fbwpx
"നോബി ലൂക്കോസിന് ജാമ്യം കൊടുക്കരുത്, വിദേശത്ത് ഒളിവിൽ പോകും"; ഏറ്റുമാനൂരിൽ അമ്മയും മക്കളും ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് റിപ്പോർട്ട്
logo

ന്യൂസ് ഡെസ്ക്

Last Updated : 24 Mar, 2025 07:27 PM

വിദേശത്ത് ജോലി ചെയ്യുന്ന പ്രതി ജാമ്യം കിട്ടിയാൽ വിദേശത്ത് ഒളിവിൽ പോകുമെന്നും, തിരികെ വരാൻ സാധ്യതയില്ലെന്നും പൊലീസ് റിപ്പോ‍ർട്ടിൽ വ്യക്തമാക്കുന്നു

KERALA


ഏറ്റുമാനൂരിൽ അമ്മയും മക്കളും ജീവനൊടുക്കിയ കേസിലെ പ്രതി നോബി ലൂക്കോസിന് ജാമ്യം കൊടുക്കരുതെന്ന് പൊലീസ്. ജാമ്യം കൊടുത്താൽ സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. വിദേശത്ത് ജോലി ചെയ്യുന്ന പ്രതി ജാമ്യം കിട്ടിയാൽ വിദേശത്ത് ഒളിവിൽ പോകുമെന്നും, തിരികെ വരാൻ സാധ്യതയില്ലെന്നും പൊലീസ് റിപ്പോ‍ർട്ടിൽ വ്യക്തമാക്കുന്നു.

പത്തും പതിനൊന്നും വയസ്സുള്ള രണ്ട് പെൺമക്കളുടെ മരണത്തിന് കാരണക്കാരൻ ആണ് പ്രതിയായ നോബി ലൂക്കോസ്. പണവും സ്വാധീനവും ഉള്ളതിനാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട്. മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമായതിനാൽ ജാമ്യം നൽകിയാൽ ജനങ്ങൾക്ക് നിയമവ്യവസ്ഥയിൽ നിരാശ ഉണ്ടാകും. സ്വന്തം മക്കളുടെ കാര്യങ്ങൾ പോലും നടത്താത്ത ക്രൂരമനസുള്ള ആളാണ് പ്രതി. പ്രതിക്ക് ജാമ്യം നിഷേധിച്ചാൽ സമൂഹത്തിൽ മറ്റ് നോബിമാർക്ക് പാഠമാകുമെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.


ALSO READ: ആറളം ഫാമിലെ വന്യജീവി ആക്രമണം: തടയാന്‍ സ്വീകരിച്ച നടപടിയില്ല, സര്‍ക്കാര്‍ സത്യവാങ്മൂലം തള്ളി ഹൈക്കോടതി


അമ്മയുടെയും മക്കളും ജീവനൊടുക്കിയ സംഭവത്തിൽ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റിലായ നോബി ലൂക്കോസ് കഴിഞ്ഞ ദിവസം വീണ്ടും ജാമ്യാപേക്ഷ നൽകിയിരുന്നു. കോട്ടയം ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്.

അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ ഷൈനിയും കുടുംബശ്രീ പ്രസിഡന്റുമായുള്ള ശബ്ദസന്ദേശം നേരത്തെ പുറത്തുവന്നിരുന്നു. കരിങ്കുന്നത്തെ കുടുംബശ്രീ വായ്പ തിരിച്ചടക്കാൻ വഴിയില്ലെന്ന് ഷൈനി കുടുംബശ്രീ പ്രസിഡന്റിനോട് പറയുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നത്.

ഭർത്താവ് പൈസ തരാത്തതിനാലാണ് തിരിച്ചടവ് മുടങ്ങിയതെന്ന് ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്. വിവാഹ മോചനക്കേസിൽ തീരുമാനമായ ശേഷമേ നോബി പണം തരൂ. സ്വന്തം ആവശ്യത്തിന് എടുത്ത വായ്പയല്ല. ഷൈനിയുടെ പേരിലെടുത്ത ഇൻഷുറൻസിൻ്റെ പ്രീമിയം പോലും നോബി അടക്കുന്നില്ല. വായ്പയെ കുറിച്ച് അറിയില്ലെന്ന് നോബിയുടെ അമ്മ പറഞ്ഞെന്ന് കുടുംബശ്രീ പ്രസിഡൻ്റിൻ്റെ മറുപടിയും ശബ്ദസന്ദേശത്തിൽ കേൾക്കാം.


ALSO READ: വാളയാര്‍ കേസ്: കുറ്റപത്രം റദ്ദാക്കണം, കേസില്‍ പ്രതിചേര്‍ത്ത CBI നടപടിക്കെതിരെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍


ഫെബ്രുവരി 28നാണ് പാറോലിക്കൽ സ്വദേശി ഷൈനിയും മക്കളായ അലീനയും(11), ഇവാനയും(10) മരിച്ചത്. തൊടുപുഴ സ്വദേശിയായ ഭർത്താവ് നോബി ലൂക്കോസുമായി വേർപിരിഞ്ഞ ഷൈനി കഴിഞ്ഞ ഒന്‍പത് മാസമായി സ്വന്തം വീട്ടിലാണ് താമസം. വിവാഹമോചന കേസ് നടന്നുകൊണ്ടിരിക്കെയാണ് അമ്മയും മക്കളും മരണത്തിന് കീഴടങ്ങിയത്. വിവാഹമോചനത്തിനായി പലതവണ നോട്ടീസ് അയച്ചിട്ടും നോബി അത് കൈപ്പറ്റിയില്ല. ഫെബ്രുവരി 17ന് കോടതിയിൽ വിളിച്ചിട്ടും നോബി എത്തിയില്ല. കേസ് നീണ്ടുപോകുകയാണെന്നും എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും ഷൈനി സുഹൃത്തിനയച്ച ഒരു സന്ദേശത്തിൽ പറയുന്നുണ്ട്. വിവാഹമോചനത്തിന് സമ്മതമല്ലെന്നും കുട്ടികൾക്ക് ചെലവിനുള്ള പണം നൽകില്ലെന്നും നോബി ഷൈനിയെ ഫോൺ ചെയ്ത് പറഞ്ഞതായി പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. നോബിയുടെ പെരുമാറ്റത്തിൽ ഷൈനി കടുത്ത സമ്മർദത്തിലായിരുന്നു.

പള്ളിയിലേക്കെന്ന് പറഞ്ഞായിരുന്നു ഷൈനി രണ്ട് മക്കളോടൊപ്പം വീട്ടിൽ നിന്നിറങ്ങിയത്. പിന്നാലെ ട്രെയിനിന് മുന്നിൽ നിന്ന് ജീവനൊടുക്കുകയായിരുന്നു. നിർത്താതെ ഹോൺ മുഴക്കി വന്ന ട്രെയിനിന് മുന്നിൽ നിന്നും മൂവരും മാറാൻ തയ്യാറായില്ലെന്ന് ലോക്കോ പൈലറ്റ് പറയുന്നു. നഴ്സായിരുന്ന ഷൈനിക്ക് ജോലി നഷ്ടമായിരുന്നു. ജോലിക്ക് ശ്രമിച്ചിട്ടും കിട്ടാത്തതിലുള്ള മനോവിഷമവും ഷൈനിയെ അലട്ടിയിരുന്നതായി ബന്ധുക്കൾ പറയുന്നു.


KERALA
ഒടുവിൽ കേസെടുത്ത് പൊലീസ്; പത്തനംതിട്ടയിൽ വയോധികയുടെ സ്വർണം നഷ്ടമായതിൽ വിശ്വാസ വഞ്ചന ചുമത്തി
Also Read
user
Share This

Popular

NATIONAL
KERALA
വഖഫ് മതപരമല്ല, അതൊരു ചാരിറ്റി; സര്‍ക്കാരിന്റെ ലക്ഷ്യം അഴിമതി അവസാനിപ്പിക്കലെന്ന് അമിത് ഷാ