ഖത്തറിലെ മായാജാലം കണ്ട് കൊതിതീരാത്തവര്‍ക്കും കേരളത്തിലേക്ക് സ്വാഗതം. ലോകചാംപ്യന്മാരുടെ പകിട്ടുമായി നീലപ്പട കേരളത്തിലെത്തും. നയിക്കാന്‍ സൂപ്പര്‍താരം ലയണല്‍ മെസിയുമുണ്ടാകും
അര്‍ജന്റീന ആരാധകര്‍ക്കും ഇന്ത്യയിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്കും ഇനി കാത്തിരിപ്പിന്റെ നാളുകള്‍. ഖത്തറിലെ മായാജാലം കണ്ട് കൊതിതീരാത്തവര്‍ക്കും കേരളത്തിലേക്ക് സ്വാഗതം. ലോകചാംപ്യന്മാരുടെ പകിട്ടുമായി നീലപ്പട കേരളത്തിലെത്തും. നയിക്കാന്‍ സൂപ്പര്‍താരം ലയണല്‍ മെസിയുമുണ്ടാകും.
കൊച്ചിയിലെ ആരാധകര്‍ക്ക് മുന്നില്‍ രണ്ട് മത്സരങ്ങളില്‍ അര്‍ജന്റീന കളിക്കും. മെസി വരുമെന്ന വാക്കുകള്‍ വെറും തള്ളെന്ന് മാത്രം പറഞ്ഞ് അധിക്ഷേപിച്ചവര്‍ക്ക് മുന്നില്‍ ആ ലക്ഷ്യത്തിലേക്ക് ഓരോ ചുവടും വച്ച് മുന്നോട്ടുപോയ കായികമന്ത്രി വി.അബ്ദുറഹ്‌മാന് ഈഘട്ടത്തില്‍ അഭിമാനിക്കാം. സ്‌പെയിനിലെത്തി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധികളെ നേരിട്ട് കണ്ടാണ് കേരളത്തിലേക്ക് കായികമന്ത്രി ക്ഷണിച്ചത്. പിന്നീട് കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള അനുമതിക്കുള്ള നീക്കം.
അര്‍ജന്റീന ടീമിന്റെ സന്ദര്‍ശനത്തിന് വിദേശകാര്യമന്ത്രാലയത്തിന്റെയും മത്സരത്തിന് കായികമന്ത്രാലയത്തിന്റെയും അനുമതി കേരളത്തിന് ലഭിച്ചു. പ്രതിഫലം കൈമാറാന്‍ റിസര്‍വ് ബാങ്കും അനുമതി നല്‍കി. അപ്പോഴും ചോദ്യം മെസിയുണ്ടാകുമോ ടീമിനൊപ്പം എന്നതായിരുന്നു. ഒടുവില്‍ അര്‍ജന്റീന ടീമിന്റെ ഇന്ത്യയിലെ സ്‌പോണ്‍സര്‍മാരായ HSBC ബാങ്കും എഎഫ്എയും ഔദ്യോഗികവാര്‍ത്താക്കുറിപ്പിലൂടെ ആ ചോദ്യത്തിനും ഉത്തരം നല്‍കി.
ALSO READ: ഒക്ടോബറില്‍ മിശിഹാ കേരളത്തിലെത്തും; ഉറപ്പ് പറഞ്ഞ് സ്‌പോണ്‍സര്‍മാര്‍
എതിരാളികള്‍ ആരെന്നതാണ് ഇനിയുള്ള ചോദ്യം. കരുത്തുറ്റ എതിരാളികളെ തന്നെയെത്തിക്കാന്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ അസോസിയേഷനുമായി ചര്‍ച്ചയിലാണ് സംസ്ഥാന കായികവകുപ്പ്. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മെസ്സി ഇന്ത്യയില്‍ കളിക്കാനെത്തുന്നത്. 2011ല്‍ വെനസ്വേലയ്‌ക്കെതിരെ മെസി കളത്തിലിറങ്ങുമ്പോള്‍ ഒരു ചരിത്രനിയോഗമുണ്ടായിരുന്നു.
ALSO READ: ബ്യൂണസ് ഐറിസിൽ ഗോൾമഴ; കാനറികളെ പൊരിച്ച് 2026 ലോകകപ്പിന് യോഗ്യത നേടി അർജൻ്റീന
ഇതിഹാസതാരം മറഡോണയടക്കം അണിഞ്ഞ അര്‍ജന്റീനയുടെ ക്യാപ്റ്റന്‍ ആംബാന്‍ഡ് മെസി ആദ്യമായി ധരിച്ച മത്സരം. പിന്നീട് മെസിക്ക് കീഴില്‍ അര്‍ജന്റീനയുടെ കിരീടത്തിനായുള്ള പോരാട്ടങ്ങള്‍. പലതവണ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട സ്വപ്നം ഒടുവില്‍ ഒന്നൊന്നായി നേടി ഖത്തറില്‍ ലോകകിരീടവും കൈയ്യടക്കിയ ആവേശത്തിലാണ് അര്‍ജന്റീന സംഘം. കിരീടം നിലനിര്‍ത്താനിറങ്ങുന്ന മെസിക്കും പടയ്ക്കും ആത്മവിശ്വാസം നല്‍കാന്‍ കേരളത്തിലെ കാണികളുടെ ആവേശം മതിയാകും.
ALSO READ: ചിറകുവിരിച്ച് നീലപ്പട; 2026 ലോകകപ്പിന് യോഗ്യത നേടി മെസ്സിയുടെ അർജൻ്റീന
ഖത്തര്‍ ലോകകപ്പിനിടെ കേരളത്തിലെ കാണികളുടെ ആവേശത്തെ പ്രത്യേകം പരാമര്‍ശിച്ചാണ് അര്‍ജന്റീന നന്ദിയറിയിച്ചത്. ലോകത്തിന് മുന്നില്‍, ലോകഫുട്‌ബോളിലെ വമ്പന്‍ രാജ്യങ്ങള്‍ക്ക് മുന്നില്‍ നാടിനെ അടയാളപ്പെടുത്താനുള്ള അവസരമാണ് കേരളത്തിലെ ആരാധകര്‍ക്ക്. ഇന്ത്യയുടെ തെക്കേയറ്റത്ത് ഫുട്‌ബോളിനെ ജീവന് തുല്യം സ്‌നേഹിക്കുന്ന അര്‍ജന്റീനയും ബ്രസീലും പോര്‍ച്ചുഗലും സ്‌പെയിനും ഇംഗ്ലണ്ടും ഇറ്റലിയും ജര്‍മ്മനിയുമെല്ലാം ഹൃദയത്തിനുള്ളിലുണ്ടെന്ന് ആവേശത്തോടെ പറയുന്ന ഫുട്‌ബോള്‍ ആരാധകരെ പുറംലോകത്ത് അറിയിക്കാനുള്ള അവസരം.
തകര്‍ന്നു നില്‍ക്കുന്ന ഇന്ത്യന്‍ ഫുട്‌ബോളിന് ആരാധകരില്ലാത്തതല്ല, അടിസ്ഥാന സൗകര്യങ്ങളാണ് വേണ്ടതെന്ന് അധികാരികളെ ഓര്‍മപ്പെടുത്താനുള്ള അവസരം. അതിനേക്കാളുപരി ഫുട്‌ബോള്‍ മനുഷ്യന്റെ ആവേശത്തിന്റെ അവസാനവാക്കെന്ന് വിശ്വസിക്കുന്നവര്‍ക്ക് ആനന്ദിക്കാനുള്ള അവസരം. മെസി വരും പന്താട്ടം നടത്തും മായാജാലം തുടരും. സുസ്വാഗതം അര്‍ജന്റീന...