നിയമസഭയിൽ അംഗനവാടി ടീച്ചർമാരുടെ സമരത്തിലാണ് നജീബ് കാന്തപുരം നൽകിയ അടിയന്തര പ്രമേയ നോട്ടീസ് നൽകിയതെങ്കിലും സഭ പ്രക്ഷുബ്ധമായത് പ്രധാനമായും ആശ സമരത്തെച്ചൊല്ലി. ഈ സമരത്തെ തള്ളിക്കളഞ്ഞാൽ സിപിഐഎം മുതലാളി വർഗ്ഗ പാർട്ടിയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടങ്ങി 39ാം ദിവസം ആശ വർക്കർമാർ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. ഇന്നലെ ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പട്ടതോടെയാണ് സമരസമിതി നിരാഹാര സമരം തുടങ്ങാൻ തീരുമാനിച്ചത്. ആശമാരുടെ ആവശ്യങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രിയെ അറിയിക്കാൻ മന്ത്രി വീണാജോർജ് ഡൽഹിയിൽ എത്തി. ആശമാരുടെ സമരത്തെച്ചൊല്ലി നിയമസഭ പ്രക്ഷുബ്ധമായി. സമരത്തെച്ചൊല്ലി ഭരണ പ്രതിപക്ഷ വാക്പോരും തുടരുകയാണ്.
വൈകാരികമായ വാക്കുകളിലാണ് ആശമാരുടെ നിരാഹാര സമരം സംസ്ഥാന ദുരന്ത നിവാരണ മാനേജ്മെൻറ് സെൻറർ മുൻ മേധാവി കെ.ജി.താര ഉദ്ഘാടനം ചെയ്തത്. ശേഷം സമരം ചെയ്യുന്നവർക്ക് ഐക്യദാർഢ്യപ്രതീകമായി മരത്തൈ കൈമാറി.ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടി എം.എ.ബിന്ദു, തങ്കമണി,ഷിജ എന്നിവരാണ് ആദ്യഘട്ടത്തിൽ നിരാഹാരമിരിക്കുന്നത്. പ്രതിഫലം 21,000 ആയി ഉയർത്തണം, വിരമിക്കൽ ആനുകൂല്യങ്ങൾ അനുവദിക്കണം എന്നിവയുൾപ്പെടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ല എന്നുറച്ചാണ് സമരക്കാർ.
ഇന്നലത്തെ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദയെ കാണാൻ മന്ത്രി വീണാ ജോർജ് ഡെൽഹിയിലെത്തി. സംസ്ഥാനം ഓണറേറിയം വർധിപ്പിച്ചാൽ മതി കേന്ദ്രം ഇൻസെൻ്റീവ് വർധിപ്പിക്കേണ്ട എന്ന നിലപാടിൽ രാഷ്ട്രീയമുണ്ടെന്ന് മന്ത്രി പറഞ്ഞു.കേന്ദ്രമന്ത്രിയെ നേരിൽ കാണാൻ സാധിച്ചാൽ വിഷയങ്ങൾ നേരിട്ടറിയിക്കുമെന്നും അല്ലെങ്കിൽ നിവേദനം കൈമാറി മടങ്ങുമെന്നും വീണാ ജോർജ് പറഞ്ഞു.
നിയമസഭയിൽ അംഗനവാടി ടീച്ചർമാരുടെ സമരത്തിലാണ് നജീബ് കാന്തപുരം അടിയന്തര പ്രമേയ നോട്ടീസ് നൽകിയതെങ്കിലും സഭ പ്രക്ഷുബ്ധമായത് പ്രധാനമായും ആശ സമരത്തെച്ചൊല്ലി. ഈ സമരത്തെ തള്ളിക്കളഞ്ഞാൽ സിപിഐഎം മുതലാളി വർഗ്ഗ പാർട്ടിയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.സമരം ചെയ്യുന്നവരെ ആട്ടിപ്പായിക്കലാണ് സർക്കാരിൻ്റെ ജോലിയെന്നായിരുന്നു നജീബ് കാന്തപുരത്തിൻ്റെ ആക്ഷേപം.
സ്ത്രീകൾ എന്ന പരിഗണന പോലും ഇല്ലാതെ സമരക്കാരെ സർക്കാർ അടിച്ചൊതുക്കുകയാണ്. ആശാവർക്കർമാരെ പറ്റി പറയുമ്പോൾ എന്തിനാണ് ഭരണപക്ഷത്തിന് അസഹിഷ്ണുതയെന്ന് ചോദിച്ച എംഎൽഎ, സർക്കാർ പിഎസ്‌സി അംഗങ്ങൾക്കും കെ.വി. തോമസിന്റെയും കയ്യിൽ നോട്ട് കെട്ടുകൾ വെച്ചു കൊടുക്കുന്ന തിരക്കിലാണെന്നും പറഞ്ഞു.
ഒരു വിരല്‍ ചൂണ്ടുമ്പോള്‍ നാല് വിരല്‍ തിരിച്ച് ഉണ്ടാകുമെന്ന് മറക്കരുതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. സമരത്തോട് ഐഎന്‍ടിയുസിയുടെ നിലപാട് എന്താണെന്നും അദ്ദേഹം ചോദിച്ചു. അതിനിടെ ഈ സമരം പൊളിക്കണമെന്നാണ് മുഖ്യമന്ത്രി ആഗ്രഹിക്കുന്നതെന്ന വിമർശനവുമായി കെ.മുരളീധരൻ രംഗത്തെത്തി.