fbwpx
"ഡ്രസിങ് റൂമിൽ കുടുംബാംഗങ്ങളെ കയറ്റരുത്"; ഇക്കുറി ഐപിഎൽ താരങ്ങൾക്ക് കൂടുതൽ നിയന്ത്രണം
logo

ന്യൂസ് ഡെസ്ക്

Posted : 05 Mar, 2025 06:35 PM

അന്താരാഷ്ട്ര മത്സരങ്ങളിൽ ഇതിനോടകം തന്നെ ഇന്ത്യൻ താരങ്ങൾക്കിടയിൽ ഈ നിയമം കർശനമായി പാലിക്കപ്പെടുന്നുണ്ട്.

IPL 2025


ഐ‌പി‌എൽ മത്സരങ്ങൾക്ക് മുമ്പും ശേഷവും പ്ലെയർ ആൻഡ് മാച്ച് ഒഫീഷ്യൽസ് ഏരിയകളിൽ കുടുംബാംഗങ്ങളുടെ സാന്നിധ്യം സംബന്ധിച്ച നിയന്ത്രണങ്ങൾ കർശനമാക്കി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്. കൂടാതെ കളിക്കാർ ടീം ബസിൽ യാത്ര ചെയ്യണമെന്ന നിബന്ധനയും ബി‌സി‌സി‌ഐ കർശനമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യൻ താരങ്ങൾക്കിടയിൽ ഈ നിയമം കർശനമായി പാലിക്കപ്പെടുന്നുണ്ട്.

പരിശീലനത്തിനായി വരുമ്പോൾ കളിക്കാർ ടീം ബസ് ഉപയോഗിക്കണമെന്നും ടീമുകൾക്ക് രണ്ട് ബാച്ചുകളായി യാത്ര ചെയ്യാം," ബിസിസിഐയുടെ പുതിയ നിയമം പറയുന്നു. കളിക്കാരുടെയും സപ്പോർട്ട് സ്റ്റാഫിന്റെയും കുടുംബാംഗങ്ങൾക്ക് പരിശീലന ദിവസങ്ങളിൽ പോലും ഡ്രസിങ് റൂമിൽ പ്രവേശിക്കാൻ പാടില്ലെന്നാണ് പുതിയ നിബന്ധന പറയുന്നത്. നേരത്തെ മുതൽ മത്സര ദിവസങ്ങളിൽ അവർക്ക് അനുവാദമില്ലായിരുന്നു. പരിശീലന ദിവസങ്ങളിൽ (ടൂർണമെന്റിന് മുമ്പും) ഡ്രസ്സിംഗ് റൂമിലും കളിക്കളത്തിലും അംഗീകൃത സ്റ്റാഫുകളെ മാത്രമേ അനുവദിക്കൂ.

അതേസമയം, കളിക്കാരുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും വ്യത്യസ്ത വാഹനങ്ങളിൽ യാത്ര ചെയ്യാം. ഹോസ്പിറ്റാലിറ്റി ഏരിയയിൽ നിന്ന് ടീമിൻ്റെ പരിശീലനം കാണാം. ത്രോ ഡൗൺ സ്പെഷ്യലിസ്റ്റ്, നെറ്റ് ബൗളർമാർ എന്നിവരുടേയും പട്ടിക ബിസിസിഐയുടെ അംഗീകാരത്തിനായി സമർപ്പിക്കേണ്ടതുണ്ട്. അംഗീകാരം ലഭിച്ചാൽ മത്സര ദിനങ്ങൾ ഒഴികെയുള്ള അക്രെഡിറ്റേഷനുകൾ നൽകും.

മത്സര ദിവസങ്ങളിൽ ഗ്രൗണ്ടിൽ കളിക്കാരുടെ ഫിറ്റ്‌നസ് പരിശോധന നടത്താൻ കഴിയില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. സാധാരണയായി മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഫിസിയോകൾ പ്രധാന ട്രാക്കിൽ കളിക്കാരുടെ ഫിറ്റ്‌നസ് പരിശോധിക്കാറുണ്ട്. കളിക്കാർ കുറഞ്ഞത് രണ്ട് ഓവറുകളെങ്കിലും ഓറഞ്ച്, പർപ്പിൾ തൊപ്പികൾ ധരിക്കണമെന്നും മത്സര ശേഷമുള്ള സമ്മാനദാന ചടങ്ങുകളിൽ കളിക്കാർ സ്ലീവ്‌ലെസ് ജേഴ്‌സി ധരിക്കരുതെന്നും ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്.

നിയമങ്ങൾ കൂടുതൽ വിശദീകരിക്കുന്നതിനായി മാർച്ച് 20ന് മുംബൈയിലെ ക്രിക്കറ്റ് സെൻ്ററിൽ എല്ലാ ക്യാപ്റ്റൻമാരുമായും ബിസിസിഐ നേരിട്ട് കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്. സാധാരണയായി ഉദ്ഘാടന മത്സരം നടക്കുന്ന ഹോം ടൗണിലാണ് ഈ മീറ്റിംഗുകൾ നടക്കുന്നത്. മാർച്ച് 22ന് കൊൽക്കത്തയിലാണ് ഐപിഎൽ ആരംഭിക്കുന്നത്.


2025 മുതൽ ഐപിഎല്ലിൽ നടപ്പാക്കുന്ന ചില മാറ്റങ്ങൾ താഴെ കൊടുക്കുന്നു

ടൂർണമെൻ്റിനിടയിലെ പരിശീലനം:

1. റേഞ്ച് ഹിറ്റിങ്ങിനായി ടീമുകൾക്ക് പരിശീലന മേഖലയിൽ രണ്ട് നെറ്റുകളും, മെയിൻ സ്ക്വയറിൽ വൺസൈഡ് വിക്കറ്റും ലഭിക്കും. മുംബൈയിലെ വാംഖഡെയിൽ രണ്ട് ടീമുകളും ഒരേ സമയം പരിശീലനം നടത്തുകയാണെങ്കിൽ, ടീമുകൾക്ക് രണ്ട് വിക്കറ്റുകൾ വീതം ലഭിക്കും.

2. തുറന്ന വലകൾ അനുവദിക്കില്ല.

3. ഒരു ടീം നേരത്തെ പരിശീലനം പൂർത്തിയാക്കിയാൽ, മറ്റൊരു ടീമിന് പരിശീലനത്തിനായി വിക്കറ്റുകൾ ഉപയോഗിക്കാൻ അനുവാദമില്ല.

4. മത്സര ദിവസങ്ങളിൽ പരിശീലനത്തിന് അനുവാദമില്ല.

5. മത്സര ദിവസം പ്രധാന സ്ക്വയറിൽ ഫിറ്റ്നസ് പരിശോധന നടക്കില്ല.

6. ടൂർണമെന്റിന് മുമ്പും ടൂർണമെന്റിനിടയിലും പരിശീലന ദിവസങ്ങളിൽ അംഗീകൃത ജീവനക്കാർക്ക് മാത്രമേ ഡ്രസ്സിങ് റൂമിലും കളിക്കളത്തിലും പ്രവേശനം അനുവദിക്കൂ. കളിക്കാരുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും വ്യത്യസ്ത വാഹനങ്ങളിൽ യാത്ര ചെയ്യാനും ഹോസ്പിറ്റാലിറ്റി ഏരിയയിൽ നിന്ന് ടീം പരിശീലനം കാണാനും കഴിയും. സപ്പോർട്ട് സ്റ്റാഫിന്റെ പട്ടിക ബിസിസിഐയുടെ അംഗീകാരത്തിനായി സമർപ്പിക്കേണ്ടതുണ്ട്. അംഗീകാരം ലഭിച്ചാൽ മത്സര ദിനങ്ങൾ ഒഴികെയുള്ള അക്രെഡിറ്റേഷനുകൾ നൽകും.

7. പരിശീലനത്തിന് വരുമ്പോൾ കളിക്കാർ ടീം ബസ് ഉപയോഗിക്കണം. ടീമുകൾക്ക് രണ്ട് ബാച്ചുകളായി യാത്ര ചെയ്യാം.

8. മത്സര ദിവസങ്ങളിലെ പ്രാക്ടീസ്, ഫിറ്റ്നസ് ടെസ്റ്റ് എന്നിവയുമായി ബന്ധപ്പെട്ട ഏതൊരു അഭ്യർത്ഥനയ്ക്കും, വേദിയുടെ മാനേജർ ആയിരിക്കും മുഖ്യ അതോറിറ്റി.


മത്സര ദിനത്തിലെ നിയന്ത്രണങ്ങൾ

1. മത്സര ദിവസം സപ്പോർട്ട് സ്റ്റാഫ് ജീവനക്കാർ അവരുടെ അക്രെഡിറ്റഡ് കാർഡ് കൊണ്ടുവരേണ്ടത് നിർബന്ധമാണ്. കാർഡ് കൈവശം വയ്ക്കാത്ത ആദ്യ അവസരത്തിൽ ടീമിന് മുന്നറിയിപ്പ് നൽകും. ആവർത്തിച്ചാൽ ടീമിന് പിഴ ചുമത്തും.

2. ഹിറ്റിങ് നെറ്റ് നൽകിയിട്ടും കളിക്കാർ LED ബോർഡുകളിൽ അടിക്കുന്നത് തുടരുന്നുണ്ട്. ടീമുകൾ അത് ശ്രദ്ധിക്കണം.

3. കളിക്കാരും സപ്പോർട്ട് സ്റ്റാഫും LED ബോർഡുകൾക്ക് മുന്നിൽ ഇരിക്കരുത്. സ്പോൺസർഷിപ്പ് ടീം ബൗണ്ടറി ലൈനുകളിൽ ഉടനീളം ടവലുകളും വാട്ടർ ബോട്ടിലുകളും വഹിക്കുന്ന പകരക്കാർക്ക് ഇരിക്കാൻ കഴിയുന്ന സ്ഥലങ്ങൾ അടയാളപ്പെടുത്തും.

4. ആദ്യ രണ്ട് ഓവറുകൾ വരെ കളിക്കാർ ഓറഞ്ച്, പർപ്പിൾ തൊപ്പികൾ ധരിക്കണം.

5. മത്സര ശേഷം സംപ്രേഷണം അവസാനിക്കും വരെ താരങ്ങൾക്ക് സ്ലീവ്‌ലെസ് ജേഴ്‌സി അനുവദനീയമല്ല. അങ്ങനെ ചെയ്താൽ ആദ്യ തവണ മുന്നറിയിപ്പ് നൽകും. രണ്ടാമത്തെ തവണ സാമ്പത്തിക പിഴ ഈടാക്കും.

6. ഐപിഎൽ 2024 സീസണിലേത് പോലെ, മത്സര ദിവസങ്ങളിൽ ടീം ഡോക്ടർ ഉൾപ്പെടെ 12 അംഗീകൃത സപ്പോർട്ട് സ്റ്റാഫുകളെ മാത്രമേ അനുവദിക്കൂ.

7. ജേഴ്‌സി നമ്പറുകളിൽ എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ 24 മണിക്കൂർ മുമ്പ് അറിയിക്കുക.

KERALA
രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് സ്വരൂപിക്കൽ: സംസ്ഥാനത്തെ എസ്‌ഡിപിഐ ഓഫീസുകളിൽ ഇഡി റെയ്ഡ്
Also Read
user
Share This

Popular

KERALA
NATIONAL
എംഎൽഎയ്ക്ക് അപ്രഖ്യാപിത വിലക്ക്; കൊല്ലത്ത് സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ മുകേഷ് ഇല്ല