എച്ച്ഐവി ബാധിതനായ ഒരാള്‍ക്ക് ജീവിതത്തില്‍ ഒരിക്കലും പൂര്‍ണമായും അതില്‍ നിന്ന് ഒരു മടങ്ങി പോക്കില്ല
മനുഷ്യനെ കാന്‍സറോളം ഭയപ്പെടുത്തുന്ന മറ്റൊരു രോഗാവസ്ഥ എയ്ഡ്‌സ് ആണ്. സാധാരണ ജീവിതത്തിലേക്ക് ഒരു മടങ്ങിപ്പോക്ക് തരാത്ത രോഗമാണോ എയ്ഡ്‌സ്? ഇന്ന് ഡിസംബര്‍ ഒന്ന് ലോക എയ്ഡ്‌സ് ദിനമായി ആചരിക്കുമ്പോള്‍ ആഗോള തലത്തില്‍ എച്ച്.ഐ.വി വൈറസിന്റെ വ്യാപനം തടയാനുള്ള പരിശ്രമത്തിലാണ് അധികൃതർ.
കേരളവും ലോകത്തിന് തന്നെ മാതൃകയാകുന്ന തരത്തില്‍ എയ്ഡ്‌സ് രോഗികളുടെ എണ്ണം പൂജ്യത്തിലെത്തിക്കാനുള്ള ലക്ഷ്യത്തിലേക്കാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. 2030 ഓടെ പുതിയ എച്ച്ഐവി അണുബാധ ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യം.'ഒന്നായ് പൂജ്യത്തിലേക്ക്' എന്നതാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കിയിട്ടുണ്ട്.
എച്ച്‌ഐവിയും എയ്ഡ്‌സും തമ്മിലുള്ള വ്യത്യാസം
എയ്ഡ്‌സ് എന്ന രോഗത്തിന് കാരണമാകുന്ന വൈറസാണ് എച്ച് ഐവി ( ഹ്യൂമണ്‍ ഇമ്മ്യൂണോഡെഫിഷ്യന്‍സി വൈറസ്). എച്ച്ഐവി മനുഷ്യ ശരീരത്തില്‍ എത്തി സെല്ലുകളെ ആക്രമിച്ച് ഇന്‍ഫെക്ഷന്‍ ഉണ്ടാക്കുന്നു. എച്ച്ഐവി തുടക്കത്തില്‍ തന്നെ തിരിച്ചറിയുകയും ട്രീറ്റ്‌മെന്റ് എടുക്കുകയും ചെയ്താല്‍ എയിഡ്‌സ് എന്ന സ്റ്റേജിലേക്ക് എത്താതെ സൂക്ഷിക്കാനാകും. എച്ച്ഐവി ബാധിതനായ ഒരാള്‍ക്ക് ജീവിതത്തില്‍ ഒരിക്കലും പൂര്‍ണമായും അതില്‍ നിന്ന് ഒരു മടങ്ങി പോക്കില്ല. എന്നാല്‍ ഇന്ന് എച്ച് ഐവിക്ക് ഫലപ്രദമായ ചികിത്സ നല്‍കാന്‍ കഴിയുന്ന നിലയിലേക്ക് വൈദ്യ ശാസ്ത്രം വളർന്നിട്ടുണ്ട്.
എച്ച്ഐവി വൈറസ് ഒരാളുടെ ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ ആദ്യത്തെ കുറച്ചു മാസങ്ങളില്‍ പലര്‍ക്കും ലക്ഷണങ്ങളൊന്നും തന്നെ പ്രകടമാക്കില്ല. എന്നാല്‍ ചിലര്‍ക്ക് പനി, തലവേദന, ശരീരത്തില്‍ തിണര്‍ത്തതു പോലുള്ള പാടുകള്‍, തൊണ്ടയില്‍ കരകരപ്പ് തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടേക്കാം.
എച്ച്ഐവിക്ക് പ്രധാനമായും മൂന്ന് സ്റ്റേജുകളുണ്ടെന്നാണ് കണക്കാക്കുന്നത്. ആദ്യത്തെ സ്‌റ്റേജ് അക്യൂട്ട് എച്ച്ഐവിയാണ്. രണ്ടാമത്തേത് ക്രോണിക്ക് സ്‌റ്റേജ്/ക്ലിനിക്കല്‍ ലാറ്റന്‍സിയാണ്. മൂന്നാമത്തെ സ്‌റ്റേജാണ് എയ്ഡ്‌സ്.
എച്ച് ഐ വി പകരുന്നതെങ്ങനെ?
രക്തം, ശുക്ലം, യോനീസ്രവം, മുലപ്പാല്‍ തുടങ്ങിയ ശരീര സ്രവങ്ങളിലൂടെയാണ് എച്ച്‌ഐവി ഒരാളുടെ ശരീരത്തിലേക്ക് പ്രവേശിക്കുന്നത്. രോഗബാധിതനായ ഒരു വ്യക്തിയുമായി സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് വഴിയോ, ഒന്നിലധികം തവണ ഉപയോഗിച്ച സിറിഞ്ച് കുത്തുന്നത് വഴിയോ രോഗബാധിതയായ ഗര്‍ഭിണിയില്‍ നിന്ന് കുഞ്ഞിലേക്കോ രോഗം പകരാം. സുരക്ഷിതമല്ലാത്ത സൂചി ഉപയോഗിച്ച് ടാറ്റൂ ചെയ്യുന്നതും രോഗബാധയ്ക്ക് കാരണമായേക്കാം.
എച്ച്ഐവിയുടെ ഏറ്റവും അവസാനത്തെ സ്‌റ്റേജാണ് എയ്ഡ്‌സ്. ശരീരത്തിന്റെ പ്രതിരോധം മുഴുവന്‍ നശിക്കുന്ന സാഹചര്യം കൂടിയാണ് എയ്ഡ്‌സ്. കൃത്യമായ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുക എന്നത് തന്നെയാണ് രോഗത്തെ തടയാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം. ശാരീരിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ കോണ്ടം ഉപയോഗിക്കുക, ഒരു തവണ ഉപയോഗിച്ച സിറിഞ്ചുകള്‍ വീണ്ടും ഉപയോഗിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്.