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. സച്ചിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ താലൂക്ക് പ്രസിഡന്റായിരുന്നു കൊല്ലപ്പെട്ട സച്ചിൻ.