പൊതു ജനങ്ങൾക്ക് ജൂലൈ ഏഴ് വരെ ഇതുസംബന്ധിച്ച് തീരുമാനമറിയിക്കാം
മെഡിക്കൻ പ്രവേശനത്തിനുള്ള നീറ്റ്-യുജി പരീക്ഷകളുടെ നടത്തിപ്പിലെ നിരവധി ക്രമക്കേടുകൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ പരിഷ്കരിക്കുന്നതിന് വിദ്യാർഥികളിൽ നിന്നും മാതാപിതാക്കളിൽ നിന്നും നിർദേശങ്ങൾ തേടി ഏഴംഗ സമിതി. മുൻ ഐ.എസ്.ആര്‍.ഒ ചെയർമാൻ ഡോ. കെ രാധകൃഷ്ണൻ നേതൃത്വം നൽകുന്ന സമിതി നിർദേശങ്ങളും അഭിപ്രായങ്ങളും പ്രത്യേക വെബ്സൈറ്റ് വഴിയാണ് സ്വീകരിക്കുക. https://innovateindia.mygov.in/examination-reforms-nta/ വഴിയാണ് വിവരങ്ങൾ അറിയിക്കേണ്ടത്. പൊതു ജനങ്ങൾക്ക് ജൂലൈ ഏഴ് വരെ ഇതുസംബന്ധിച്ച് തീരുമാനമറിയിക്കാം.
അതേസമയം, നീറ്റ് ചോദ്യപേപ്പർ ചോർച്ച സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം തള്ളിയതോടെ ലോക്സഭയിൽ ബഹളമുണ്ടായി. തുടർന്ന് തിങ്കളാഴ്ച വരെ സഭ നിർത്തിവച്ചു. ഇനി ചൊവ്വാഴ്ച സഭ വീണ്ടും സമ്മേളിക്കും. കോൺഗ്രസ് എംപിമാരായ സയീദ് നസീർ ഹുസൈനും, രഞ്ജിത്ത് രഞ്ജനുമാണ് നീറ്റ് വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ നോട്ടീസ് നൽകിയത്. എന്നാൽ അനുമതി നിഷേധിക്കുകയും രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം നന്ദി പ്രമേയ ചർച്ചയിലേക്ക് കടന്നതോടെയുമാണ് പ്രതിപക്ഷം ബഹളവുമായി രംഗത്തെത്തിയത്.
തങ്ങളുടെ ഭാവിയെക്കുറിച്ചുള്ള രാജ്യത്തെ വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും ആശങ്ക ഇല്ലാതാക്കാൻ ഭരണപക്ഷവും, എല്ലാ പ്രതിപക്ഷ പാർട്ടികളും ചേര്‍ന്ന് വ്യക്തമായ സന്ദേശം നല്‍കേണ്ട സമയമാണ് ഇതെന്നും മറ്റ് നടപടികള്‍ മാറ്റിവെച്ച് ഈ വിഷയം ചര്‍ച്ചയ്ക്ക് എടുക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗ് നീറ്റ് വിഷയം രാജ്യസഭയിലും ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
ഇന്ന് സഭ ആരംഭിച്ചപ്പോൾത്തന്നെ ഇതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസ് എംപി കെസി വേണുഗോപാൽ അടിയന്തര പ്രമേയം സമർപ്പിച്ചിരുന്നു. എന്നാൽ നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ തനിക്ക് 22 നോട്ടീസുകൾ ലഭിച്ചിട്ടുണ്ടെന്നും വിവാദത്തിൽ നിയുക്ത അന്വേഷണം ഉണ്ടാകുമെന്ന് രാഷ്ട്രപതിയുടെ പ്രസംഗത്തിൽ സൂചിപ്പിച്ചിട്ടുണ്ടെന്നും പറഞ്ഞ് സ്പീക്കർ ഓം ബിർള സഭ 12 മണി വരെ നിർത്തിവച്ചിരുന്നു.