എ.എന്‍.രാധാകൃഷ്ണന്‍ സംഘടിപ്പിച്ച സ്‌കൂട്ടര്‍ വിതരണ പരിപാടിയില്‍ പാര്‍ട്ടിക്ക് പങ്കില്ല എന്ന് പറഞ്ഞ് ഒഴിയുകയാണ് ബിജെപി നേതൃത്വം.
സിഎസ്ആര്‍ ഫണ്ട് തട്ടിപ്പില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് ഇന്ന് പുറത്തുവന്നത്. ബിജെപി നേതാവ് എ.എന്‍.രാധാകൃഷ്ണന് ഫണ്ട് തട്ടിപ്പ് പ്രതി അനന്തു കൃഷ്ണനുമായി അടുത്ത ബന്ധമെന്ന് കോണ്‍ഗ്രസ് നേതാവും തട്ടിപ്പ് കേസിലെ ഏഴാം പ്രതിയുമായ ലാലി വിന്‍സന്റ് വെളിപ്പെടുത്തി. എ.എന്‍.രാധാകൃഷ്ണനും അനന്തു കൃഷ്ണനും തമ്മില്‍ കോടികളുടെ ഇടപാട് നടന്നിട്ടുണ്ടെന്നും ലാലി വിന്‍സന്റ് പറയുന്നു. അതേസമയം എ.എന്‍.രാധാകൃഷ്ണന്‍ സംഘടിപ്പിച്ച സ്‌കൂട്ടര്‍ വിതരണ പരിപാടിയില്‍ പാര്‍ട്ടിക്ക് പങ്കില്ല എന്ന് പറഞ്ഞ് ഒഴിയുകയാണ് ബിജെപി നേതൃത്വം.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍.രാധാകൃഷ്ണന്റെ ഫേസ്ബുക്ക് പേജില്‍ വനിതകള്‍ക്ക് സൗജന്യനിരക്കില്‍ ഇരുചക്രവാഹനം വിതരണം ചെയ്യുന്നത് സംബന്ധിച്ച് ഇത്തരത്തിലുള്ള അമ്പതിലധികം പോസ്റ്റുകള്‍ കാണാം. എ.എന്‍. രാധാകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന സൈന്‍ എന്ന സന്നദ്ധ സംഘടന അനന്തു കൃഷ്ണന്റെ തട്ടിപ്പ് സംഘടനയായ നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷനുമായി സഹകരിച്ചിരുന്നു. കേരളത്തിലുടനീളം നടത്തിയ പരിപാടികളില്‍ എ.എന്‍. രാധാകൃഷ്ണന്‍ നേരിട്ട് പങ്കെടുക്കുകയും ചെയ്തു. അനന്തു കൃഷ്ണന്റെ പരിപാടികളില്‍ പലതവണ എ.എന്‍. രാധാകൃഷ്ണന്‍ ഉദ്ഘാടകനായെത്തി. തന്റെ സ്വന്തം പരിപാടിയായാണ് എ.എന്‍. രാധാകൃഷ്ണന്‍ സ്‌കൂട്ടര്‍ വിതരണത്തെ അവതരിപ്പിച്ചത്. എ.എന്‍.ആര്‍ ഫോര്‍ ബിജെപി, ബിജെപി കേരളം തുടങ്ങിയ ഹാഷ് ടാഗുകളും തട്ടിപ്പ് പരിപാടിയുടെ പരസ്യങ്ങളില്‍ ഉപയോഗിക്കുകയും ചെയ്തിരുന്നു.
കൊച്ചി മറൈന്‍ ഡ്രൈവില്‍ നടന്ന പരിപാടിയില്‍ കേന്ദ്രമന്ത്രി ശോഭ കരന്ദലജെ ആയിരുന്നു ഉദ്ഘാടക. ബിജെപി സംസ്ഥാന നേതാവ് നേരിട്ട് നേതൃത്വം നല്‍കുന്ന പദ്ധതി എന്ന പ്രതീതിയിലൂടെ കിട്ടുന്ന വിശ്വാസ്യത അനന്തു കൃഷ്ണന്‍ മുതലാക്കി. ആയിരക്കണക്കിന് സ്ത്രീകളെയും കര്‍ഷകരെയും വഞ്ചിക്കാന്‍ ഇത് ഉപയോഗിച്ചു. തട്ടിപ്പുകാരനുമായുള്ള ബന്ധത്തെപ്പറ്റി എ.എന്‍.രാധാകൃഷ്ണന്‍ ഇതുവരെ പൊതുപ്രതികരണമൊന്നും നടത്തിയിട്ടില്ല. ഇതിനിടെ പരാതിക്കാരെ സ്വാധീനിക്കാന്‍ BJP നേതാവായ രേണു സുരേഷ് ശ്രമിച്ചതിന്റെ ശബ്ദരേഖയും പുറത്തുവന്നു.
ഇതിനിടെ കെപിസിസി വൈസ് പ്രസിഡന്റ് ലാലി വിന്‍സെന്റിന് സിഎസ്ആര്‍ തട്ടിപ്പ് കേസില്‍ ഏഴാം പ്രതിയാക്കി കണ്ണൂരില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അനന്തു കൃഷ്ണന്‍ ചെയര്‍മാനായിരുന്ന സന്നദ്ധ സംഘടനയുടെ നിയമോപദേശകയാണ് കെപിസിസി വൈസ് പ്രസിഡന്റ് ലാലി വിന്‍സന്റ്. തനിക്ക് നിയമോപദേശക എന്ന നിലയിലുള്ള പ്രതിഫലം മാത്രമേ കിട്ടിയിട്ടുള്ളൂ എന്ന് ലാലി വിന്‍സെന്റ് പറയുന്നു. അതേസമയം ഗുരുതരമായ വെളിപ്പെടുത്തലാണ് ലാലി വിന്‍സന്റ് എ.എന്‍.രാധാകൃഷ്ണനെതിരെ നടത്തിയത്.
സത്യസായ് ട്രസ്റ്റ് ചെയര്‍മാന്‍ അനന്തകുമാര്‍ അടക്കം അനന്തു കൃഷ്ണനുമായി കോടികളുടെ പണമിടപാട് നടത്തിയിട്ടുണ്ടെന്നും ലാലി വിന്‍സന്റ് വെളിപ്പെടുത്തി. അനന്തു കൃഷ്ണനെ എല്ലാവരും ചേര്‍ന്ന് ചതിക്കുകയായിരുന്നുവെന്നും ലാലി വിന്‍സന്റ് ന്യൂസ് മലയാളത്തോട് പറഞ്ഞു.
പകുതി പണത്തിന് എന്ത് സാധനം നല്‍കിയാലും അത് തട്ടിപ്പായിരിക്കുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.രാധാകൃഷ്ണന്‍ പറഞ്ഞു. എ.എന്‍.രാധാകൃഷ്ണന്‍ സംഘടിപ്പിച്ച സ്‌കൂട്ടര്‍ വിതരണത്തില്‍ ബിജെപിക്ക് പങ്കില്ല. ബിജെപി നേതാക്കള്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടെങ്കില്‍ അവര്‍ക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കും.
അനന്തു കൃഷ്ണനൊപ്പം കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റ് സജീവമായി പ്രവര്‍ത്തിച്ചിരുന്നുവെന്ന് തട്ടിപ്പ് നടത്താന്‍ ഉപയോഗിച്ച സംഘടനയായ സീഡിന്റെ സെക്രട്ടറി മോഹനനന്‍ പറഞ്ഞു. പലതവണ അനന്തു കൃഷ്ണനൊപ്പം ലാലി കണ്ണൂരിലെത്തി.
സീഡ് വഴി നടന്നിരുന്നത് തട്ടിപ്പായിരുന്നുവെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നും മോഹനന്‍ പറയുന്നു. സിഎസ്ആര്‍ ഫണ്ട് വഴി എങ്ങനെ പണം വരുമെന്നും തനിക്ക് അറിയില്ലായിരുന്നു.
ചുരുക്കത്തില്‍ രാഷ്ട്രീയ നേതാക്കള്‍ എന്ന നിലയില്‍ എ.എന്‍.രാധാകൃഷ്ണനും ലാലി വിന്‍സന്റിനുമെല്ലാമുള്ള ജനകീയതയായിരുന്നു തട്ടിപ്പിന് അനന്തു കൃഷ്ണന്റെ ഏക മൂലധനം. ഇവരെക്കൂടാതെ മറ്റ് ധാരാളം ഭരണ, പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളേയും ഇയാള്‍ പരിപാടികളില്‍ പങ്കെടുപ്പിച്ചിരുന്നുവെങ്കിലും ഈ രണ്ട് നേതാക്കളുമായുള്ള അടുത്ത ബന്ധം മാത്രമാണ് ഇതുവരെ പുറത്തുവന്നത്. ജനങ്ങള്‍ക്ക് സഹായമാകുന്ന സന്നദ്ധപ്രവര്‍ത്തനം എന്ന് തെറ്റിദ്ധരിപ്പിച്ചാണ് അനന്തു കൃഷ്ണന്‍ നേതാക്കളില്‍ ഏറെപ്പേരെയും പരിപാടികള്‍ക്ക് എത്തിച്ചിരുന്നത്.