വനിതാ സംവരണ നിയമം മുതൽ തലാഖ് നിരോധനം വരെയുള്ള സുപ്രധാന ബില്ലുകൾ ലോക്‌സഭ പാസാക്കിയത് ബിർള സ്‌പീക്കറായിരുന്ന കാലത്തായിരുന്നു.
എം.എ അയ്യങ്കാറിനും ജി.എസ് ധില്ലനും ജി.എം.സി ബാലയോഗിക്കു ശേഷം സ്പീക്കർ പദവയിൽ തുടർച്ച ലഭിക്കുകയാണ് ഓം ബിർളയ്ക്ക്. രണ്ടാം നരേന്ദ്ര മോദി സർക്കാരിലെ പ്രമുഖരെല്ലാം അതതു വകുപ്പുകളിൽ തുടരാനുള്ള തീരുമാനം മാത്രമല്ല ബിർളയ്ക്ക് അനുകൂലമായത്. പ്രതിപക്ഷ കടന്നാക്രമണങ്ങളെ ചിരികൊണ്ടു നേരിടുന്ന മെയ് വഴക്കം കൂടിയാണ് ബിർളയെ ബിജെപിക്ക് പ്രിയങ്കരനാക്കിയത്.
ബിർള ഇങ്ങനെ കടന്നുവരുന്നത് ചരിത്രത്തിലേക്കാണ്. ഇതിനു മുൻപ് നിരവധി സർക്കാരുകൾക്ക് ഭരണതുടർച്ച ലഭിച്ചെങ്കിലും മൂന്ന് സ്പീക്കർമാർക്കു മാത്രമാണ് പിന്തുടർച്ച ലഭിച്ചത്. രണ്ടാം സ്പീക്കർ എം.എ അയ്യങ്കാർ, അടിയന്തരാവസ്ഥയിലെ ജി.എസ് ധില്ലൻ, പിന്നെ 1998ലും 1999ലും വാജ്പേയി മന്ത്രിസഭകളിൽ സ്പീക്കർ ആയ ജി.എം.സി ബാലയോഗി. 2019ൽ ബിർള പദവിയേൽക്കുമ്പോൾ പ്രതിപക്ഷം ദുർബലമായിരുന്നെങ്കിലും വിവാദങ്ങൾക്ക് ഒട്ടും കുറവുണ്ടായില്ല.
രാഹുൽ ഗാന്ധിയേയും മഹുവ മൊയ്ത്രയേയും അയോഗ്യരാക്കിയ തീരുമാനം. നിരവധി പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്തത്. അതിലേറെ അച്ചടക്ക നടപടികൾ. സംഘർഷഭരിതമായിരുന്ന അക്കാലത്തു നിന്ന് അതീവ സങ്കീർണമായ സാഹചര്യങ്ങളിലാണ് മൂന്നാം നരേന്ദ്ര മോദി സർക്കാരിന്‍റെ ലോക്സഭ. അവിടെയാണെങ്കിൽ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും ചന്ദ്രശേഖർ ആസാദും മഹുവാ മൊയ്ത്രയും അഭിഷേക് ബാനർജിയും എല്ലാമുള്ള പ്രതിപക്ഷം. ശക്തരിൽ ശക്തരായ പ്രതിപക്ഷത്തെ നേരിടാൻ ചിരി ആയുധമാക്കിയ ബിർളയിലേക്ക് തന്നെ തെരഞ്ഞെടുപ്പ് നീളുകയായിരുന്നു.
വിദ്യാർഥി നേതാവായി രാഷ്ട്രീയ ജീവിതത്തിന് തുടക്കമിട്ട ബിർള 2003, 2008, 2013 വർഷങ്ങളിൽ രാജസ്ഥാൻ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ രാഷ്ട്രിയത്തിൽ ട്വിസ്റ്റുണ്ടാക്കിയ 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ആധിപത്യമുണ്ടായിരുന്ന കോട്ട മണ്ഡലം ബിജെപിക്ക് വേണ്ടി പിടിച്ചെടുത്തു. 2019ൽ അവിടെ നേടിയ വമ്പൻ ഭൂരിപക്ഷം തന്നെയാണ് ഓം ബിർളയെ സ്പീക്കർ സ്ഥാനത്തേക്ക് എത്തിച്ചത്.
2024ൽ ഭൂരിപക്ഷം കുറഞ്ഞെങ്കിലും മറ്റൊരു മുഖം നേതൃത്വത്തിനു മുന്നിൽ ഉണ്ടായിരുന്നില്ല. പ്രതിപക്ഷത്തെ ഓരോ നേതാവിന്‍റെയും നീക്കങ്ങൾ അറിയുന്ന ഓം ബിർളയിലേക്കു തന്നെ തീരുമാനങ്ങൾ എത്തി. വനിതാ സംവരണ നിയമം മുതൽ തലാഖ് നിരോധനം വരെയുള്ള സുപ്രധാന ബില്ലുകൾ ലോക്‌സഭ പാസാക്കിയത് ബിർള സ്‌പീക്കറായിരുന്ന കാലത്തായിരുന്നു. ഇനി ബിർളയ്ക്കു മുന്നിലുള്ളത് ഓരോ ബില്ലുകളേയും നഖശിഖാന്തം എതിർക്കാൻ കെൽപ്പുള്ള പ്രതിപക്ഷമാണ്.