പിണറായി വിജയനു പുറമെ മകൾ വീണാ വിജയനും നോട്ടീസ് അയച്ചിട്ടുണ്ട്.
മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾ വീണാവിജയനുൾപ്പെടെയുള്ള എതിർകക്ഷികൾക്കും ഹൈക്കോടതി നോട്ടീസ്. അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പരാതി തള്ളിയ വിജിലൻസ് കോടതി ഉത്തരവിനെതിരെ കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എം.എൽ.എയുടെ റിവിഷൻ ഹരജിയിലാണ് ഹൈക്കോടതിയുടെ നോട്ടീസ് .
ഇല്ലാത്ത സേവനത്തിന് സി.എം.ആർ.എൽ കമ്പനി പ്രതിഫലം നൽകിയെന്ന സെറ്റിൽമെൻ്റ് ബോർഡ് കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ നൽകിയ ഹരജി തിരുവനന്തപുരം വിജിലൻസ് കോടതിയാണ് തള്ളിയത്. ഉത്തരവ് റദ്ദാക്കി പുനപരിശോധനക്കായി പരാതി വീണ്ടും വിജിലൻസ് കോടതിയുടെ പരിഗണനക്ക് തിരിച്ചയക്കണമെന്നാണ് ഹൈക്കോടതിയിൽ നൽകിയ ഹരജിയിലെ ആവശ്യം.
അന്വേഷണ ആവശ്യം തള്ളിയ വിജിലൻസ് കോടതി നടപടി തെറ്റാണെന്നാണ് ഹരജിയിലെ ആരോപണം. 27 രേഖകളടക്കം സമർപ്പിച്ച പരാതിയിൽ നിയമപരമായി സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ വിജിലൻസ് കോടതി പാലിച്ചിട്ടില്ല. പ്രാഥമിക ഘട്ടത്തിൽ കേസുമായി ബന്ധപ്പെട്ട വസ്തുതകൾ പരിശോധിക്കേണ്ടതില്ലെങ്കിലും കോടതി ഇതിന് തയാറായി.
ക്രിമിനൽ നടപടിച്ചട്ടങ്ങൾ പാലിക്കാതെയാണ് അന്വേഷണ ആവശ്യം തള്ളിയത്. സുപ്രീം കോടതി മാർഗ നിർദേശങ്ങൾക്ക് വിരുദ്ധമാണ് ഉത്തരവ്. കൈക്കൂലി നൽകിയതിനും അതിൻ്റെ സഹായം സി.എം.ആർ.എൽ കമ്പനിക്ക് ലഭിച്ചതിനും തെളിവുകൾ ഹാജരാക്കിയിട്ടും പരിഗണിച്ചില്ല. ഹരജി രാഷ്ട്രീയ പ്രേരിതമാണെന്ന കോടതിയുടെ കണ്ടെത്തൽ അനാവശ്യമാണെന്നും ഹരജിയിൽ പറയുന്നു. ജൂലൈയ് 2ന് ഹർജികൾ വീണ്ടും പരിഗണിക്കും.