രണ്ട് ദിവസങ്ങള്‍ക്ക് ശേഷം സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ലഭിച്ച ബോബിയുടെ ചിത്രം പൊലീസ് പുറത്ത് വിട്ടു. മുണയുടെ അപ്പാർട്ട്മെന്‍റില്‍ നിന്നും ബോബി തിരികെ പോകുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ നിന്നും ലഭിച്ചത്
മുണ പാണ്ഡെ, ബോബി സിന്‍ഹ് ഷാ
യുഎസില്‍ മോഷണ ശ്രമത്തിനിടയില്‍ ഇന്ത്യന്‍ വംശജന്‍റെ വെടിയേറ്റ് നേപ്പാള്‍ സ്വദേശിനിയായ വിദ്യാർഥി മരിച്ചു. 21 വയസുള്ള മുണ പാണ്ഡെയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ഹൂസ്റ്റണ്‍ കമ്മ്യൂണിറ്റി കോളേജ് വിദ്യാർഥിനിയാണ് പാണ്ഡെ. വെടിവെച്ച ബോബി സിന്‍ഹ് ഷായെ പൊലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച വൈകിട്ട് 5.30 നാണ് മുണ പാണ്ഡെയെ ഹൂസ്റ്റണിലെ അപ്പാർട്ട്മെന്‍റില്‍ വെടിയേറ്റ നിലയില്‍ കോംപ്ലക്സിലെ ജീവനക്കാർ കണ്ടെത്തിയത്. അപ്പാർട്ട്മെന്‍റിനുള്ളില്‍ മൃതദേഹമുണ്ടെന്ന അജ്ഞാത ഫോണ്‍കോള്‍ ലഭിച്ചതിനെ തുടർന്നാണ് പരിശോധിച്ചതെന്ന് ജീവനക്കാർ പൊലീസിനോട് പറഞ്ഞു. പൊലീസ് എത്തിയപ്പോഴേക്കും പാണ്ഡെ മരിച്ചിരുന്നു.
രണ്ട് ദിവസങ്ങള്‍ക്ക് ശേഷം സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ലഭിച്ച ബോബിയുടെ ചിത്രം പൊലീസ് പുറത്ത് വിട്ടു. മുണയുടെ അപ്പാർട്ട്മെന്‍റില്‍ നിന്നും ബോബി തിരികെ പോകുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ നിന്നും ലഭിച്ചത്. അതേ ദിവസം തന്നെ ബോബിയെ ട്രാഫിക് സിഗ്നലില്‍ വെച്ച് പൊലീസ് അറസ്റ്റും ചെയ്തു.
2021ലാണ് മുണ പാണ്ഡെ ഹൂസ്റ്റണ്‍ കമ്മ്യൂണിറ്റി കോളേജില്‍ പഠിക്കാനെത്തിയത്. മൃതദേഹം കണ്ടെത്തുന്നതിന് മുന്‍പ് ദിവസങ്ങളായി പാണ്ഡെയെ അമ്മ അനിത ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും സാധിച്ചില്ലെന്ന് ഹൂസ്റ്റണിലെ നെപ്പാളീസ് അസോസിയേഷന്‍ ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞു. നേപ്പാള്‍ കോണ്‍സുലേറ്റുമായി ചേർന്ന് അനിതയെ ഹൂസ്റ്റണില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് അസോസിയേഷന്‍.