കന്യാകുമാരി എക്സ്പ്രസില്‍ വൈകീട്ട് 6.30 നാണ് പെണ്‍കുട്ടി ചെന്നൈയിലെത്തിയത്
തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്നും കാണാതായ തസ്മിത് ബീഗം ചെന്നൈയില്‍ എത്തിയതിന്‍റെ ദൃശ്യങ്ങൾ ആദ്യം പുറത്തുവിട്ട് ന്യൂസ് മലയാളം. പെണ്‍കുട്ടി ചെന്നൈ എഗ്മോര്‍ റെയില്‍വെ സ്റ്റേഷനില്‍ ആറാമത്തെ പ്ലാറ്റ്‍ഫോമില്‍ നില്‍ക്കുന്ന ദൃശ്യങ്ങളാണ് ന്യൂസ് മലയാളത്തിന് ലഭിച്ചത്. കന്യാകുമാരി എക്സ്പ്രസില്‍ വൈകീട്ട് 6.30 നാണ് പെണ്‍കുട്ടി ചെന്നൈയിലെത്തിയത്.
തസ്മിത് ആറാമത്തെ പ്ലാറ്റ്‍ഫോമില്‍ നിന്നും എവിടേക്കാണ് പോയതെന്ന് വ്യക്തമല്ല. തസ്മിത് അഞ്ചാമത്തെ പ്ലാറ്റ്‍ഫോമില്‍ നിന്നും ആറാമത്തെ പ്ലാറ്റ്‍ഫോമിലേക്ക് പോകുന്നതാണ് നിലവില്‍ ലഭിച്ച സിസിടിവി ദൃശ്യങ്ങളിലുള്ളത്. ഇവിടെ നിന്നും പെണ്‍കുട്ടി എവിടേക്കാണ് പോയതെന്ന് കണ്ടെത്താനായി ചെന്നൈ പൊലീസും ആർപിഎഫും മറ്റ് സിസിടിവി ക്യാമറകള്‍ പരിശോധിച്ചു വരികയാണ്.
ALSO READ: VIDEO | കാണാതായ തസ്മിത് കന്യാകുമാരി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി; എക്സ്ക്ലൂസീവ് ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന്
തസ്മിത്ത്, ഐലന്‍ഡ് ട്രെയിനില്‍ യാത്ര ചെയ്യുന്ന ദൃശൃങ്ങളും പൊലീസിന് ലഭിച്ചിരുന്നു. സൈബര്‍ പൊലീസിന്‍റെ പോസ്റ്റ് കണ്ട യാത്രക്കാരി ബബിതയാണ് പെണ്‍കുട്ടിയുടെ ചിത്രം പൊലീസിന് കൈമാറിയത്. കണിയാപുരം മുസ്ലീം ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ് തസ്മിത്. സഹോദരിയുമായി വഴക്കിട്ടതിന് തസ്മിതിനെ അമ്മ ശകാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടി വീട്ടിൽ നിന്ന് ഇറങ്ങി പോയത്. തുടർന്ന് കുടുംബം കഴക്കൂട്ടം പൊലീസിൽ പരാതി നൽകുകയായിരുന്നു. മൂന്ന് മാസം മുമ്പാണ് കുട്ടിയുടെ കുടുംബം തിരുവനന്തപുരത്തെത്തിയത്.