കരീന കപൂര്‍ ഖാനായിരിക്കും ചിത്രത്തിലെ നായിക എന്നായിരുന്നു നേരത്തെ വന്ന വാര്‍ത്തകള്‍
ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത് യാഷ് നായകനായി എത്തുന്ന ടോക്‌സികില്‍ നയന്‍താരയും പ്രധാന കഥാപാത്രമായി എത്തുമെന്ന് സൂചന. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇക്കാര്യത്തെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും തന്നെ ചെയ്തിട്ടില്ല. എന്നാല്‍ ബോളിവുഡ് താരമായ അക്ഷയ് ഒബ്രോയ് ആണ് നയന്‍താര ചിത്രത്തിലുണ്ടെന്ന് സ്ഥിരീകരിച്ചത്. എന്നാല്‍ സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിടാന്‍ കഴിയില്ലെന്നാണ് അക്ഷയ് പറഞ്ഞത്.
ഡിജിറ്റല്‍ കമന്‍ട്രിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് സംസാരിച്ചത്. 'ഞാന്‍ ഇപ്പോള്‍ യാഷിന്റെ ടോക്‌സികില്‍ അഭിനയിക്കുകയാണ്. നയന്‍താരയും സിനിമയുടെ ഭാഗമാണ്. സിനിമയിലെ അഭിനേതാക്കളെ കുറിച്ച് കൂടുതല്‍ പറയാന്‍ ഞാന്‍ താത്പര്യപ്പെടുന്നില്ല കാരണം അണിയറ പ്രവര്‍ത്തകര്‍ക്ക് അത് ഇഷ്ടപ്പെടണമെന്നില്ല. പിന്നെ എനിക്ക് ഗീതു മോഹന്‍ദാസിനെ ഒരുപാട് ഇഷ്്ടമാണ്. അവരാണ് സിനിമയുടെ സംവിധായിക', എന്നാണ് അക്ഷയ് പറഞ്ഞത്.
കരീന കപൂര്‍ ഖാനായിരിക്കും ചിത്രത്തിലെ നായിക എന്നായിരുന്നു നേരത്തെ വന്ന വാര്‍ത്തകള്‍. പിന്നീട് അത് നയന്‍താരയായി എന്ന വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും വന്നിട്ടില്ല.
ജനുവരി 8നാണ് അണിയറ പ്രവര്‍ത്തകര്‍ ടോക്‌സികിന്റെ ടീസര്‍ പുറത്തുവിട്ടത്. അതില്‍ നിന്ന് യാഷിന്റെ കഥാപാത്രത്തെ കുറിച്ച് ഒരു ഏകദേശ ധാരണ ലഭിച്ചിരുന്നു. ചിത്രത്തില്‍ കിയാര അദ്വാനി, താര സുതാര്യ, ശ്രുതി ഹാസന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാണെന്നാണ് സൂചന.
ടോക്‌സിക് 2025 ഏപ്രില്‍ 10ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ റിലീസ് തിയതി ഇപ്പോള്‍ നീട്ടിവെച്ചിരിക്കുകയാണ്. അടുത്തിടെ ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ യാഷ് സിനിമ ഈ വര്‍ഷം തന്നെ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നു.