എംജിആർ പോലും സ്വന്തമായി പാർട്ടി രൂപീകരിച്ചില്ല. ഡിഎംകെ പാർട്ടി വിഭജിച്ച് ഒരു വിഭാഗം മറ്റൊരു പാർട്ടി ആരംഭിക്കുകയായിരുന്നെന്നും ഭാരതി ചൂണ്ടിക്കാട്ടി
വിജയ് രാഷ്ട്രീയത്തിൽ വരുന്നതിൽ ആശങ്കയില്ലെന്ന് ഡിഎംകെ നേതാവ് ആർഎസ് ഭാരതി . എംജിആറിനെപ്പോലെയാകാൻ എല്ലാവർക്കും കഴിയില്ല. പല രാഷ്ട്രീയ പ്രതിസന്ധികളെയും തരണം ചെയ്ത പാർട്ടിയാണ് ഡിഎംകെയെന്നും ആർഎസ് ഭാരതി പറഞ്ഞു.
എംജിആർ പോലും സ്വന്തമായി പാർട്ടി രൂപീകരിച്ചില്ല. ഡിഎംകെ പാർട്ടി വിഭജിച്ച് ഒരു വിഭാഗം മറ്റൊരു പാർട്ടി ആരംഭിക്കുകയായിരുന്നെന്നും ഭാരതി ചൂണ്ടിക്കാട്ടി. 75 വർഷത്തെ പാരമ്പര്യമുണ്ട് ഡിഎംകെക്ക്. പല രാഷ്ട്രീയ കൊടുങ്കാറ്റുകളെയും പ്രതിസന്ധികളെയും തരണം ചെയ്ത പാർട്ടിയാണെന്നും ആർഎസ് ഭാരതി പറഞ്ഞു.
ALSO READ: 'വിജയക്കൊടി' പാറിക്കാന്‍ തമിഴക വെട്രി കഴകം; പാര്‍ട്ടിപ്പതാക നാളെ ഉയരും
കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജയ് തമിഴക വെട്രി കഴകമെന്ന പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. സിനിമ ജീവിതം അവസാനിപ്പിക്കുകയാണെന്നും സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്നും നടൻ വിജയ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം തമിഴകം വെട്രി കഴകം പാർട്ടിയുടെ പതാകയും ഗാനവും വിജയ് പുറത്തിറക്കിയിരുന്നു. പതാക പ്രകാശന ചടങ്ങിൽ വിജയ് സത്യവാചകം ചൊല്ലി. തമിഴ്നാടിന്റെ ക്ഷേമത്തിനായി തന്റെ പാർട്ടി നിലകൊള്ളുമെന്നും, ജാതിമത ഭേദമന്യേ സാധാരണക്കാർക്കുവേണ്ടി പ്രവർത്തിക്കുമെന്നും വിജയ് പറഞ്ഞു. എല്ലാവർക്കും തുല്യത എന്നതാണ് പാർട്ടി നയം. തമിഴ് ഭാഷയെ സംരക്ഷിക്കും. സാമൂഹ്യനീതി ഉറപ്പാക്കുമെന്നും, എല്ലാവർക്കും തുല്യ അവകാശം, തുല്യ അവസരം ഉറപ്പാക്കുമെന്നും വിജയ് പതാക പ്രകാശന ചടങ്ങിൽ പറഞ്ഞു.
ചുവപ്പും മഞ്ഞയും നിറങ്ങളിൽ ആനയുടെയും വാകപ്പൂവിൻ്റെയും ചിത്രങ്ങളുള്ള മാതൃകയിലാണ് വിജയുടെ തമിഴക വെട്രി കഴകം പാർട്ടിയുടെ പതാക. എസ് തമനാണ് വിജയുടെ പാർട്ടി ഗാനം സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. 2026ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുകയാണ് വിജയ്‌യുടെ തമിഴക വെട്രി കഴകം.