അപകടസമയത്ത് മുന്നൂറോളം പേരാണ് ക്ലബ്ബിലുണ്ടായിരുന്നത് എന്നാണ് റിപ്പോർട്ട്
ഡൊമിനിക്കൻ റിപ്പബ്ലിക്കില്‍ നിശാക്ലബിന്‍റെ മേല്‍ക്കൂര തകർന്നുവീണുണ്ടായ അപകടത്തിൽ മരണം 184 ആയി. 160 ഓളം പേർക്ക് പരിക്കേറ്റിറ്റുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. അപകടസമയത്ത് മുന്നൂറോളം പേരാണ് ക്ലബ്ബിലുണ്ടായിരുന്നത് എന്നാണ് റിപ്പോർട്ട്. ചൊവ്വാഴ്ച അര്‍ധരാത്രിയോട് കൂടിയാണ് അപകടം നടന്നത്.
കായിക താരങ്ങളും രാഷ്ട്രീയക്കാരുമുള്‍പ്പെടെ പങ്കെടുത്ത പരിപാടിയില്‍ നിരവധി പേരെ കാണാതായിട്ടുണ്ട്. മുന്‍ ലീഗ് ബേസ്‌ബോള്‍ പിച്ചര്‍ ഓക്ടാവിയോ ഡോട്ടെലും അപകടത്തില്‍ മരിച്ചുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.
മൊണ്ടെക്രിസ്റ്റിയുടെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയുടെ ഗവര്‍ണര്‍ നെല്‍സി ക്രൂസും അപകടത്തില്‍ മരിച്ചു. അപകടം നടന്ന സമയത്ത് ഗവര്‍ണര്‍ പ്രസിഡന്റ് ലൂയിസ് അബിനാഡറിനെ വിളിച്ച് അപകടത്തെക്കുറിച്ച് അറിയിച്ചുവെന്ന് പ്രഥമ വനിതാ റാക്വല്‍ അബ്രജെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
ഗായകന്‍ റൂബി പെരേസ് സ്റ്റേജില്‍ പാടിക്കൊണ്ടിരിക്കുന്ന സമയത്താണ് മേല്‍ക്കൂര ഇടിഞ്ഞ് വീഴുന്നതെന്ന് അപകടം നടക്കുന്ന സമയത്തെ ദൃശ്യങ്ങളില്‍ കാണാം. റൂബിയെ കണ്ടെത്താനായിട്ടില്ല. ഒപ്പമുണ്ടായിരുന്ന സാക്‌സോ ഫോണിസ്റ്റ് മരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 'എല്ലാം പെട്ടെന്നായിരുന്നു. ആദ്യം ഭൂമികുലുക്കമാണെന്നാണ് കരുതിയത്. ഞാന്‍ ഗ്രൗണ്ടിലേക്ക് വലിച്ചെറിയപ്പെട്ടു. എന്റെ തലയില്‍ എന്തൊക്കെയോ വന്നു വീണു,' പെരേസിന്റെ മാനേജര്‍ എന്‍ക്വി പൗളീനോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ദുരന്തത്തെത്തുടർന്ന് ഡൊമനിക്കൻ റിപ്പബ്ലിക്കൻ പ്രസിഡൻ്റ് ലൂയിസ് അബിനാദർ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. അദ്ദേഹം തന്റെ പ്രഥമ വനിത അർബാജെയോടൊപ്പം നിശാക്ലബ്ബിലേക്ക് പോകുകയും ഇരകളുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ചു. “ജെറ്റ് സെറ്റ് നൈറ്റ്ക്ലബിൽ ഉണ്ടായ ദുരന്തത്തിൽ ഞങ്ങൾ അഗാധമായി ഖേദിക്കുന്നു. എല്ലാ സുരക്ഷാ ഏജൻസികളും ആവശ്യമായ സഹായം നൽകുകയും രക്ഷാപ്രവർത്തനങ്ങളിൽ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ പ്രാർത്ഥനകൾ ദുരിതബാധിത കുടുംബങ്ങൾക്കൊപ്പമാണ്.” അബിനാദർ എക്‌സിൽ കുറിച്ചു.