ഇതിനിടെ മത്സരിക്കാൻ സന്നദ്ധത അറിയിച്ച് കെപിസിസി സോഷ്യൽ മീഡിയാ കോ- ഓർഡിനേറ്റർ പി. സരിനും രംഗത്തെത്തിയിട്ടുണ്ട്.
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ യുഡിഎഫ് സ്ഥാനാർഥിയാക്കാനുള്ള നീക്കത്തിൽ എതിർപ്പ് ശക്തമാകുന്നു. ജില്ലയിൽ നിന്നുള്ളവരെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ജില്ലാ നേതാക്കൾ സംസ്ഥാന നേതൃത്വത്തെ സമീപിച്ചു. ഇതിനിടെ മത്സരിക്കാൻ സന്നദ്ധത അറിയിച്ച് കെപിസിസി സോഷ്യൽ മീഡിയാ കോ- ഓർഡിനേറ്റർ പി. സരിനും രംഗത്തെത്തിയിട്ടുണ്ട്.
തൻ്റെ പിൻഗാമിയായി രാഹുൽ മാങ്കൂട്ടത്തലിനെ സ്ഥാനാർഥിയാക്കാനുള്ള ഷാഫി പറമ്പിലിൻ്റെ നീക്കത്തിനെതിരെയാണ്, പാലക്കാട്ടെ കോൺഗ്രസ് നേതാക്കൾക്കുള്ളിൽ അമർഷം പുകയുന്നത്. കഴിഞ്ഞ തവണ കഷ്ടിച്ച് രക്ഷപ്പെട്ട സീറ്റിൽ, കൂടുതൽ ജനകീയനായ നേതാവിനെയോ ജില്ലയിലെ നേതാക്കളെയോ പരിഗണിക്കണിക്കമെന്നാണ് ആവശ്യം. കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനർ പി. സരിൻ, വി.ടി. ബൽറാം എന്നിവരുടെ പേരുകൾക്കൊപ്പം കെ. മുരളീധരനെ കൊണ്ടുവരണമെന്നും ആവശ്യമുണ്ട്.
കഴിഞ്ഞ രണ്ടു തവണയും സിപിഎമ്മിൽ നിന്നുള്ള ക്രോസ് വോട്ട് കൊണ്ടാണ് ജയിച്ചതെന്നും, അതുകൊണ്ടുതന്നെ കടുത്ത പിണറായി വിരുദ്ധനായ രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കിയാൽ, പുറമേ നിന്നുള്ള വോട്ട് കിട്ടാൻ സാധ്യത കുറവാകുമെന്നും എതിർപക്ഷത്തുള്ളവർ പറയുന്നു. ഡിസിസി പ്രസിഡന്റുൾപ്പെടെ ജില്ലയിലെ മുതിർന്ന നേതാക്കൾ ഇക്കാര്യം വി.ഡി. സതീശനെ അറിയിച്ചു കഴിഞ്ഞു.
മത്സരിക്കാനുള്ള സന്നദ്ധത കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ പി. സരിൻ അറിയിച്ചിട്ടുണ്ട്. വി.ഡി. സതീശനോടും, സരിൻ തൻ്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ആര് സ്ഥാനാർഥിയായാലും രാഹുൽ മാങ്കൂട്ടത്തിലിനെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് യൂത്ത് കോൺഗ്രസിലെ ഷാഫിവിരുദ്ധ പക്ഷവുമുള്ളത്. അഭിപ്രായം പരിഗണിക്കാതെ രാഹുലിനെ സ്ഥാനാർഥിയാക്കിയാൽ റിബൽ സ്ഥാനാർഥിയെ നിർത്താനുൾപ്പെടെ ആലോചനയുണ്ട്.